ഓണം - അറിഞ്ഞതും അറിയാത്തതും

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളിൽ കാണാൻ കഴിയും. മലയാളി ജനഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ഉത്സവമാണ് ഓണം. ഓണക്കാലം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ലാദത്തിന്റെ കാലമാണ്. കണ്ണീർ പൊഴിക്കുന്ന കർക്കിടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത. കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷം. മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല. ഇപ്പോഴും ആ ഓണക്കാല കൗതുകത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.

'അത്തം കറുത്താൽ ഓണം വെളുക്കും' എന്നു പറയാറുണ്ട്. അത്തത്തിന് മഴപെയ്താൽ ഓണം തെളിഞ്ഞ ദിവസമായിരിക്കും. പണ്ട് ഇടവപ്പാതി മുതല്‍ ചിങ്ങം പിറക്കുന്നതു വരെയുള്ള മൂന്നു മാസക്കാലം കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 'കര്‍ക്കടകവറുതി' എന്ന് കേൾക്കുമ്പോൾ തന്നെ അത് അനുഭവിച്ചവരുടെ ഉള്ളൊന്ന് കാളും.

എത്ര ഓണക്കാലം കഴിഞ്ഞാലും മലയാളികൾക്ക് പറയാൻ, ഓർക്കാൻ ഒരു ഓണക്കഥയുണ്ടാവും. മലയാളികൾക്കിടയിൽ അത്രയധികം ആഴമുണ്ട് ഓണമെന്ന ഉത്സവത്തിന്.

ഓണം എന്നുമുതലാണ് തുടങ്ങിയത് എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ചരിത്രം ചികഞ്ഞു പോയാൽ ചുരുങ്ങിയത് രണ്ടായിരം വർഷം പഴക്കമെങ്കിലും ഓണത്തിനുണ്ടെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പേ മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങിയിരുന്നു. 1961ലാണ് ഓണം ദേശിയാഘോഷമായി കൊണ്ടാടാൻ കേരള സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ പലയിടങ്ങളിലും, ആന്ധ്ര, കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലൊക്കെ പണ്ടുമുതലേ ഓണം ആഘോഷിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.

 ഓണം എന്ന വാക്ക് വന്നത് ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുന്നേയാണ്. ഓണത്തിന് മുമ്പ് അതിന്റ പേര് 'ആണം' എന്നായിരുന്നു. 'ആവണം' എന്ന വാക്കിൽ നിന്നാണ് ആണം എന്ന വാക്ക് വന്നത്. ആവണം എന്ന വാക്കാകട്ടെ 'സാവണം' എന്ന വാക്കിൽ നിന്നും. സാവണം എന്ന വാക്ക് വന്നത് 'ശ്രാവണം' എന്ന വാക്കിൽ നിന്നുമാണ്. ചിങ്ങമാസത്തിന്റെ സംസ്കൃതം പേരാണ് ശ്രാവണം. പണ്ടത്തെ കേരളം പൂർണമായും കൃഷിയെ ആശ്രയിച്ചായിരുന്നല്ലോ. അതുകൊണ്ടുതന്നെ അക്കാലത്തെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയും വിളവെടുപ്പുമൊക്കെയായി ബന്ധമുള്ളവയാണ്. കൊയ്ത്തു കാലമായ ചിങ്ങമാസത്തിലാണ് ഓണം വരുന്നത്. ചിങ്ങം, കൊല്ലവർഷത്തിലെ ഒന്നാമത്തെ മാസം.

"ഓണമലരുകൾ താണുനിന്നു കാണിക്കവെയ്ക്കും വരമ്പിലൂടെ പൊന്നുഷസന്ധ്യാപ്രഭയിൽ മുങ്ങി വന്നുപോയ് വന്നുപോയ് ചിങ്ങമാസം"

എന്നാണ് പി .കുഞ്ഞിരാമൻ നായർ ചിങ്ങമാസത്തെക്കുറിച്ച് പാടിയത്. മംഗളകർമങ്ങൾക്ക് അനുയോജ്യമായ മാസമാണിതെന്നാണ് പഴമക്കാരുടെ അഭിപ്രായം. മലയാളികളുടെ ഏറ്റവും വലിയ ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് ഓണം. മിത്തുകളും ചരിത്രവും ഇത്രത്തോളം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരാഘോഷം വേറെയുണ്ടാവില്ല.

