ജിദ്ദ: കഅ്ബയിലെ ‘ഹജ്റുൽ അസ്വദി’നും ‘റുക്നുൽ യമാനിക്കും’ ചുറ്റും അലങ്കാര തുന്നലുള്ള (എംബ്രോയ്ഡറി ചെയ്ത) തുണി കഷണങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ഇരുഹറം കാര്യാലയത്തിന്റെ മേൽനോട്ടത്തിൽ കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയത്തിലെ വിദഗ്ധരാണ് ‘ഹജ്റുൽ അസ്വദി’നും ‘റുക്നുൽ യമാനിക്കും’ ചുറ്റും സ്വർണ നിറത്തിലുള്ള നൂലിനാൽ അലങ്കാരം തുന്നിയ തുണി കഷണങ്ങൾ മാറ്റി സ്ഥാപിച്ചത്.
ആറ് വിദഗ്ധരായ തയ്യൽക്കാർ 20 ദിവസമെടുത്താണ് പുതിയ തുണികഷണങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. ത്വവാഫിന് എത്തുന്നവരുടെ എണ്ണം കൂടിയത് കണക്കിലെടുത്തും ‘ഹജ്റുൽ അസ്വദി’ലും ‘റുക്നുൽ യമാനി’യിലും സലാം പറയുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണിത്.
‘ഹജ്റുൽ അസ്വദി’നും ‘റുക്നുൽ യമാനി’ക്കും ചുറ്റും ഏറ്റവും ഉയർന്ന നിലവാരമുള്ളതും ഓട്ടോമാറ്റിക് എംബ്രോയ്ഡറിയിൽ (താജിമ മെഷീൻ) ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടും കൂടിയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതെന്ന് കിസ്വ സമുച്ചയകാര്യ അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസ്മി പറഞ്ഞു.
എംബ്രോയ്ഡറിങ് പ്രക്രിയയിൽ സ്വർണ നിറത്തിലുള്ള നൂലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കറുത്ത തുണിയിലാണ് എംബ്രോയ്ഡറി ചെയ്യുന്നത്. കിസ്വയുടെ പരിപാലനത്തിനായുള്ള വകുപ്പ് ഉദ്യോഗസ്ഥർ കിസ്വ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. ഹജ്റുൽ അസ്വദിന്റെയും റുക്നുൽ യമാനിയുടെയും ഭാഗം ഉൾപ്പെടെ കിസ്വയുടെ ഏതെങ്കിലും ഭാഗങ്ങളിൽ വല്ല കേടുപാടുകൾ കണ്ടാൽ അത് ഉടനെ പരിഹരിക്കുന്നുണ്ടെന്നും അൽഹാസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.