സ്മിത ദീപു
കോവിഡ് മഹാമാരി താണ്ഡവം തുടങ്ങിയിട്ട് മൂന്നു വർഷത്തോടടുക്കുന്നു. ആഘോഷങ്ങളും കൂട്ടംചേരലുകളും ലോകത്തിനു നഷ്ടപ്പെട്ടിട്ടും ഏതാണ്ട് അത്രയുംതന്നെയായി. മനുഷ്യമനസ്സുകളിൽ കോവിഡ് ഏൽപിച്ച ഭീതിയുടെ കരിനിഴൽ മാറിവരുന്നതേയുള്ളൂ. എങ്കിലും ചുറ്റുമൊന്നു കണ്ണോടിച്ചുനോക്കുമ്പോൾ അങ്ങിങ്ങ് ചെറിയ സന്തോഷങ്ങളും പ്രത്യാശകളും വാരിവിതറിത്തുടങ്ങിയതായി കാണാം. വൈറസിനൊപ്പം ജീവിക്കാൻ ഉറപ്പിച്ച, അതിനെതിരെ പോരാടുന്ന നഴ്സിങ് സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന ഒരാളാണ് ഞാൻ.
കോവിഡ് രോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുവെങ്കിലും ആഘോഷങ്ങളെ നെഞ്ചോടുചേർക്കുന്ന മറ്റേതൊരു മലയാളിയെപ്പോലെ എന്റെ മനസ്സിനെയും അതിൽ നിന്നെങ്ങനെ മാറ്റിനിർത്താൻ പറ്റും. അതുകൊണ്ടാവും 'മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് പാടിനടന്നിരുന്ന ആ നാളുകളുടെ ഓർമകൾ കടന്നുവരുമ്പോഴെല്ലാം മനസ്സും പട്ടം പോലെ ഉയർന്നുപറക്കുന്നത്. പറക്കലിന്റെ അവസാനം എത്തിനിൽക്കുന്നതാവട്ടെ മഴവില്ലിൻ ഏഴു വർണങ്ങൾ വാരി വിതറുന്ന അത്തപ്പൂക്കളത്തിലാണ്.
പങ്കുവെക്കലിന്റെ, സമൃദ്ധിയുടെ, ആഹ്ലാദത്തിന്റെ കൂടിച്ചേരലുകൾ നടക്കുന്ന ഓണമുറ്റത്താണ്. ചിങ്ങമാസം പിറക്കുമ്പോൾ തുടങ്ങുന്ന ഒരുക്കങ്ങൾ ഉത്രട്ടാതി വള്ളംകളിയോടുകൂടി അവസാനിക്കും. വർഷത്തിലൊരിക്കൽ കിട്ടുന്ന പുതിയ വസ്ത്രങ്ങൾ ധരിച്ച് തുമ്പയും ചെത്തിയും മുക്കുറ്റിയും ശേഖരിച്ച് പൂക്കളം ഒരുക്കി നടന്നിരുന്ന നിഷ്കളങ്ക ബാല്യകാലത്തിന്റെ ഓർമകൾ. അത് തരുന്ന ഊർജം വിശേഷണാതീതമാണ്. ഒപ്പമുണ്ടായവർ അവസാന നിമിഷത്തിൽ അടുത്തുണ്ടാകണം എന്നാഗ്രഹിച്ചിട്ടും അതിനു സാധിക്കാത്ത രോഗികളുടെ നിസ്സഹായാവസ്ഥയിൽ ഞങ്ങൾ നഴ്സുമാർ നൽകുന്ന ഒരു പുഞ്ചിരിയാകും അവർക്ക് തെല്ലാശ്വാസം നൽകുക. എന്നാൽ, ഇന്ന് ആ പുഞ്ചിരിയും മുഖാവരണങ്ങളാൽ വേദനയോടെ മറച്ചുകളയേണ്ടിവന്നു ഞങ്ങൾക്ക്. അന്ന് പങ്കുവെക്കലിന്റെ മാഹാത്മ്യമായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് പറയുന്നത് ഒന്നും പങ്കു വെക്കരുത്, കോവിഡ് രോഗം വരും എന്നാണ്. എല്ലാം മഹാമാരി പ്രതിരോധിക്കാൻ ആണെങ്കിൽപോലും ഒറ്റ ചോദ്യം. നമുക്കും ശ്രമിച്ചുകൂടേ, കമ്പ്യൂട്ടറിലും ഓൺലൈൻ ക്ലാസുകളിലും ജീവിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരുപിടി നല്ല ഓർമകൾ കൊടുക്കാൻ.
കോവിഡിനൊപ്പം ജീവിതം തുടരുമ്പോൾ ഓണവും ഓണാഘോഷവും ഓര്‍മകളില്‍ മാത്രമായി മാറാതെയിരിക്കാൻ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.