ഐതിഹ്യങ്ങൾ

1. കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തി പ്രജകളെ കാണാൻ ഓണത്തിന് എത്തുന്നു എന്നതാണ് കേട്ടുപഴകിയ ഐതിഹ്യം. എന്നാൽ വാമനൻ മൂന്നടി സ്ഥലത്തിനായി മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥയായിരിക്കും ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആരാണ് മാവേലി എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഒരുപക്ഷേ വലിയ കുടവയറും ഓലക്കുടയുമൊക്കെ പിടിച്ചിട്ടുള്ള ഒരുരൂപമായിരിക്കും നമ്മുടെ സങ്കല്പങ്ങളിലുള്ളത്. മറ്റൊരുതരത്തിലും മാവേലിയെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്നാൽ വാമനൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്. വനപർവ്വത്തിലെ 270-ാം അധ്യായത്തിലാണ് ഈ വാമനൻ - മഹാബലി കഥ ആദ്യമായി കടന്നുവരുന്നത്.

കേരളം ഭരിച്ചിരുന്നതായി കരുതപ്പെടുന്ന നീതിമാനായ അസുര ചക്രവർത്തി. ഹിരണ്യകശിപുവിന്റെ പുത്രൻ പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് മഹാബലി. മഹാബലി യാഗം നടത്തിയ സ്ഥലം വിശ്വാമിത്രൻ രാമലക്ഷ്മണൻമാർക്ക് കാണിച്ചു കൊടുക്കുന്നതായി രാമായണത്തിൽ പറയുന്നുണ്ട്. മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകളില്ല. എന്നാൽ മാവേലി ഇല്ലാതെ ഒരു ഓണവും പൂർണ്ണമായിട്ടില്ല. മാവേലി നാടുവാണീടും കാലം ഈ പാട്ട് പാടാത്ത ഒരു മലയാളിയും ഉണ്ടാവില്ല.

2. രണ്ടാമത്തെ ഐതിഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്. പരശുരാമനും തിരുവോണവുമായി അടുത്ത ബന്ധമുണ്ട്. പരശുരാമൻ ബ്രാഹ്മണർക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരയിൽ വെച്ചായിരുന്നത്രേ. ആവശ്യള്ളപ്പോൾ എന്നെ ഓർത്താൽ മതി, ഞാനിവിടെയെത്തും എന്നു പറഞ്ഞാണ് ഭൂമി നൽകിയ ശേഷം പരശുരാമൻ അപ്രത്യക്ഷനായത്. ബ്രാഹ്മണർ ഒരിക്കൽ ഇത് പരീക്ഷിക്കാനായി പരശുരാമനെ സ്മരിച്ചു. പ്രത്യക്ഷനായ അദ്ദേഹം കാരണമില്ലാതെ തന്നെ വരുത്തിയതിന് ബ്രാഹ്മണരെ ശപിച്ചു. ക്ഷമ ചോദിച്ചപ്പോൾ ശാപമോക്ഷവും നൽകി. വർഷത്തിലൊരിക്കൽ താനെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പരശുരാമൻ എത്തിച്ചേരുന്ന ദിവസമാണ് തിരുവോണം.

3. ഓണം ബുദ്ധമതക്കാരുടെ ആഘോഷമായിരുന്നു എന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. ഗൗതമ സിദ്ധാർത്ഥന് ബോധോദയമുണ്ടായശേഷം മഞ്ഞ വസ്ത്രം സ്വീകരിച്ചത് ശ്രാവണമാസത്തിലെ തിരുവോണ നാളിലായിരുന്നത്രേ! ബുദ്ധമതക്കാരുടെ മഞ്ഞവസ്ത്രവും കുട്ടികൾക്കും മറ്റും ഓണക്കോടിയുമായി നൽകുന്ന മഞ്ഞ വസ്ത്രവും തമ്മിൽ സാദൃശ്യമുള്ളതിനാലാവാം ഇങ്ങനെയൊരു വിശ്വാസം വന്നത്.

