ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ വഴിയോരത്ത് വിവിധ വർണങ്ങളിലെ പൂക്കളം നിറഞ്ഞു. ബൈപാസ് മേൽപാലത്തിന് താഴെയുള്ള തൂണുകൾക്കിടയിൽ വിരിഞ്ഞത് 48 പൂക്കളങ്ങളാണ്. ആലപ്പുഴ നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി 52 വാര്‍ഡിലെ എ.ഡി.എസ് ഗ്രൂപ്പുകളിലെ വനിതകൾ മത്സരത്തിൽ മാറ്റുരച്ചു. ഇത് കാഴ്ചക്കാർക്കും സഞ്ചാരികളടക്കമുള്ളവർക്കും കൗതുകക്കാഴ്ചയായി. ആലപ്പുഴ ബീച്ചിലെ വിജയ് പാർക്ക് മുതൽ കാറ്റാടിമരം വരെയുള്ള ഒരുകിലോമീറ്റർ ദൂരത്തിലാണ് വലുതും ചെറുതുമായ വർണാഭമായ പൂക്കളങ്ങൾ നിറച്ചത്.
രാവിലെ 10 മുതൽ ആരംഭിച്ച മത്സരം ഉച്ചവരെ നീണ്ടു. മുഖ്യാതിഥിയായി പങ്കെടുത്ത എ.എം. ആരിഫ് എം.പിക്കൊപ്പം പൂക്കളത്തിന്‍റെ ഫോട്ടോയും സെൽഫിയും എടുത്താണ് മത്സരാർഥികൾ മടങ്ങിയത്.കേരളത്തിന്‍റെ തനത് രൂപങ്ങളായ കഥകളിയും ആലപ്പുഴയുടെ വള്ളംകളിയുമെല്ലാം പൂക്കളത്തിന് വിഷയമായി. മത്സരത്തിനൊപ്പം ഓണത്തെ വരവേറ്റ് നടത്തിയ ദൃശ്യവിരുന്നിൽ കൗൺസിലർമാരും അണിനിരന്നു. നൂറുകണക്കിനാളുകൾ പൂക്കളങ്ങൾ കാണാനെത്തി. എം.എല്‍.എ മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്.സലാം എന്നിവരും എത്തിയിരുന്നു.
വിഷ്വല്‍ കലാകാരന്മാരായ അമീന്‍ ഹലീല്‍, വി.എസ്. ബ്ലോഡ്സോ എന്നിവരുടെ നേതൃത്വത്തിൽ മൂല്യ നിർണയം നടത്തി. ചൊവ്വാഴ്ച ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓണോഘോഷവേദിയിൽ വിജയികളെ പ്രഖ്യാപിക്കും. മികച്ച അത്തപ്പൂക്കളത്തിന് 10,000 രൂപയും രണ്ടാംസമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമുണ്ട്. പങ്കെടുത്ത എ.ഡി.എസ് ഗ്രൂപ്പുകള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, അത്തപ്പൂക്കള കമ്മിറ്റി ചെയര്‍പേഴ്സൻ ഹെലൻ ഫെര്‍ണാണ്ടസ്, കണ്‍വീനര്‍ ശ്രീലേഖ, എ.ഡി.എസ് ചെയര്‍പേഴ്സൻമാരായ സോഫിയ അഗസ്റ്റ്യന്‍, ഷീലമോഹന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.