കുവൈത്ത് സിറ്റി: ഇന്ന് അത്തം. ഓണപ്പുലരിക്ക് കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം ഇന്ന് പൂക്കളമിട്ടുകൊണ്ട് ആരംഭിക്കുകയായി. പൂക്കളമിട്ടും ഓണ ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസ്സിൽ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങളാണിനി. മാവേലിമന്നനെ വരവേൽക്കാൻ ഇനി പത്തു നാൾകൂടി.
അത്തം ദിനത്തില്‍ ഇടുന്ന പൂക്കളം അത്തപ്പൂ എന്നറിയപ്പെടുന്നു. ഒരുമയുടെയും നന്മയുടെയും പത്തു ദിനങ്ങൾക്കുകൂടിയാണ് അത്തം തുടക്കംകുറിക്കുന്നത്. പൊന്നിന്ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷകൾ പങ്കുവെക്കുന്നു.
രണ്ടുവർഷം കോവിഡ് തടസ്സപ്പെടുത്തിയ ആഘോഷങ്ങൾ ഈ ഓണക്കാലത്തോടെ തിരിച്ചുവരുകയാണ്. മനസ്സ് നിറയെ ആഹ്ലാദവുമായി ഇനി പത്തുനാൾ കഴിച്ചുകൂട്ടാം. പൂക്കളുടെ നിറങ്ങളും അത്തച്ചമയവുമായി ഓണത്തെ വരവേൽക്കാം. പൂക്കളുടെയും പൂവിളിയുടെയും ആരവം ഓരോ ഓണക്കാലവും ഓർമപ്പെടുത്തുന്നു.
വീടും നാടും വിട്ടു മാറിനിൽക്കുന്നവർക്ക് മനസ്സുനിറയെ ഗൃഹാതുരത്വത്തിന്റെ അലയടികൾ ഉയരുന്ന നാളുകൾ. തുമ്പപ്പൂക്കൾ നിറഞ്ഞ പറമ്പുകളും നാട്ടുവഴികളും വയൽവരമ്പുകളും ഓർമകളിൽ നിറവും മണവും പരത്തുന്ന വേള. തുമ്പയും തുളസിയും മൂക്കുറ്റിയും നിറഞ്ഞ പൂക്കളം ഓർമയായെങ്കിലും 'ഉള്ളതുകൊണ്ട് ഓണംപോലെ എന്ന ചൊല്ല്'പോലെ കിട്ടുന്നതുകൊണ്ട് പൂക്കളം ഒരുക്കുന്നവരാണ് പ്രവാസികൾ.
ജീവിതത്തിരക്കുകൾക്കിടയിൽ അതു നൽകുന്ന കുളിർമ ചെറുതല്ല. സെപ്റ്റംബര്‍ ഏഴിനാണ് ഒന്നാം ഓണം. സെപ്റ്റംബര്‍ എട്ടിന് തിരുവോണം, ഒമ്പതിന് മൂന്നാം ഓണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.