നിലമ്പൂർ: വെറും ഒരു സന്ദർശനമായിരുന്നില്ല അവരുടെ ലക്ഷ‍്യം. കിടപ്പിലായ രോഗികളെ എങ്ങനെയെല്ലാം പരിചരിക്കാമെന്ന പരിശീലനത്തിന്‍റെ ഭാഗമായി സേവനമനസ്സുമായാണ് തേക്കിൻ നാട്ടിൽനിന്ന് അവർ തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറിയത്. നിലമ്പൂർ സി.എച്ച് സെന്‍ററിലെ 50 വനിത വളന്‍റിയർമാരാണ് തിരുവനന്തപുരം സി.എച്ച് സെന്‍റർ പ്രസിഡന്‍റുകൂടിയായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവരുടെ ക്ഷണപ്രകാരം കാൻസർ സെന്‍ററിലെത്തിയത്.
ഞായറാഴ്ച രാവിലെ ബസിൽ പുറപ്പെട്ട സംഘം ആദ്യം കൊല്ലത്തെ ഫാത്തിമ മെമ്മോറിയൽ എൻജിനീയറിങ് കോളജിലെത്തി. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ നിർദേശപ്രകാരം കോളജ് ചെയർമാൻ നൗഷാദ് യൂനുസിന്‍റെ നേതൃത്വത്തിൽ സംഘത്തിന് ഇവിടെ സ്വീകരണവും ഭക്ഷണവും ഒരുക്കിയിരുന്നു. ശേഷം ആർ.സി.സിയിലെത്തി രോഗികളെ നേരിൽ കണ്ട് വിഷമതകൾ ചോദിച്ചറിഞ്ഞു. പിന്നീട് തിരുവനന്തപുരത്തെ സി.എച്ച് സെന്‍ററിലെത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ടി.വി. ഇബ്രാഹിം എം.എൽ.എയും ഇവർക്ക് സ്വീകരണം ഒരുക്കി.
സി.എച്ച് സെന്‍ററിൽ കിടത്തിയ രോഗികളെ കാണുകയും ഇവർക്ക് സെന്‍റർ നൽകിവരുന്ന സേവനങ്ങളും പരിചരണവും മനസ്സിലാക്കി. നിലമ്പൂർ ജില്ല ആശുപത്രി കേന്ദ്രീകരിച്ചാണ് ഇവരുടെ സേവന പ്രവർത്തനം. ആശുപത്രിയിലെത്തുന്ന പരസഹായം ആവശ‍്യമുള്ളവർക്ക് മരുന്ന് വാങ്ങി നൽകുക, എക്സ്റേ, സ്കാനിങ് തുടങ്ങി പുറമെയുള്ള പരിശോധനക്ക് ഇവരെ കൊണ്ടുപോവുക തുടങ്ങിയവയാണ് ചെയ്തുവന്നിരുന്നത്.
നിലമ്പൂരിലെ സി.എച്ച് സെന്‍ററിന്‍റെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള ആലോചനയുണ്ട്. രോഗികൾക്കുവേണ്ട പരിചരണത്തിന് പരിശീലനം നൽക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് വനിത സംഘത്തെ ആർ.സി.സിയിലെത്തിച്ചത്. നിലമ്പൂർ സി.എച്ച് സെന്റർ വനിത വിഭാഗം ക‍്യാപ്റ്റൻ സറീന മുഹമ്മദലി, മൈമൂന മമ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.