മദീന: മദീനയിലെ പുരാതന പള്ളികളിലൊന്നായ മസ്ജിദുൽ ഗമാമ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ കവാടങ്ങളിലൊന്നായ ‘ബാബ് അൽ സലാമി’ൽനിന്ന് 500 മീറ്റർ മാത്രം അകലെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഗമാമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
മസ്ജിദുന്നബവിക്കടുത്തുള്ള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഉദ്യാനമായ ‘ഹദീഖതുൽ ബൈഅ’യിൽ നിന്ന് ഹറമിന്റെ മുൻവശത്തേക്ക് പുറത്തുകൂടി നേരെ നീങ്ങിയാലും ഈ പൗരാണിക പള്ളിയിലെത്താം. മുഹമ്മദ് നബി പെരുന്നാൾ നമസ്കാരവും മഴക്കുവേണ്ടിയുള്ള നമസ്കാരവും ഈ ഭാഗത്തായിരുന്നു നിർവഹിച്ചിരുന്നത്. നേരത്തേ ഒഴിഞ്ഞുകിടന്നിരുന്ന ഈ പ്രദേശം ‘മൈതാനുൽ മുസ്വല്ല’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ മൈതാനിയിൽ പിൽക്കാലത്ത് നിർമിച്ച ‘മസ്ജിദുൽ ഗമാമ’യെ ‘മസ്ജിദുൽ മുസ്വല്ല’ എന്ന പേരിലും ഇതിനാൽ അറിയപ്പെട്ടു. മുഹമ്മദ് നബി പെരുന്നാൾ നമസ്കാരം അവസാനമായി നിർവഹിച്ചതും ഈ മൈതാനത്തായിരുന്നു.
പ്രവാചകൻ എ.ഡി 631ൽ ഈ പ്രദേശത്ത് മഴക്കുവേണ്ടിയുള്ള നമസ്കാരത്തിന് നേതൃത്വം നൽകിയപ്പോൾ മേഘം സൂര്യനെ മറച്ച് തണലൊരുക്കിയിരുന്നു. നമസ്കാരം കഴിഞ്ഞ ഉടനെ ആകാശം മേഘാവൃതമാവുകയും നല്ല മഴ ലഭിക്കുകയും ചെയ്തു. അതിനാലാണ് മഴ, മേഘം എന്നെല്ലാം അർഥം വരുന്ന ‘ഗമാമ’ എന്ന നാമം ഈ പള്ളിക്ക് വന്നതെന്നാണ് ഇസ്ലാമിക ചരിത്രം രേഖപ്പെടുത്തുന്നത്. വാസ്തുശിൽപ മികവിൽ പണിതീർത്ത ഈ ചരിത്ര പള്ളി പ്രവാചക ചരിത്രത്തിന്റെ നാൾവഴികളാണ് സന്ദർശകർക്ക് പകർന്നുനൽകുന്നത്. മദീനയിലെത്തുന്ന തീർഥാടകർ പലരും മസ്ജിദുൽ ഗമാമയും സന്ദർശിക്കാൻ സമയം കണ്ടെത്തുന്നു.
ഉമവീ ഖലീഫയായിരുന്ന ഉമർ ബിൻ അബ്ദുൽ അസീസിന്റെ കാലത്ത് ഹിജ്റ 86ലാണ് ഈ പ്രദേശത്ത് ആദ്യം പള്ളി പണിതത്. പിന്നീട് സുൽത്താൻ ഹസ്സൻ ബിൻ മുഹമ്മദ് ബിൻ ഖലാവൂൻ അൽ സാലിഹിന്റെ ഭരണകാലത്ത് ഹിജ്റ 761ൽ പള്ളി പുതുക്കിപ്പണിതു. പിന്നീട് പല കാലഘട്ടത്തിലും പള്ളിയുടെ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടന്നിരുന്നു. സൗദി ഭരണകാലഘട്ടത്തിൽ ഹിജ്റ 1431ലാണ് പൂർണമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മസ്ജിദുൽ ഗമാമയിൽ ആരംഭിച്ചത്. ഹിജ്റ 1434ലാണ് വാസ്തു ശിൽപമികവിൽ പള്ളിയുടെ പുനരുദ്ധാരണ പ്രക്രിയ പൂർത്തിയാക്കിയത്. ചതുരാകൃതിയിൽ രൂപകൽപന ചെയ്ത പള്ളിക്ക് അഞ്ചു വൃത്താകൃതിയിലുള്ള താഴികക്കുടങ്ങളും മേൽക്കൂരയിൽ കൂർത്ത കമാനങ്ങളും ഉണ്ട്.
പള്ളിയുടെ വാതിലുകൾ ഓട്ടോമൻ ലിഖിതങ്ങൾ കൊണ്ട് അലങ്കരിച്ച മരംകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പഴമയുടെ തനിമ നിലനിർത്തി പ്രത്യേക ചാരുതയോടെ പണിതീർത്ത മസ്ജിദുൽ ഗമാമ ഇസ്ലാമിക വാസ്തുശിൽപകലയുടെ വേറിട്ട മികവും പ്രകടമാക്കുന്നു. കാലോചിതമായ ചില അറ്റകുറ്റപ്പണികൾക്കായി സന്ദർശകർക്ക് കുറച്ചുകാലമായി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ സന്ദർശകർക്ക് കൂടുതൽ മികവാർന്ന സൗകര്യങ്ങൾ ഒരുക്കിയാണ് വീണ്ടും മസ്ജിദുൽ ഗമാമ തുറന്നുകൊടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.