ഓർമകളുടെ വസന്തകാലമാണ് പൊന്നോണം. ബാല്യകാലത്തിന്റെ, ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഓണത്തിൽ ചാലിക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്റെ ബാല്യകാലം കണ്ണൂർ ജില്ലയിലെ തോട്ടട എന്ന ചെറിയ ഗ്രാമത്തിലായിരുന്നു. പ്രാരാബ്ധവും ബുദ്ധിമുട്ടും അനുഭവിച്ച കൂട്ടുകുടുംബത്തിന്റെ ഭാഗമായിരുന്നു ഞാൻ. എന്നാൽ, അവിടെയും ഓണം പ്രതീക്ഷയുടെ പുത്തനുണർവായിരുന്നു.
അത്തംനാളിൽ പൂവിട്ടുതുടങ്ങിയാൽ തിരുവോണവും കഴിഞ്ഞ് മകംനാൾ ശീവോതിയെ വീട്ടിൽ ഐശ്വര്യമായി എത്തിക്കുന്നത് വരെ നീളുന്ന ഓണക്കാലം. പൂ തേടി അലയലാണ് അന്നത്തെ പ്രാധാന കാര്യം. ദൂരെ മണിയെട്ടാംപാറയിൽ നിറയെ പൂക്കളുണ്ടെന്ന് കൂട്ടുകാർ പറഞ്ഞറിഞ്ഞിരുന്നു. പക്ഷേ, എങ്ങനെ പോകും? ദേശീയപാത മുറിച്ചുകടന്നു പോകണം. മാത്രമല്ല, നിറയെ ഇടവഴികളാണ്. അമ്മയാണെങ്കിൽ പോകാൻ അനുവദിക്കില്ല. എന്നാലും എന്നെ മണിയെട്ടാംപാറയിലേക്കു നയിച്ചു.
മറ്റാരും അറിയാതെ പൂക്കുടവുമായി ഞാൻ നടന്നു. ഒരാളുടെ ഉയരത്തിൽ കല്ലുകൾകൊണ്ട് കെട്ടിയ ഇട വഴിയാണ്. പരിസരം വിജനം. ഒരു നായെങ്ങാനും ആ വഴി വന്നാൽ പേടിയാണ്. ധൈര്യം സംഭരിച്ച് നടന്നു- വരുന്നിടത്തുവെച്ചു കാണാം.
ഇടവഴി തുടങ്ങുന്നിടത്ത് പാത്തുമ്മ ക്ഷീണം മാറ്റാൻ നിൽക്കുന്നുണ്ടായിരുന്നു. വലിയ ആശ്വാസം തോന്നി. പാത്തുമ്മയെ നാട്ടിൽ എല്ലാവർക്കും അറിയാം. കഷ്ടത നിറഞ്ഞ ജീവിതമാണ് അവരുടേത്. വാർധക്യത്തിലും എപ്പോഴും അവർ ജോലിചെയ്താണ് ജീവിക്കുന്നത്. എന്നാലും എപ്പോഴും ചിരിച്ചുകൊണ്ടും സ്നേഹത്തോടെയും മാത്രമേ പാത്തുമ്മയെ കണ്ടിട്ടുള്ളൂ.
''മോൻ എഡിയാ പോകുന്നെ...?''
''പൂപറിക്കാൻ മണിയെട്ടാംപാറയിലാ''.
''സൂക്ഷിക്കണേ, നിറയെ പാമ്പുണ്ട്''; എന്റെ പേടി ഒന്നുകൂടി വർധിച്ചു. എന്നാലും വിട്ടില്ല, നിറയെ തുമ്പപ്പൂവും മുക്കുറ്റിയും പേരറിയാത്ത നിറമുള്ള പല പൂക്കളും നിറച്ച് ഞാൻ മണിയെട്ടാംപാറ ഇറങ്ങുമ്പോൾ പാത്തുമ്മ താഴെ നിൽപുണ്ടായിരുന്നു. നിറഞ്ഞ വാത്സല്യത്തിന്റെ പൂക്കളുമായി.