 മലയാളികളുടെ പൂക്കാലം

ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിനമാണ് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം വിപണിയിലൊരു തിരക്കുണ്ട്. അതാണ് ഉത്രാടപ്പാച്ചില്‍. പൂരാടം വരെയുള്ള ഒരുക്കങ്ങളെല്ലാം ഒരുവിധം തീരുമെങ്കിലും ഓണത്തലേന്ന് ഉത്രാട ദിവസം വീട്ടിൽ എല്ലാവർക്കും തിരക്കാണ്. തിരുവോണത്തിനായിട്ടുള്ള ഒരുക്കത്തിന്റെ തിരക്ക്.

"ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേനിന്നെ തഴുകാനായ്‌കുളിർകാറ്റിൻ കുഞ്ഞിക്കൈകൾഓണവില്ലിൽ ഊഞ്ഞാൽ ആടുംവണ്ണാത്തിക്കിളിയേനിന്നെ പുൽകാനായ്‌കൊതിയൂറും മാരിക്കാറും"

ഐതിഹ്യങ്ങളുടെ കഥ കഴിഞ്ഞു, ഇനി നമുക്ക് ഓണപൂക്കളത്തിലേക്ക് കടക്കാം. 'അത്തം പത്തിന് പൊന്നോണം'. ഓണം തുടങ്ങുന്നത് അത്തത്തിലാണ്. അത്തം തുടങ്ങി പത്ത് ദിവസമാണ് പൂക്കളം ഇടുന്നത്. ഒരു ഇടക്കാലം വരെ തുമ്പപ്പൂ, മുക്കുറ്റി, ചെമ്പരത്തി, പൂവാംകുറിഞ്ഞില, കണ്ണാന്തളി, കൃഷ്ണക്രാന്തി, അരിപ്പൂ എന്നിവയൊക്കെ ഉപയോഗിച്ചാണ് പൂക്കളമൊരുക്കിയിരുന്നത്.

'പൂവേപൊലി പൂവേപൊലി' എന്നുപാടിയാണ് കുട്ടികൾ പൂതേടി പോയിരുന്നത്. കാലം മാറി. പൂക്കൾക്ക് ക്ഷാമമായി. ഈ പൂക്കളൊക്കെ മാറി മറ്റു പല പൂക്കളും ഇലകളും അവിടെ സ്ഥാനം പിടിച്ചു.

ഓണക്കാലത്ത് പൂവിടാൻ നിലം മെഴുകി വൃത്തിയാക്കും. ഇതിനെ കളം എന്നാണ് പറയുന്നത്. ഇവിടെ പൂക്കൾ നിരത്തുമ്പോഴാണ് പൂക്കളമാകുന്നത്. ദേവാസുര യുദ്ധത്തിന്റെയോ ആര്യ - ദ്രാവിഡ മത്സരത്തിന്റെയോ പ്രതീകമായി പൂക്കളത്തെ കാണുന്നവരുണ്ട്. ചുവന്ന പൂക്കൾ യുദ്ധപ്രതീകമാണത്രെ! പൂക്കളത്തിന്റെ ഒത്തനടുക്ക് ശത്രുവും അതിന് ചുറ്റിയുള്ള കളങ്ങൾ പോരാളികളുമായി കണക്കാക്കുന്നവരുണ്ട്.

ഇതിൽ തുമ്പപ്പൂ മാവേലിക്ക് വലിയ ഇഷ്ടമാണെന്നാണ് പറയാറ്. അതിന് പിന്നിലും ഒരു കഥയുണ്ട്. ഒരുകാലത്ത് പൂക്കളത്തിലെ രാജാവ് തന്നെയായിരുന്നു തുമ്പ. ഒരു പൂത്തറയും തുമ്പയില്ലാതെ ഒരുങ്ങിയിരുന്നില്ല. മാവേലിയെ വരവേൽക്കാൻ പൂവായ പൂവൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. ബാക്കി പൂക്കളെ ഒക്കെ തഴുകി അനുഗ്രഹിച്ചു മാവേലി തുമ്പ പൂവിനെ ചേർത്തുപിടിച്ചു എന്നാണ് ഐതിഹ്യം.

