തൃശൂർ: തേക്കിൻകാട് മൈതാനിക്കിപ്പോൾ ഏഴഴകാണ്. വലിയൊരു പൂക്കളം പോലെ സുന്ദരമാണ് മൈതാനം. അവിടെ എത്തുന്നവർ ആഘോഷത്തിലമരും. ഓണത്തിരക്കില്ലാത്ത കഴിഞ്ഞ രണ്ട് വർഷത്തിനപ്പുറം ആളും ആരവവും ആഘോഷങ്ങളും. തണൽമര ചുവടുകളിൽ ജീവിതം നെയ്യാനെത്തുന്നവർ അങ്ങിങ്ങായി ചിതിറിയിരിക്കുന്നു. ഓണത്തെ വരവേൽക്കാനുള്ള വിഭവങ്ങളുമായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്, തേക്കിൻകാട്.
ചൊവ്വാഴ്ച 60 അടി വ്യാസത്തിൽ 1500 കിലോ പൂക്കളിൽ തേക്കെ ഗോപുരനടയിൽ ഒരുങ്ങിയ ഭീമൻപൂക്കളം മാത്രമല്ല ഇപ്പോൾ ഇവിടെ കാഴ്ച. വ്യാപാര മേളകളാണെങ്ങും. ഓണ വിഭവങ്ങളെല്ലാമുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം ഫെയറാണ് മുഖ്യ ആകർഷകം. 13 സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൽപന്നങ്ങളും ഇതര സാധനങ്ങളും അവിടെയുണ്ട്.
അപ്പുറത്ത് കേരളീയ തനിമയേകുന്ന വസ്ത്രശ്രേണിയുമായി ഖാദി. ഒപ്പം കേരളീയത വിളിച്ചോതുന്ന വിവിധ വസ്ത്രവിപണന ശാലകളും ഒരുങ്ങിയിട്ടുണ്ട്. വിദ്യാർഥി കോർണറിൽ വ്യവസായ വകുപ്പിന്റെ കൈത്തറി-ഇതര മേളയുമുണ്ട്. വെള്ളിയാഴ്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആദ്യത്തെ ഓണം-നവരാത്രി മെഗാ പ്രദർശന-വിപണന മേളയും തുടങ്ങും.
വിവിധ സംസ്ഥാനങ്ങളിൽനിന്നും ഓണക്കാല വസ്ത്ര വ്യാപാരത്തിന് എത്താറുള്ളവർ വരുന്നതേയുള്ളു. മൺകലവും മണ്ണിൽ തീർത്ത തൃക്കാക്കരയപ്പനും മറ്റുമുള്ള വിപണി പലയിടത്തുണ്ട്. ഇതിനൊപ്പം സർക്കാറിന്റെ സാംസ്കാരിക പരിപാടികൾകൂടി തുടങ്ങുന്നതോടെ ആഘോഷം പാരമ്യത്തിലാവും.
മൊഞ്ചിൽ മാത്രമല്ല, വിലയിലും മുമ്പൻ...
ചെങ്ങാലിക്കോടൻ ഹീറോ ആടാ...
തൃശൂർ: ചെങ്ങാലിക്കോടൻ അരങ്ങുതകർക്കുകയാണ്. സ്വർണ വർണത്തിനൊപ്പം കസവുകരക്കു സമാനമുള്ള രൂപംതന്നെയാണ് നേന്ത്രനിലെ രാജാവായ ചെങ്ങാലിക്കോടന്റെ ആകർഷകം. ഓണത്തിന് കാഴ്ചക്കുലയായി അവനിങ്ങനെ പരിലസിക്കുമ്പോൾ അതിനൊത്ത വിലയുമുണ്ട്. കണ്ടാൽ ആരും നോക്കിപ്പോകും. കുറച്ചുനേരം നോക്കിനിന്നാൽ പിന്നെ വിലയൊന്നും നോക്കാതെ സ്വന്തമാക്കുകയും ചെയ്യും.
നിലവിൽ 85 രൂപയാണ് കിലോക്ക് മൊത്തവില. ഇത് ചില്ലറ വിപണിയിൽ 100ൽ എത്തിനിൽക്കുകയാണ്. ഓണം ഇങ്ങ് അടുക്കുമ്പോൾ വില പ്രതിദിനം കൂടുകയാണ്. ഓണത്തിന് ചെങ്ങാലിക്കോടനുള്ള ബുക്കിങ് നേരത്തേ കഴിഞ്ഞതായി കർഷകർ പറയുന്നു. ഇപ്പോഴും നിരവധി പേരാണ് കായ ആവശ്യപ്പെട്ട് വരുന്നത്. മുള്ളൂർക്കര മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഓണത്തിന് ചെങ്ങാലിക്കോടന് വൻ ഡിമാൻഡാകും. അതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുഴുവൻ കർഷകർക്കും നല്ല വിലയും കിട്ടും. കൊടകര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് മേഖലയിലെ കർഷകർ ഓണവിപണിയിൽ തികഞ്ഞ പ്രതീക്ഷയിലാണ്. അതേസമയം, ചുഴലിയും അതിതീവ്ര മഴയും തീർത്ത കൃഷിനാശത്തിൽ പരിതപിക്കുന്നവരുമുണ്ട്.
നാടൻ കായയായ നെടുനേന്ത്രനും വിപണിയിൽ സജീവമാണ്. ചാലക്കുടി, പരിയാരം, പുത്തൂർ ഭാഗങ്ങളിൽനിന്നടക്കം വൻതോതിൽ നാടൻ നേന്ത്രക്കായ വിപണിയിൽ എത്തുന്നുണ്ട്. കിലോക്ക് 65 രൂപയാണ് മൊത്ത വിപണി വില. ചില്ലറ വിപണിയിൽ 75 മുതൽ 80 രൂപ വരെയാണ് നിരക്ക്. അതിനൊപ്പം തമിഴ്നാട്ടിലെ പുളിയംപെട്ടിയിൽ നിന്നുള്ള നേന്ത്രനും ശക്തൻ അടക്കം ജില്ലയിലെ വിവിധ പച്ചക്കറി മാർക്കറ്റുകളിൽ എത്തുന്നുണ്ട്.
കിലോക്ക് 55 രൂപ മൊത്തവിലയുള്ള കായ 65 മുതൽ 70 രൂപവരെ വിലയ്ക്ക്വിൽക്കുന്നുണ്ട്. പ്രധാനമായും കായ ഉപ്പേരിക്കാണ് ഇത് ഉപയോഗിക്കുന്നത്. ചെറുപഴങ്ങളിൽ ഞാലിപ്പൂവൻതന്നെയാണ് താരം. 35 മുതൽ 40 വരെ രൂപയുണ്ട് ഞാലിപ്പൂവന്. പൂവൻപഴത്തിന് 50 മുതൽ 60 വരെ കിലോക്ക് വിലയുണ്ട്. 25 മുതൽ 28 വരെ രൂപ വിലവരുന്ന പാളയൻകോടന് 40 വരെ ചില്ലറവിലയുണ്ട്. അതേസമയം, മഴ ഭീഷണിക്ക് മുന്നിലാണ് കച്ചവടക്കർ. മഴ അടച്ചുപിടിച്ചാൽ പിന്നെ ജനം പുറത്തിറങ്ങാതാവാൻ ഇടയുണ്ടെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.