പറവൂർ: പേരും പെരുമയും കൊണ്ട് കാലങ്ങളായി നിലനിൽക്കുന്ന ചേന്ദമംഗലം കൈത്തറി തുണിത്തരങ്ങൾക്ക് ഓണക്കാല വിറ്റുവരവിൽ ഇടിവ്. കഴിഞ്ഞ വർഷം രണ്ടേകാൽ കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായെങ്കിൽ ഇത്തവണ 1.96 കോടിയിൽ ഒതുങ്ങി. കൈത്തറി തുണിത്തരങ്ങളിൽ പുതുമ ഇല്ലാത്തതും സാമ്പത്തിക ഞെരുക്കവുമാണ് ഇതിന് കാരണമെന്നാണ് സൂചന. ഇതിന് പുറമേ ചില സഹകരണ ബാങ്കുകൾ കൈത്തറി നെയ്ത്ത് സംഘങ്ങൾക്ക് സ്റ്റാളുകൾ അനുവദിക്കാതിരുന്നതും കൊച്ചി നഗരം കേന്ദ്രീകരിച്ച് മുൻ വർഷത്തെ അപേക്ഷിച്ച് വിൽപന കേന്ദ്രങ്ങൾ ഇല്ലാതിരുന്നതും വിൽപനയിൽ നേരിയ ഇടിവ് ഉണ്ടാകാൻ കാരണമായി.
വിൽപനയിൽ ഇത്തവണ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് 3428ാം നമ്പർ പറവൂർ കൈത്തറി സംഘമാണ്. 95 ലക്ഷത്തിന്റെ വിൽപനയാണ് നടത്തിയതെന്ന് സംഘം സെക്രട്ടറി പ്രിയ പറഞ്ഞു. എന്നാൽ, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 20 ലക്ഷത്തിന്റെ കുറവ് ഉണ്ടായതായാണ് കണക്ക്. പറവൂർ ടൗൺ ഇ- 1 സംഘം 50 ലക്ഷം വിറ്റുവരവ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓണക്കാലത്തെ വിറ്റുവരവ് ഇത്തവണ വർധിച്ചതായി സംഘം സെക്രട്ടറി എ.പി. ഗിരീഷ് കുമാർ പറഞ്ഞു. ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച്- 47ൽ 27 ലക്ഷത്തിന്റെ വിൽപന ഉണ്ടായപ്പോൾ കരിമ്പാടം എച്ച്- 47ൽ 15 ലക്ഷത്തിന്റെ വിൽപനയേ നടന്നുള്ളൂവെന്ന് സംഘം സെക്രട്ടറി അജിത്ത് കുമാർ ഗോതുരുത്ത് പറഞ്ഞു. എച്ച്- 47ൽ കഴിഞ്ഞ വർഷം ചില സഹകരണ ബാങ്കുകളിൽ സ്റ്റാളുകൾ തുറക്കാൻ അനുവദിച്ചിരുന്നുവെങ്കിലും ഇത്തവണ രാഷ്ട്രീയ കാരണങ്ങളാൽ അനുവദിക്കാതിരുന്നത് വിൽപന കുറയാൻ ഇടവരുത്തിയതായി സംഘം പ്രസിഡന്റ് വേണു പറഞ്ഞു.
മൂത്തകുന്നം കുര്യാപ്പിള്ളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ വിൽപനയിൽ ഇത്തവണ കാര്യമായ കുറവ് അനുഭവപ്പെട്ടു. അത്തം മുതൽ തിരുവോണം വരെയുള്ള കാലയളവിൽ ഒൻപത് ലക്ഷം രൂപയുടെ വിറ്റുവരവ് മാത്രമാണ് നടന്നതെന്ന് സംഘം സെക്രട്ടറി സരിത പ്രദീപ് പറഞ്ഞു.
മുൻ വർഷങ്ങളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സ്റ്റാൾ ഉണ്ടായിരുന്നു. ഇത്തവണ ഇവിടെ വിൽപന കേന്ദ്രം ഇല്ലാതിരുന്നത് തിരിച്ചടിയായി. അതേസമയം കഴിഞ്ഞ വർഷം നവീന രീതിയിലുള്ളതും ആകർഷണീയമായതുമായ തുണിത്തരങ്ങൾ ഏറെ വിപണിയിൽ ഉണ്ടായിരുന്നു. ഇത്തവണ പുതിയ ഡിസൈനുകളിലുള്ള കൈത്തറി വസ്ത്രങ്ങൾ കാര്യമായ തോതിൽ നിർമിക്കാൻ കഴിയാതിരുന്നത് വിപണിയിൽ മാന്ദ്യം വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.