കർക്കിടമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്. തുമ്പപ്പൂ പാലിൽ ചേർത്ത് തിളപ്പിച്ച് കുട്ടികൾക്ക് നൽകിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുമെന്ന് ആയുർവേദം പറയുന്നു. എന്തായാലും അന്നും ഇന്നും തുമ്പപ്പൂവിന് (ഇന്ന് തുമ്പപ്പൂ തന്നെ അപൂർവം ഇടങ്ങളിലെ കാണാൻ ഉള്ളൂ) പൂക്കളത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അത് ഐതിഹ്യമായും ഔഷധമായും പല രീതിയിലും കെട്ട് പിണഞ്ഞ് കിടക്കുന്നു.

തൃക്കാക്കരയപ്പനോടൊപ്പം

"തൃക്കാക്കരപ്പോ മഹാദേവ എന്റെ പടിക്കലും വന്നേച്ചു പോണേ പൂ പൂവേയ് പൂ പൂവേയ്..."

ഉത്രാടത്തിനും തിരുവോണത്തിനും പൂക്കളത്തിൽ തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കും. പലയിടത്തും തൃക്കാക്കരപ്പൻ ഓണത്തപ്പനാണ്. 'മാതേർ' എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. എറണാകുളം ജില്ലയിലെ തൃക്കാക്കര എന്ന സ്ഥലമാണ് ഓണാഘോഷങ്ങളുടെ ആസ്ഥാനമായി കണക്കാക്കുന്നത്. ഇവിടെവെച്ചാണ് വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് എന്നാണ് ഐതിഹ്യം. മഹാവിഷ്ണുവിന്റെ പ്രതീകമായും മഹാബലിയുടെ പ്രതീകമായും തൃക്കാക്കരപ്പനെ കാണുന്നവരുണ്ട്. എങ്കിലും തെക്കൻ കേരളത്തിലാണ് തൃക്കാക്കരപ്പൻ കൂടുതലായി കണ്ടുവരുന്നത്. വളരെ വ്യത്യസ്തമാണ് ഓണത്തപ്പന്റെ രൂപവും നിര്‍മ്മിതിയും. മണ്ണുകൊണ്ടും മരംകൊണ്ടും നിർമ്മിക്കുന്ന തൃക്കാക്കരപ്പനെ കാവി മുക്കി ചുവപ്പിച്ച് ഉത്രാടനാളിൽ അരിമാവണിയിച്ച് വെക്കും. തൃക്കാക്കരയപ്പനോടൊപ്പം ഓണപ്പൂക്കളത്തിൽ പ്രതിഷ്ഠിക്കുന്ന മറ്റൊരു പ്രതിമയാണ് മാതേവർ. മണ്ണ് കൊണ്ടുണ്ടാക്കിയ പരന്ന തട്ടിന്മേൽ ശിവസങ്കൽപത്തിൽ വയ്ക്കുന്ന മണ്ണുരളയാണിത്. അങ്ങനെ തൃക്കാക്കരപ്പനും കൂടി വന്നു കഴിഞ്ഞാൽ ഓണപ്പൂക്കളം ഏകദേശം പൂർണമായി എന്ന് പറയാം.

സാധാരണയായി ഉത്രാടം ദിനത്തില്‍ പൂക്കളത്തിന് സമീപം നാക്കിലയില്‍ അഞ്ച് ഓണത്തപ്പന്റ രൂപങ്ങള്‍ വെക്കുന്നതാണ് പതിവ്. അതില്‍ നടുവില്‍ വലിയ തൃക്കാക്കരയപ്പനും ഇരുവശങ്ങളിലും താരതമ്യേന ചെറുതുമായ രൂപങ്ങളായിരിക്കും വെക്കുക. ഉത്രാടം നാള്‍ എത്തുന്നതിനു മുന്‍പേ തന്നെ ഓണത്തപ്പനെ ഉണ്ടാക്കി വെക്കാറുണ്ട്.

