ഖുർആൻ വെളിപ്പെടുത്തിക്കിട്ടിയ മാസമായ റമദാനിൽ മുസ്ലിം സഹോദരങ്ങൾ നോമ്പ് നോറ്റും ഖുർആൻ പാരായണം ചെയ്തും ദൈവികതയുടെ തങ്ങളിലേക്കുള്ള വരവ് ആചരിക്കുന്നു. ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന പ്രബലമായ മുസ്ലിം ന്യൂനപക്ഷത്തിെൻറ നോമ്പും പെരുന്നാളും ദൈവികമായ മനുഷ്യത്വം വീണ്ടെടുക്കാനും സാഹോദര്യത്തിെൻറ ഇസ്ലാമിക അനന്യത കൂടുതൽ അർഥപൂർണമായി പ്രഫുല്ലമാക്കാനുമുതകുന്നു.
ഒരു ൈക്രസ്തവനായ ഞാൻ റമദാനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളിൽ ഒന്നുപോലെ ആദരണീയനായ ഇബ്രാഹീം അഥവാ അബ്രഹാം പിതാമഹനാണ്. നാടും വീടും ജനങ്ങളെയും വിട്ട് വൈദേശികമായവയിലേക്ക് പോകാൻ കൽപനകിട്ടിയ വിശ്വാസത്തിെൻറ പിതാമഹൻ. സ്വന്തക്കാരെ വിട്ട് അന്യരിലേക്ക് നിരന്തരം യാത്ര ചെയ്ത അദ്ദേഹം വാഗ്ദാനത്തിെൻറയും ഉടമ്പടികളുടെയും മനുഷ്യനായിരുന്നു. ദൈവം നൽകിയ ഭാഷണവരം മാത്രം ഉപയോഗിച്ച് ഏതു അന്യതെയയും സ്വന്തമാക്കിയിരുന്നു.
ഏറ്റവുമധികം നോമ്പും പ്രായശ്ചിത്തവും നിഗ്രഹവും നിയന്ത്രണവും ആവശ്യമായ തലമാണ് ഭാഷണം. എല്ലാവരും ഇഷ്ടപ്പെടുന്നത് ആദരവിെൻറയും സൗഹൃദത്തിെൻറയും ഭാഷയാണ്. എന്നാൽ, ഇന്നത്തെ നമ്മുടെ പൊതുസമൂഹത്തിൽ പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ നമ്മെ ഭയപ്പെടുത്തുന്ന വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ഭാഷ നാം കേൾക്കുന്നു. കൊറോണ വൈറസിേനക്കാൾ അപകടകാരിയായി അത് സമൂഹത്തിൽ വളർന്നിരിക്കുന്നു.
നാവ് തീയാണ് എന്ന് ബൈബിൾ പറയുന്നുണ്ട്. അത് മനുഷ്യബന്ധങ്ങളിലും സഹോദര ബന്ധങ്ങളിലും സാമുദായിക ബന്ധങ്ങളിലും തീയിടും. അതേസമയം, അതേ നാവിന് നമ്മെ ഉയർത്താനും ഉദാത്ത മനുഷ്യബന്ധങ്ങൾ ഉണ്ടാക്കാനും പാരസ്പര്യത്തിെൻറ കണ്ണികൾ ദൈവികമായ വെളിപാടിെൻറ ദീപ്തിയിൽ സുന്ദരവും സുഭഗവുമാക്കാനും കഴിയും.
എന്നും രാവിലെ നടക്കാനിറങ്ങുന്ന ഞാൻ ദിനംപ്രതി മുസ്ലിം അമ്മമാരുടെ സുപ്രഭാതാശംസകൾ അയവിറക്കി അതിെൻറ സ്നേഹാദരങ്ങൾ അനുഭവിക്കുന്നവനാണ്. നല്ല വാക്കുകൾ ദൈവികദാനത്തിെൻറ അനുഗ്രഹമാണ്. അല്ലാഹുവിെൻറ വെളിപാടിൽനിന്നാണ് നാം പ്രാർഥിക്കുകയും കാരുണ്യ പരോപകാര കർമങ്ങൾ അനുവർത്തിക്കുകയും ചെയ്യുന്നത്. ഖുർആൻ എന്ന വാക്കിെൻറ അർഥം ഏറ്റവും കൂടുതൽ ഉരുവിട്ടത് എന്നാണ്. ദൈവത്തിെൻറ വാക്കുകൾ ഉരുവിട്ട് നമ്മുടെ നാവുകൾ വിശുദ്ധിയുടെ സ്നേഹവചനങ്ങളുടെ വരം ലഭിച്ച് നമ്മുടെ ജീവിതം സന്തോഷപ്രദമാക്കാനാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.