സബർമതി തീരത്തുള്ള അഹ്മദാബാദിലൂടെ ചരിത്രങ്ങൾ അയവിറക്കിയുള്ള യാത്ര അവിസ്മരണീയമാണ്. വായനയിലൂടെയുള്ള അറിവുകളോടൊപ്പം ഗൈഡിന്റെ വിവരണങ്ങൾകൂടിയാവുമ്പോൾ വിട്ടുപോയ പ്രാദേശിക അറിവുകൾകൂടി മനസ്സിലാക്കാൻ സാധിക്കും. അഹ്മദാബാദിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടത്തെ മുസ്ലിം പള്ളികൾ എന്ന ഗൈഡ് ഭൂപെൻ ഓസയുടെ നിർദേശമാണ് അഹ്മദാബാദിലെ പള്ളികൾ കാണണമെന്ന ആഗ്രഹമുണ്ടാക്കിയത്. അതിന്റെ പ്രത്യേകതകളെ കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിച്ചു.
പണ്ടുകാലത്ത്, ഹജ്ജിനു പോകാനുള്ള പ്രധാന കവാടമായിരുന്നു ഗുജറാത്ത്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഏറ്റവും വലിയ, ഒട്ടേറെ സവിശേഷതകളുള്ള നഗരമായ അഹ്മദാബാദ് വിവിധ മുസ്ലിം രാജവംശങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി മാറി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യ ഗുജറാത്തിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നതിന് തെളിവാണ് ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന പള്ളികൾ.
ഗൈഡിന്റെ വിശദീകരണങ്ങളുടെ ചുവടുപിടിച്ച് അന്നു രാത്രിതന്നെ അഹ്മദാബാദിലെ പള്ളികളെപ്പറ്റിയുള്ള പല കുറിപ്പുകളും വായിച്ചു. വായിക്കുന്തോറും കാണാനുള്ള ആഗ്രഹം കലശലായി. അടുത്ത ദിവസംതന്നെ 'പള്ളികളെ തേടിയുള്ള പ്രയാണം' ആരംഭിച്ചു. തുടക്കം ജുമാ മസ്ജിദിൽ നിന്നുമായിരുന്നു. അഹ്മദാബാദ് നഗരത്തിന്റെ സ്ഥാപകനായ അഹമ്മദ് ഷാ 1424ലാണ് ജുമാ മസ്ജിദ് നിർമിച്ചത്. അന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ മസ്ജിദായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അഹ്മദാബാദിലെ പ്രധാന റോഡിന്റെ അരികിലാണ് ഈ പള്ളി.
വെളുത്ത മാർബിൾ പാകിയ അതിവിശാലമായ അങ്കണത്തിലൂടെ നടന്ന് പ്രധാന കെട്ടിടത്തിന്റെ അരികിലെത്തി. മഞ്ഞ മണൽക്കല്ലിൽ നിർമിച്ച പള്ളിയുടെ 15 താഴികക്കുടങ്ങളെ താങ്ങിനിർത്തുന്ന കൊത്തുപണികളോടുകൂടിയ 260 തൂണുകൾ. ഏറ്റവും മുന്നിലെ മിനാരങ്ങളിലെ കൊത്തുപണികൾ ഇവയിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നു.
താഴികക്കുടങ്ങളിൽ ചിലത് താമരപ്പൂക്കൾപോലെ കൊത്തിയെടുത്തവയാണ്. ഈ നിർമിതിയിൽ ഹിന്ദു ജൈന വാസ്തുവിദ്യ സംയോജനം പ്രകടമായിരുന്നു. മണൽകല്ലിൽ കൊത്തിയെടുത്ത ജാലികളും (ജനൽ) ഭിത്തിയിലെ കൊത്തുപണികളും ഏറെ എടുത്തുപറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.