ഓണാഘോഷങ്ങള്‍ക്ക് തൃക്കാക്കര ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്ത ആളുകള്‍ വീടുകളില്‍ തൃത്താക്കരയപ്പന്റെ രൂപം ഇങ്ങനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങള്‍ നടത്തണമെന്നും അക്കാലത്ത് കല്പന ഉണ്ടായിരുന്നുവത്രെ.!

 

വാമനനേയും മഹാബലിയേയും ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം

വാമനനേയും മഹാബലിയേയും ഒരേപോലെ ആരാധിക്കുന്ന ക്ഷേത്രം, വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം. വിശേഷണങ്ങള്‍ നിരവധിയുണ്ട് എറണാകുളം തൃക്കാക്കര ക്ഷേത്രത്തിന്. വാമനന്റെ പാദം മണ്ണില്‍ പതിഞ്ഞയിടമാണ് പിന്നീട് തൃക്കാക്കരയായത്. 'തൃക്കാല്‍ക്കര'യാണ് പിന്നീട് തൃക്കാക്കരയായി മാറുന്നത്. മഹാക്ഷേത്രമായ തൃക്കാക്കരയില്‍ വാമനക്ഷേത്രവും ശിവക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ അല്പം പഴക്കം കൂടുതല്‍ ശിവ ക്ഷേത്രത്തിനാണ്. മഹാബലി ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യ തന്നെയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് പറയാറ്. തെക്കൻ മദ്യ കേരളത്തിൽ പൊതുവേ പച്ചക്കറി സദ്യ ആണെങ്കിലും വടക്കൻ കേരളത്തിൽ നോൺ വെജ് നിർബന്ധമാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി പന്ത്രണ്ടിലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ആവശ്യമുളളവർക്കായി ഉപ്പും വെക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും. ഇലയുടെ വലത്തെ അറ്റത്തായി അവിയലും അതിനടുത്തായി തോരനും കിച്ചടിയും പച്ചടിയും വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിലെ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക.

 വ്യത്യസ്തതയുടെ ഓണം

കൊച്ചി രാജാക്കന്‍മാരുടെ അത്തച്ചമയം

എറണാകുളത്തെ തൃപ്പൂണിത്തറയില്‍ ഓണത്തിന്റെ ഭാഗമായി അത്തം നാളില്‍ നടക്കുന്ന ആഘോഷമാണ് അത്തച്ചമയം. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷത്തിലെ ഒരിനമാണിത്. തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയര്‍ത്തുന്നതോടെയാണ് ഇതിന് തുടക്കമാവുന്നത്.

തെയ്യങ്ങളുടെ നാട്ടിലെ ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ ഓണത്തിന് മാത്രം പ്രചാരമുള്ള തെയ്യമാണ് ഓണത്തെയ്യം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഓണത്തെയ്യം അഥവാ ഓണത്താര്‍ തെയ്യം കെട്ടുന്നത് ചെറിയ ആണ്‍കുട്ടികളാണ്. മുഖത്ത് തേപ്പും ചെറിയ മുടിയും വലതു കയ്യില്‍ മണിയും ഇടതു കയ്യില്‍ ഓണവില്ലുമായാണ് ഇവര്‍ വീടുകള്‍ തോറും കൊട്ടിപ്പാടി എത്തുന്നത്.

ഓണപ്പൊട്ടൻ

ഓണത്തിന് വടക്കേ മലബാറിലെ താരം ഓണപ്പൊട്ടനാണ്. ഓണമെത്തുമ്പോൾ കൂടെ ഓണപ്പൊട്ടനും വരും. ചായം തേച്ചും ആടയാഭരണങ്ങൾ അണിഞ്ഞും താടി വെച്ച് കുരുത്തോല കെട്ടിയ കുട ചൂടി ഓണപ്പൊട്ടനെത്തും. ഓണപ്പൊട്ടൻ ഓടിയെത്തിയാൽ ആദ്യം അരി നൽകണം. പാടത്ത് വിതച്ച് കൊയ്ത നെല്ലിന്റെ പുത്തരി ആദ്യം ഓണപ്പൊട്ടന് നൽകിയാൽ കാർഷികാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവുമെന്നാണ് വിശ്വാസം. പതിറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണിത്.

