വടകര: അന്തർസംസ്ഥാനങ്ങൾ കൈയടക്കിയ പൂകൃഷിയുടെ കുത്തക തകർക്കാൻ മലയാളികളും. ഗ്രാമീണമേഖലകളിലടക്കം ചെറുതും വലുതുമായി പൂപ്പാടങ്ങൾ ഒരുങ്ങി. മറുനാടൻ ചെണ്ടുമല്ലിത്തോട്ടങ്ങളെ വെല്ലുകയാണ് യു.എൽ.സി.സി.എസിന്റെ ഇരിങ്ങൽ കൊളാവിപാലത്തെ ചെണ്ടുമല്ലിത്തോട്ടം. ഇത്തവണ മറുനാടൻ ചെണ്ടുമല്ലിക്കൊപ്പം നാടൻ ചെണ്ടുമല്ലിയും പൂക്കളങ്ങളിൽ സ്ഥാനംപിടിക്കും. യു.എൽ.സി.സി.എസിന്റ സിമന്റ് ഹോളോബ്രിക്സ് യൂനിറ്റിനോട് ചേർന്ന് ഒരേക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലിത്തോട്ടം.
ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നുനിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നതാണ്. കഴിഞ്ഞ തവണ 40 സെന്റിൽ കൃഷി ചെയ്ത് വിജയംകൊയ്ത യു.എൽ.സി.സി.എസ് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്നെത്തിച്ച വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ഓണത്തിന് വിളവെടുക്കാൻപാകത്തിൽ മൂന്ന് മാസം മുമ്പ് വിത്ത് പാകി ചെടികളാക്കി നട്ടു. 5500 ചെടികളാണ് നട്ടത്. ഒരു ലക്ഷം രൂപയോളം പൂകൃഷിക്ക് ചെലവായി. മൂന്നര ലക്ഷം രൂപയുടെ പൂക്കൾ വിടർന്നുനിൽക്കുന്നുണ്ട്. യു.എൽ.സി.സി.എസ് തൊഴിലാളികളാണ് ചെടികൾ പരിപാലിച്ചത്. പൂക്കൾക്ക് മാർക്കറ്റ് തേടി പോവാറില്ല. കഴിഞ്ഞതവണ പൂപ്പാടത്ത് തന്നെയായിരുന്നു വില്പന. ഇത്തവണയും തോട്ടത്തിൽതന്നെ വില്പന നടത്തും.
ചെണ്ടുമല്ലിക്കൊപ്പം വാടാർമല്ലിയും കൃഷിചെയ്തിട്ടുണ്ട്. റിട്ട. കൃഷി ഉദ്യോഗസ്ഥൻ ചക്കിട്ടപാറ സ്വദേശി കെ.പി.കെ. ചോയിയാണ് കൃഷിക്ക് മേൽനോട്ടംവഹിക്കുന്നത്. അത്തം തുടങ്ങിയതോടെ പൂക്കൾ വാങ്ങാനും ചെണ്ടുമല്ലിത്തോട്ടം കാണാനും ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അത്തം മുതൽ തിരുവോണം വരെ മറുനാടൻ പൂക്കൾകൊണ്ടാണ് മുമ്പ് പൂക്കളമൊരുക്കിയിരുന്നത്. ഇത്തവണ നാട്ടിൽ പൂകൃഷി വൻ വിജയമായത് വിപണിയിൽ വിലയിൽ ചെറിയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.