കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി അന്വർഥമാക്കുന്ന ഓണവിശേഷങ്ങളായിരുന്നു എന്റെയൊക്കെ ചെറുപ്പകാലം. പട്ടിണിയും പരിവട്ടവുമായി കാർഷിക മേഖലയിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഗ്രാമവാസികൾ ഏറെയുള്ള ഗ്രാമമായിരുന്നു കുന്നോത്ത്. ഓണക്കാലത്ത് വിളവെടുക്കുന്ന രീതിയിൽ കാർഷികവൃത്തിയും മറ്റും നടത്തി ഉപജീവനമാർഗം നടത്തുന്ന ഇത്തരം ഗ്രാമവാസികളുടെ ഓണം എന്നും ആശങ്കകൾ നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് ചാണകം മെഴുകി ഒരുക്കിയ തറയിൽ മുറ്റത്ത് പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ ഞങ്ങളെല്ലാം തയാറാവും. ഓലകൊണ്ട് മെടഞ്ഞ പൂക്കൂടയിൽ നീലപ്പൂവും കൃഷ്ണപ്പൂവും നാട്ടിൻപുറങ്ങളിൽനിന്നു ശേഖരിക്കുന്ന മറ്റു പൂക്കളും ചേർത്ത് രാവിലെതന്നെ മുറ്റത്ത് പൂക്കളം ഒരുക്കും.
നാട്ടിലെ വിവിധ ക്ലബുകൾ ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരവും മറ്റും നടത്തി ഓണാഘോഷത്തിന്റെ മാറ്റുകൂട്ടും. അങ്ങനെ ഉത്രാടദിനവും തിരുവോണത്തിന്റെ ഉച്ചകഴിഞ്ഞുള്ള സമയവും ഉത്സവാന്തരീക്ഷംതന്നെയായിരുന്നു ഞങ്ങൾക്ക്. ഉത്രാടപ്പാച്ചിൽ എന്ന് പറഞ്ഞതുപോലെ ഞങ്ങളുടെ അടുത്ത പട്ടണമായ ഇരിട്ടിയിലെ വഴിയോരക്കച്ചവടം മറക്കാനാവത്ത അനുഭവമാണ്.
ഞങ്ങൾ വടക്കേ മലബാറുകാർക്ക് ഓണം എന്നു പറഞ്ഞാൽ കോഴിക്കറിയും മീനും ഒക്കെയുള്ള വിഭവങ്ങൾ അടങ്ങിയ സദ്യയായിരുന്നു. ഇപ്പോൾ പല വീടുകളിലും സദ്യയിൽ മാറ്റം വന്നിരിക്കുന്നു. അന്നത്തെ ദിവസം അടുത്തുള്ള ടാക്കീസിൽ പോയി ഒരു സിനിമയും കണ്ട് ഓണത്തിന് അവസാനം കുറിക്കും. ഇന്ന് ഓണാഘോഷത്തിന്റെ ഗ്രാമീണ കാഴ്ചകളും അനുഷ്ഠാനങ്ങളും കുറഞ്ഞെങ്കിലും ഉത്സവത്തിന്റെ മാധുര്യം വർധിപ്പിച്ചു.
പ്രവാസലോകത്ത് ഓണം അടുത്ത ക്രിസ്മസ് വരെ നീണ്ടുനിൽക്കുന്ന ആഘോഷപരമ്പരയാണ്. നാട്ടിലെ ഗ്രാമീണത ഒഴികെ ബാക്കിയെല്ലാം പുനരാവിഷ്കരിച്ചു കൊണ്ടുള്ള ഓണാഘോഷങ്ങൾ ഇവിടെ കാണാം. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും സാംസ്കാരിക പാരമ്പര്യങ്ങൾ സമ്മേളിക്കുന്ന പ്രവാസലോകത്തെ ഓണാഘോഷങ്ങൾ വേറിട്ട അനുഭവങ്ങൾതന്നെയാണ്.
ഓണസദ്യ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമയാണ്. വിവിധ കുടുംബങ്ങൾ ഭക്ഷണങ്ങൾ പരസ്പരം പങ്കുവെച്ച് ഉണ്ടാക്കുമ്പോൾ വ്യത്യസ്ത അനുഭവമായിരുന്നു. ജോലിസ്ഥലമായ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (അമ്മാൻ ബ്രാഞ്ച്) മലയാളി അധ്യാപകർ അവരുടെ പരിമിതിക്കുള്ളിൽനിന്ന് നടത്തുന്ന ഓണസദ്യ ഈ സമയത്ത് ഓർക്കുന്നു. വീട്ടിൽനിന്നു കൊണ്ടുവരുന്ന വ്യത്യസ്ത വിഭവങ്ങൾ പങ്കുവെച്ചുനടത്തുന്ന പരിപാടി മലയാളികളുടെ ഓണത്തോടുള്ള ആഭിമുഖ്യം വെളിവാക്കുന്നതാണ്.
ഒരു വർഷം അവധിദിനത്തിൽ 150ൽ പരം സ്റ്റാഫുകൾക്കായി സ്കൂളിൽ ഓണസദ്യ സംഘടിപ്പിച്ചത് മറക്കാനാകാത്ത ഓർമയായി നിൽക്കുന്നു. മലയാളികൾ എവിടെയുണ്ടോ അവിടെ ഓണം ഉണ്ട്. ജാതി, മത, ചിന്തകൾക്കതീതമായി നന്മയുടെ, സന്തോഷത്തിന്റെ മധുരം പകരുന്ന ഓണം ഒരിക്കലും മലയാളികളായ നമുക്ക് നഷ്ടപ്പെടുത്താൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.