തൃശൂര്‍, എറണാകുളം ജില്ലകളില്‍ മാത്രം കണ്ടുവരുന്ന ഒരു അനുഷ്ഠാനമാണ് തൃക്കാക്കരയപ്പനെ ഒരുക്കല്‍. മഹാബലിയെ വരവേല്‍ക്കാനാണ് ഇങ്ങനെ ഒരുക്കുന്നതെന്നാണ് പഴമക്കാർ പറയുന്നത്.

പുലികളി എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം ഓര്‍മ്മ വരിക തൃശൂര്‍ തന്നെയാണ്. നാലാമോണത്തിന്റെ അന്ന് വൈകിട്ടോടെയാണ് ഇവിടെ പുലികളിക്ക് തുടക്കമാവുക.

ആറന്മുള വള്ളസദ്യ

രുചി പെരുമ കൊണ്ടും ഭക്തരുടെ ബാഹുല്യം കൊണ്ടും പേര് കേട്ടതാണ് ആറന്മുള വള്ളസദ്യ. തിരുവോണത്തോണിക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ വർഷവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണിത്. വഴിപാട് സമര്‍പ്പിച്ചാല്‍ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങിയാണ് സദ്യക്ക് ഒരുക്കങ്ങള്‍ തുടങ്ങുക. വള്ള സദ്യ വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേ ദിവസം രാവിലെ ആറന്മുള ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകള്‍ തുടങ്ങും. 'ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും' എന്നാണ് സങ്കല്പം. വള്ളപ്പാട്ടിലൂടെയായിരിക്കും സദ്യയുടെ വിഭവങ്ങള്‍ വിളമ്പാന്‍ ആവശ്യപ്പെടുക. ആദ്യം ഇലയിൽ 48 വിഭവങ്ങൾ കാണും.

അതിനു ശേഷമുള്ള വിഭവങ്ങളാണ് പാട്ടുംപാടി ചോദിച്ചു വാങ്ങുന്നത്. 63 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറന്‍മുള വള്ള സദ്യയിലുൾപ്പെടുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്. തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് വള്ളസദ്യയുടെ കറികള്‍. സാമ്പാറൊഴിച്ചു കഴിഞ്ഞാല്‍ പായസം വിളമ്പുന്ന രീതി ആറന്മുള വള്ള സദ്യയില്‍ മാത്രം ഉള്ള പതിവാണ്. പരിപ്പ്, പുളിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, മെഴുക്കു പുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍ എന്നിങ്ങനെ 70-ഓളം വിഭവങ്ങളാണ് വള്ള സദ്യയില്‍ ഉണ്ടാവുക. എല്ലാ വർഷവും കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്.

തിരുവോണത്തോണി

ആറന്മുള ദേശത്തുണ്ടായിരുന്ന കാട്ടൂർ മനയിലെ കാരണവർ ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയ്യാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് പ്രസിദ്ധമായ തിരുവോണത്തോണിയായി അറിയപ്പെട്ടത്.

ഓണക്കളികൾ

സദ്യ കഴിഞ്ഞാലും വിശ്രമമില്ല. പിന്നെ ഓണക്കളികളായി, തല്ലായി, ആകെ ബഹളമയമാവും. ഓണവുമായി ബന്ധപ്പെട്ട കളികൾ നിരവധിയാണ്. പുരുഷന്മാർക്ക് പകിടകളി, വള്ളംകളി, ഓണത്തല്ല്, ഓണപ്പട, പുലികളി, അമ്മനാട്ടം, അവിട്ടത്തല്ല്, ഓണതുള്ളൽ എന്നിങ്ങനെ അനേകം വിനോദങ്ങൾ പണ്ടുകാലത്ത് ഉണ്ടായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പ്രധാന വിനോദം ഊഞ്ഞാലാട്ടമായിരുന്നു. ഏറ്റവും പഴയ ഓണക്കളികളിൽ ഒന്നാണ് ഓണത്തല്ല്. മാങ്കുടി മരുതനാരുടെ മധുരൈ കാഞ്ചിയിൽ ഓണത്തല്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തുടങ്ങി കഴിഞ്ഞാൽ ഏതെങ്കിലും ഒരു പക്ഷത്തിന് ജയം കിട്ടാതെ കളം വിട്ടു പോകരുത് എന്നാണ് നിയമം. കയ്യാങ്കളി, ഓണപ്പട എന്നൊക്കെ പേരുള്ള ഈ വിനോദത്തിന് ഇന്നും പ്രചാരം ഏറെയാണ്.

