തിരുവാതിര ഞാറ്റുവേലയും കർക്കിടകത്തിന്റെ കൂരിരുട്ടും കഴിഞ്ഞ് ചിനുങ്ങിപ്പെയ്ത ചിങ്ങ മഴയിൽ കുതിർന്ന് നിൽക്കുന്ന പുൽ തകിടിൽ വെള്ള മുത്ത് പോലെ പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ, മഞ്ഞിൽ പൊതിഞ്ഞ പനനീർ പൂക്കളും, വർണ്ണം വാരിവിതറിയത് പോലെ അരിപ്പൂക്കളും, 'വണ്ണാത്തിക്കണ്ടി'പറമ്പിൽ കാഴ്ചകൾ ഒരുപാടുണ്ടായിരുന്നു.
അവിടെയാണ് ഓലക്കണ്ണിയിൽ മെടഞ്ഞുണ്ടാക്കിയ കുഞ്ഞു കൂടയുമായി വന്ന കൂട്ടുകാരോടൊത്ത് പൂപ്പറിച്ചതും, ഇടക്ക് കയറി വന്ന തുമ്പിയുടെയും പൂമ്പാറ്റയുടെയും പിറകെ ഓടിയതും. പിന്നെ പുളിമരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആകാശത്തോളം ആടിതിമിർത്തതും, പറമ്പിന്റെ തെക്കെ മൂലയിലുള്ള മഴക്കുഴിയിൽ ചാടി മുങ്ങാംകുഴിയിട്ടതും. മണിയും കിലുക്കി വന്ന ഓണപൊട്ടന്റെ പിറകെ നടന്നതും.
എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് കയറുമ്പോൾ ഉമ്മ കാത്തിരിപ്പുണ്ടാകും-'പര പര വെളുത്തപ്പോൾ ഇറങ്ങിപ്പോയതാണ്, ഉച്ചയെരിഞ്ഞപ്പോൾ കയറിവന്നിരിക്കുന്നു'എന്നുപറഞ്ഞ് രണ്ടു പെടയോടെയാകും ഉമ്മ സ്വാഗതം ചെയ്യുക. അതും കൈപ്പറ്റി മുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മെടയാൻ വെട്ടിയിട്ട ഓലകളുടെ അരികിലുണ്ടായ സിമന്റ് ജാടിയിൽ നിന്നും വെള്ളം തലയിലേക്ക് ഒഴിച്ച് ലൈഫ്ബോയ് സോപ്പും തേച്ച് വിശാലമായൊന്ന് കുളിക്കും. പിന്നെ ബലിപെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പും അണിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ, കൂട്ടുകാരൻ ബൈജു വേലിക്കൽ കാത്തിരിപ്പുണ്ടാവും... എടാ ...! നിന്നെയും കൂട്ടി വരാൻ പറഞ്ഞു അമ്മ.
അവിടെ നിക്കേ ഞാനുമ്മാനോട് പറഞ്ഞ് ഇപ്പോ വരാം...കൈതോല പായയിൽ തൂശനില വിരിച്ച് അതിൽ കുത്തരിച്ചോറും സാമ്പാറും വിളമ്പും അവന്റെ അമ്മ. അവീല്, തോരൻ,പരിപ്പ്, പപ്പടം, തുടങ്ങി വിഭവ സമൃദ്ധമായ സദ്യതന്നെയാകും അത്. അതിന് പിറകെ വരുന്ന പാലട പ്രഥമനും കഴിച്ച് റേഡിയോയിൽ നിന്നൊഴുകി വരുന്ന ചലച്ചിത്ര ഗാനങ്ങളും കേട്ടിരുന്ന് ഉച്ച തിരിയും.
വെയില് താഴുന്നതോടെ പിന്നെയും പതിയെ കളിക്കളത്തിലേക്ക്. കളിക്കളത്തിൽ ടീം സെറ്റായി നിൽപുണ്ടാവും. തലപ്പന്ത് കളിയാണ് പ്രധാന ഇനം. പിന്നെ ചട്ടി കുട്ടാപ്പ്, കബടി, കള്ളനും പൊലീസും കളിയിൽ എല്ലാവർക്കും താൽപര്യം കള്ളനാവാനായിരിക്കും. നേരം ഇരുട്ടുന്നതുവരെ ആർത്തുല്ലസിച്ചുള്ള കളി.
രാത്രി ഉറങ്ങാൻ കിടന്നാൽ പത്തു ദിവസത്തെ അവധി കഴിഞ്ഞ് സ്കൂളിലേക്കു പോകുന്ന കാര്യമോർത്ത് നെടുവീർപ്പിടും. കളിയും കാര്യവും ഓർത്ത് കിടക്കെ അറിയാതെ മയക്കത്തിലേക്ക് വഴുതി വീഴും. എത്ര സുന്ദരമായിരുന്നു ആ കാലം!
കഴിഞ്ഞ ഓണത്തിന് നാട്ടിലുണ്ടായിരുന്നപ്പോൾ വണ്ണാത്തിക്കണ്ടി പറമ്പിലൂടെ ഒന്നു നടന്നു. ഒരു വീട് മാത്രമുണ്ടായിരുന്ന പറമ്പിൽ പന്ത്രണ്ട് വീട് വന്നിരിക്കുന്നു. തുമ്പ പൂക്കൾക്ക് പല്ല് കാണിച്ച് ചിരിക്കാനിടമില്ലാതായിരിക്കുന്നു. മരങ്ങൾ നിന്നിടങ്ങളെല്ലാം മതിലുകളും കോൺക്രീറ്റുകളും കീഴടക്കിയിരിക്കുന്നു.
ബൈജുവിന്റെ വീട്ടിലെ ഓണസദ്യ മാത്രം പഴയതിലും കേമമായി ബാക്കിയുണ്ട്. പ്രവാസത്തിലെ ഹുമിഡിറ്റിയുടെ നീറ്റലിൽ പൊന്നോണത്തിന്റെ മധുരമൂറുന്ന ആ കുട്ടിക്കാലം മനസ്സിനുള്ളിൽ കുളിർ മഴ പോലെ പെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.