കോഴിക്കോട്: കേരള ടൂറിസം സംഘടിപ്പിച്ച പാചകമത്സര വിജയികള്‍ കുടുംബസമേതം ഓണസദ്യയിലും ഓണപ്പൂക്കളത്തിലും പങ്കെടുത്ത് കേരള സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളല്ലാത്ത ആര്‍ക്കും പങ്കെടുക്കാവുന്നതായിരുന്നു കേരള പാചക മത്സരം. ഇതിൽ വിജയികളായ 10 കുടുംബങ്ങളാണ് കേരള സന്ദര്‍ശനത്തിനെത്തിയത്. അഞ്ച് കുടുംബങ്ങള്‍ വിദേശീയരാണ്. നഗരത്തിലെ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കണ്ടതിനുശേഷം റാവിസ് ഹോട്ടലിലായിരുന്നു ഓണാഘോഷം. അവിടെ പൂക്കളമൊരുക്കിയും സദ്യയുണ്ടും ആഘോഷം അവർ അവിസ്മരണീയമാക്കി.
സന്ദർശനം ആസ്വദിക്കുകയാണെന്ന് റഷ്യയില്‍നിന്നുള്ള വിജയി സ്വെറ്റാഷോവ നതാലിയ പറഞ്ഞു. വിഭവങ്ങളുടെ രുചിയെക്കുറിച്ചാണ് പശ്ചിമബംഗാളില്‍നിന്നുള്ള വിധിചുഗ് വാചാലയായത്. അഥീന അയോണ പാന്റ (യു.കെ), മോറോസോവ് നികിത(റഷ്യ), റോക്സാന ഡാന സൈലാ (റുമേനിയ), യുകി ഷിമിസു (ജപ്പാന്), രമാലക്ഷ്മി സുന്ദരരാജന്(തെലങ്കാന), ജയ നാരായണ്‍ (മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരന് (കര്‍ണാടക), വിന്നി സുകാന്ത് (ആന്ധ്രപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റു വിജയികള്‍.
2020 ഡിസംബര്‍ 21 മുതല്‍ 2021 ആഗസ്റ്റ് 21വരെയായിരുന്നു മത്സര സമയം. മൊത്തം 11,605 പേര് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 8600 പേര് രാജ്യത്തിനകത്തു നിന്നും 2,629 പേര് വിദേശത്തു നിന്നുമായിരുന്നു. വിഡിയോ എന്‍ട്രികള്‍ കേരള ടൂറിസത്തിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു. വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം 359 വിഡിയോകള്‍ അപ് ലോഡ് ചെയ്തു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് 10 വിജയികളെ പ്രഖ്യാപിച്ചത്. നാലംഗ ജൂറിയുടെ ഫലപ്രഖ്യാപനം നടത്തിയത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. വിജയികള്‍ക്ക് സൗജന്യമായി കേരള സന്ദര്‍ശനവും ഏര്‍പ്പെടുത്തിയിരുന്നു. സംഘം ബേപ്പൂര്‍ കടപ്പുറവും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.