പൊതുവെ ഓണക്കാലം കേരളമാകെ ശബ്ദായമാനമായിരിക്കും. നഗരങ്ങളെ അപേക്ഷിച്ച് നാട്ടിന്‍പുറങ്ങളിലെ ആഘോഷങ്ങള്‍ താരതമ്യേന ശാന്തമായിരിക്കും. നഗരങ്ങളിലെ ഓണാഘോഷം ശബ്ദകോലാഹലങ്ങളാൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.

പൂക്കളവും സദ്യയും മാവേലിയും മാത്രമല്ല ഓണം. തിയറ്റർ ഹിറ്റുകളുടെ കാലം കൂടിയാണ്. ഇന്നും ഓണം റിലീസ് മാത്രം ലക്ഷ്യം കണ്ടു നിർമ്മിക്കുന്ന ചിത്രങ്ങളുണ്ട് മലയാളത്തിൽ. തിരുവോണത്തിന് കോടിയുടുത്ത്, അത്തം തൊട്ട് പത്ത് ദിവസം പൂക്കളമിട്ട്, തൂശനിലയിൽ സദ്യയുണ്ട്, പായസം കഴിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാവരും കൂടി ചേർന്ന് സൊറ പറച്ചിലായി. സിനിമ കാണാനായി... ഓണവിപണി ലക്ഷ്യമിട്ടാണ് പല സിനിമകളുടെയും ഷൂട്ടിങ് ആരംഭിക്കുന്നത് തന്നെ. മലയാളികളുടെ ഓണാഘോഷം ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് പൂർത്തിയാകുന്നത്.

 

സാഹിത്യത്തിലെ ഓണം

ഓണത്തെ കുറിച്ചുള്ള കവിതകളും കഥകളും പാട്ടുകളും ലേഖനങ്ങളും ഐതിഹ്യങ്ങളും നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്ററികളുമൊക്കെ മലയാളത്തിൽ ധാരാളമുണ്ട്. ഇവയൊന്നാകെ 'ഓണസാഹിത്യം' എന്നാണ് അറിയപ്പെടുന്നത്. ഓണത്തെക്കുറിച്ചുള്ള ആദ്യ വിജ്ഞാനകോശമാണ് പ്രൊഫസർ പി സി കർത്ത എഴുതിയ 'ഓണവിജ്ഞാനകോശം'. ഓണത്തെക്കുറിച്ച് വിശദമായി പറയുന്ന സംഘകാല കൃതിയാണ് മധുരൈ കാഞ്ചി. ഓണക്കോടി, ഓണസദ്യ, ഓണത്തല്ല് തുടങ്ങിയ ഓണാചാരങ്ങളെ കുറിച്ചെല്ലാം അതിൽ പരാമർശിക്കുന്നുണ്ട്.

ഓണപ്പാട്ടുകളിൽ ഏറ്റവും പ്രസിദ്ധം മഹാബലിചരിതം പാട്ട് ആണ്. ഗ്രന്ഥകർത്താവിനെക്കുറിച്ച് സൂചനകളില്ലെങ്കിലും ഒമ്പതോ പത്തോ നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണിതെന്ന് വിശ്വസിക്കുന്നു.