''കുറച്ചു വെള്ളം കോടയണം, എന്നാലേ പൂക്കള് വാടാതിരിക്കൂ...''പാത്തുമ്മയുടെ സ്നേഹോപദേശം സ്വീകരിച്ചു ഞാൻ മടങ്ങി.
വീട്ടിൽ എത്തിയപ്പോൾ അമ്മ റേഷൻകടയിൽ ഓണത്തിന്റെ അരിയും പഞ്ചസാരയും കൊടുക്കുന്നുണ്ട്, വാങ്ങി വരണം എന്നുപറഞ്ഞു. നേരെ അങ്ങോട്ടായി യാത്ര. നമ്മൾ മലബാറുകാർക്ക് വിശേഷദിവസം സദ്യക്ക് കോഴിയും മീനും ഒക്കെയുണ്ടാവും. തെക്കന്മാർ നമ്മളെ നോൺവെജ് സദ്യയെന്ന് കളിയാക്കാറുണ്ടെങ്കിലും അതിന്റെ കാരണത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
നമ്മുടെ വീട്ടിൽ കോഴിയെ വളർത്താറുണ്ട്. പൂവൻകോഴി വലുതായാൽ അമ്മ പറയും, അതിനെ അടുത്ത ഓണത്തിന് കറിവെക്കാം. വിശേഷ ദിവസങ്ങളിൽ മാത്രമാണ് കോഴിക്കറി കഴിക്കാൻ യോഗം ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ അതായിരിക്കാം, അല്ലെങ്കിൽ മലബാറിൽ ഹിന്ദുക്കളും മുസ്‍ലിംകളും സാമുദായിക സൗഹാർദത്തോടെ ഇടകലർന്നു ജീവിക്കുന്നതുമാകാം കാരണം.
എന്തുമാവട്ടെ റേഷൻകട ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു, കടക്കാരൻ രവിയേട്ടൻ തിരക്കോടു തിരക്കാണ്. റേഷൻ കാർഡ് അട്ടിയായി വെച്ചിട്ടുണ്ട്. ഒരു കല്യാണത്തിനുള്ള ആൾക്കാരുണ്ടവിടെ. പലർക്കും കൂടുതൽ അരിയും സാധങ്ങളും കിട്ടുന്നതിന്റെ സന്തോഷം. മറ്റു പലർക്കും കടം വാങ്ങി സാധനം വാങ്ങിക്കേണ്ടതിന്റെ വിഷമങ്ങൾ. എല്ലാം ഇടകലർന്ന മുഖങ്ങൾക്കിടയിൽ വീണ്ടും പാത്തുമ്മയെ ഞാൻ കണ്ടു.
''അല്ല, പാത്തുമ്മ ഈ തിരക്കിന്റെ ഇടയിൽ വരണമായിരുന്നോ; ഓണമൊക്കെ കഴിഞ്ഞിട്ട് വന്നാപ്പോരേ...?''രവിയേട്ടൻ ഇത്തിരി ദേഷ്യംകലർന്നു പറഞ്ഞു. അപ്പോഴും ചിരിച്ചുകൊണ്ട് പാത്തുമ്മ പറഞ്ഞു -''അല്ല മോനെ, ഓണത്തിന്റെ സ്പെഷൽ അരിയും പഞ്ചാരയും തീർന്നുപോകില്ലേ, അതോണ്ടല്ലേ വന്നത്. പണമുണ്ടായിട്ടല്ല, കടം വാങ്ങീട്ടാ...''
ഞാൻ ആലോചിച്ചു: ശരിയാണ് ഓണം നമുക്ക് മാത്രമല്ലല്ലോ; പാത്തുമ്മാക്കും ഉണ്ടല്ലോ...
അതെ, ഓണം ഒരുമയുടെ, സ്നേഹത്തിന്റെ, സൗഹാർദത്തിന്റെ ഓർമപ്പെടുത്തലാണ്. കാലം എത്രകഴിഞ്ഞാലും പാത്തുമ്മയും ഓണവും മനസ്സിനെ എന്നും പൂവണിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.