സുഹാർ: റമദാൻ പടിവാതിലിൽ എത്തിനിൽക്കെ ഈ വർഷം ഇഫ്താർ ടെന്റുകൾ ഉയരുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ. കോവിഡിന്റെ പിടിയിലമർന്നതിനെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തെ റമദാനിൽ സമൂഹ നോമ്പുതുറകളും പള്ളികളിലെ ടെന്റ് ഇഫ്താർ കൂട്ടായ്മയും ഉണ്ടായിരുന്നില്ല. പള്ളികളും പരിസരങ്ങളും ശുചീകരിച്ചും പെയിന്റടിച്ചും കാർപെറ്റുകളും ശീതീകരണ യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്തും പ്രാർഥനക്കായി തയാറായിട്ടുണ്ട്. പള്ളികൾക്കുമുന്നിൽ ഉയരുന്ന ടെന്റുകളാണ് റമദാന്റെ വരവ് വിളിച്ചോതുന്ന പ്രധാന അടയാളങ്ങൾ. ഈ പ്രാവശ്യം ടെൻറുകൾ ഉയരുമെന്ന് തന്നെയാണ് ഇത് തയാറാക്കിക്കൊടുക്കുന്ന കമ്പനികളിലെ പ്രതിനിധികൾ പറയുന്നത്.
നിരവധി മേഖലകളിൽനിന്ന് ടെൻറുകൾക്കായുള്ള അന്വേഷണങ്ങൾ വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള ടെൻറ്റുകളാണ് നിർമിച്ചുനൽകുന്നത്. ശീതീകരണ യന്ത്രങ്ങൾ, അലങ്കാര വിളക്ക്, കാർപറ്റ് എന്നിങ്ങനെ മനോഹരമായ നിർമിതിയിലാണ് കൂടാരങ്ങൾ ഒരുക്കുക. പാകിസ്താൻ സ്വദേശികളാണ് ടെന്റ് നിർമാണത്തിലെ ജോലിക്കാർ.
പള്ളികളിലേക്കും സ്വകാര്യ കമ്പനികളിലേക്കും സമൂഹ നോമ്പുതുറ കേന്ദ്രങ്ങളിലേക്കും ഭക്ഷണം എത്തിച്ചുനൽകുന്ന നിരവധി കാറ്ററിങ് സ്ഥാപനങ്ങളുണ്ട്. ഇവർക്കൊക്കെ ഇഫ്താർ ഓർഡറുകൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ പറയുന്നു. കോവിഡ് കാലയളവിൽ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ടവയിൽ കാറ്ററിങ് കമ്പനികളും പെടും. കൂട്ടമായുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നപ്പോൾ ഇത്തരം കമ്പനികളെ ആരും ആശ്രയിക്കാതെയായി. നാട്ടുകൂട്ടായ്മകളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും സൂഖുകളിലെ കടക്കാരും ചേർന്നൊരുക്കുന്ന സമൂഹ നോമ്പുതുറകൾ
കോവിഡിനുമുമ്പ് സജീവമായിരുന്നു. അത് വീണ്ടും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്ന് റുസൈയിൽ പഴം-പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരൻ കെ.സി. റഷീദ് പറയുന്നു. പള്ളികളിൽ ഉയരുന്ന ടെൻറുകൾ യാത്രക്കാർക്കും കച്ചവടക്കാർക്കും വളരെ ഉപകാരപ്രദമായിരുന്നു. ഒരുമിച്ചുകൂടി നോമ്പ് തുറക്കുക എന്ന അറേബ്യൻ രീതിക്ക് നല്ല പ്രതികരണമാണ് പ്രവാസികളിൽനിന്ന് ഉണ്ടാവുന്നത്. ബാങ്ക് വിളിക്കുന്നതിന് മുമ്പുതന്നെ സജീവമാകുന്ന ടെന്റ് റമദാൻ കാലങ്ങളിൽ കാണുന്ന നല്ല കാഴ്ചകളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.