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം

കൂടുതൽ വിശദീകരണം ഒന്നും ഇതിന് ആവശ്യമുണ്ടാവില്ല. മലയാളികൾക്ക് ഏറ്റവും സുപരിചിതമായ ഒരു പാട്ടാണിത്. പി. കുഞ്ഞിരാമൻ നായരുടെ ചിങ്ങത്തെ കുറിച്ചുള്ള കവിതകളും കുഞ്ഞുണ്ണി മാഷിന്റെ 'ഒരു കൊച്ചു പൂക്കൂട' ഒളപ്പമണ്ണയുടെ 'വിടരാത്ത ഓണപ്പൂക്കൾ' ജി .ശങ്കരക്കുറുപ്പിന്റെ 'ഒരു പാട്ടു പാടാമോ' വൈലോപ്പിള്ളിയുടെ 'ഓണപ്പാട്ടുക്കാർ' എന്നിങ്ങനെ നീണ്ടു പോകുന്നു ഓണക്കവിതകൾ. ഒട്ടനവധി സിനിമ പാട്ടുകളിലും ഓണം വിഷയമായിട്ടുണ്ട്. എല്ലാതരത്തിലും ഇത്രയധികം ആഘോഷിക്കപ്പെടുന്ന വേറൊരു ഉത്സവം ഉണ്ടാവില്ല.

ഓണപ്പദങ്ങൾ

1. ഓണക്കാഴ്ച - പണ്ട് ഉത്രാടനാളിൽ ജന്മിക്ക് കുടിയന്മാർ കാർഷിക ഉത്പന്നങ്ങൾ കാഴ്ചവയ്ക്കുന്ന പതിവിനെയാണ് ഓണക്കാഴ്ച എന്ന് പറയുന്നത്.

2. ഓണമൂട്ട് - സമ്പന്ന വീടുകളിൽ ഓണത്തിന് അടിയന്മാർക്കും നാട്ടുകാർക്കും നൽകുന്ന സദ്യ. ഓണപ്പിറ്റേന്നോ ചതയത്തിനോ ആണ് ഓണമുട്ട് നടത്തുക.

3. ഓണവില്ല് -മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഓണക്കാലത്താണ് വില്ല് കൂടുതൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഓണവില്ല് എന്നും ഇതിന് പേരുണ്ട്. ചില പ്രദേശങ്ങളിൽ ഓണത്തെയ്യം(ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.

4. ഓണക്കുറി - തിരുവോണനാൾ രാവിലെ കുളി കഴിഞ്ഞ് ചാർത്തുന്ന ചന്ദനക്കുറി.

5.ഓണത്താർ - ഉത്തരകേരളത്തിൽ വീടുകളിൽ വന്ന മഹാബലി സ്തുതികൾ പാടിയിരുന്ന തെയ്യം.

6.ഓണപ്പക്കി - ഓണത്തുമ്പി

7. ഓണോട്ടൻ - 'ഓണോട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി' എന്നൊരു ചൊല്ലുണ്ട്. വിതച്ചാൽ വേഗം മൂപ്പ് എത്തുന്ന ഒരിനം നെല്ലിനമാണിത്.

8. ഓണപ്പുട - ഓണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി അറിയപ്പെടുന്ന മലപ്പുറത്തുള്ള ഒരു ഗ്രാമം. ഇവിടുത്തെ കളരിക്കൽ കുടുംബം തറവാട്ടിൽ എത്തുന്നവർക്ക് എല്ലാ വർഷവും ഓണത്തിന്റെ അന്ന് ഓണപ്പുടവ നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഓണപുടവ ലോപിച്ച് ഓണപ്പുടയായി.

ഓണത്തിന്റെ രീതികൾ കാലത്തിനൊപ്പം വളരെയധികം മാറിയിട്ടുണ്ട്. ഓണത്തെ കാത്തിരിക്കുന്ന തലമുറ മാറി. ഓണാഘോഷങ്ങൾ മാറി. മാറാത്തത് ഓണം എന്ന വികാരമാണ്. എത്ര തലമുറ കഴിഞ്ഞാലും അതിങ്ങനെ മനസിന്റെ ആഴങ്ങളിൽ തെളിഞ്ഞു നിൽക്കും.

Tags:    
News Summary - Onam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.