ബാലരാമപുരം: ഓണത്തെ വരവേൽക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങൾ. ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ. ബാലരാമപുരം കൈത്തറി മേഖലക്കുവേണ്ടി രാപകൽ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരു വിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാർ. ഇവരെ ഇന്നും കൈത്തറി മേഖലയിൽ പണിയെടുക്കുന്നവരായി അംഗീകരിച്ചിട്ടില്ല. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാക്കളങ്ങളിൽ രാവുംപകലുമാണ് അധ്വാനം. കൈത്തറി വസ്ത്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘട്ടമാണ് പാവുണക്കൽ.
ലോക പ്രശസ്തമായ ബാലരാമപുരം കൈത്തറി വസ്ത്ര നിർമാണത്തിന് പ്രധാന പങ്ക് വഹിക്കുന്നു. പരമ്പരാഗത കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തും സമീപ പ്രദേശങ്ങളായ ഐത്തിയൂർ, കല്ലിയൂർ, പെരിങ്ങമ്മല, കോട്ടുകാൽ, മംഗലത്തുകോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇന്നു വിരലിലെണ്ണവുന്നവയായി ചുരുങ്ങി.
അന്തർ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന നൂല് കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. ചർക്കയിൽ നൂൽ ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങൾ എത്തിക്കുക. സൂര്യരശ്മി നേരിട്ടു പതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവു വിരിക്കുന്നത്. ഇവക്കു 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തെയും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂൽകെട്ടി നിർത്തി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മരിച്ചീനിയുടെയും ആട്ടമാവിന്റെയും മിശ്രിതപശ പാവിൽ തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് പല്ലുവരികൊണ്ട് ചീകിയെടുത്ത് നൂൽ ഉണക്കുന്നതാണ് പാവുണക്കൽ.
പുലർച്ച അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കൽ വൈകീട്ട് മൂന്നു വരെ നീളും. ദിവസം മൂന്ന് പാവു മാത്രമേ ഒരു കളത്തിൽ ഉണക്കുവാൻ കഴിയുകയുള്ളു. ബാലരാമപുരം കൈത്തറിക്ക് പിന്നിലെ ഈ അധ്വാനം പുറം ലോകത്ത് അധികമാർക്കും അറിയതെ പോകുന്നു. ഈ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി അഗീകരിച്ചിട്ടില്ലാത്തതിനാൽ പെൻഷൻ ഉൽപ്പെടെ ആനുകൂല്യങ്ങൽളുമില്ല.
150ൽ ഏറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ഓണനാളുകൾ മാറ്റുകൂട്ടാൻ നടെങ്ങും കൈത്തറി ശേഖരം കൺതുറക്കുമ്പോൾ കണ്ണീരിന്റെയും വിയർപ്പിന്റെയും നനവുള്ള പാക്കളങ്ങൾക്കു വിശ്രമമില്ല. അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് ഓരോ ഓണനാളുകളും ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അന്യംനിന്നു പോകുന്ന ഈ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.