പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ ഓർമകളുമായി ചൊവ്വാഴ്ച ആയിരങ്ങൾ രായിരനെല്ലൂർ മല കയറും. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമുള്ള മല കയറ്റത്തിന് വർധിച്ച ജനസാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തന് ദുർഗാദേവിയുടെ ദർശനം ലഭിച്ചെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് വർഷം തോറും ഭക്തർ രായിരനെല്ലൂരിലെത്തുന്നത്.
ചെത്തല്ലൂർ പുഴയോരത്ത് പിറന്ന നാറാണത്തിന്റെ ബാല്യം ഏറ്റുവാങ്ങിയ നാരായണമംഗലത്ത് മന ഭട്ടതിരിമാർ വേദ പഠനത്തിന് തിരുവേഗപ്പുറയിലാണെത്തിച്ചത്. പഠനകാലത്ത് മലയിലേക്ക് വലിയ കല്ലുകൾ ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോൾ താഴേക്ക് തട്ടിയിട്ട് ഉരുളുന്ന കല്ലിന്റെ താളത്തിനൊപ്പം കൈ കൊട്ടി പൊട്ടിച്ചിരിക്കുന്നത് നാറാണത്തിന്റെ പതിവായിരുന്നു.
നാട്ടുകാർ ഭ്രാന്തെന്ന് കൽപ്പിച്ച പ്രവൃത്തിയിൽ വിദ്വാന്മാർ ഉത്കൃഷ്ട ജീവിത ദർശനം കണ്ടെത്തി. നേട്ടങ്ങൾക്ക് പിറകിലെ പ്രയത്നവും നഷ്ടപ്പെടുത്താനുള്ള എളുപ്പവും ലോകം തിരിച്ചറിഞ്ഞു. കല്ലുമായി മലമുകളിലെത്തിയ ഭ്രാന്തൻ ഒരിക്കൽ ഊഞ്ഞാലിലാടുന്ന ദുർഗ ദേവിയെ കണ്ടെന്നും പ്രാകൃതനായ മനുഷ്യനെ കണ്ടു ഭയന്ന ദേവി താഴെയിറങ്ങി ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെന്നുമാണ് ഐതിഹ്യം.
പാറയിൽ പാദം പതിഞ്ഞ ഏഴു കുഴികളിലൊന്നിൽ പൂവും കനിയും വെച്ച് ഭ്രാന്തൻ പൂജിച്ചു. വിവരമറിഞ്ഞു ഭട്ടതിരിമാർ രായിരനെല്ലൂരെത്തി മലമുകളിൽ ക്ഷേത്രം പണിതു കുടുംബ ഐശ്വര്യത്തിനു വേണ്ടി പൂജ തുടർന്നു. വിഗ്രഹമില്ലാത്ത ക്ഷേത്രത്തിൽ പാറയിലെ കുഴിയിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. കുഴിയിലെ വറ്റാത്ത ജലമാണ് ഭക്തർക്ക് തീർത്ഥമായി നൽകുന്നത്.
ദുർഗാദേവീ ദർശനം ലഭിച്ചത് തുലാം ഒന്നിനാണെന്ന വിശ്വാസത്തിലാണ് മല കയറ്റം. പുലർച്ചെ മുതൽ ഉച്ചവരെ ഭക്തർ നാരായണ മന്ത്രങ്ങളുരുവിട്ട് മല കയറും. ദുർഗാദേവിയുടെ ക്ഷേത്ര ദർശനവും അഭീഷ്ടസിദ്ധിക്ക് വിവിധ വഴിപാടുകളും കഴിച്ച് നാറാണത്ത് ഭ്രാന്തന്റെ കൂറ്റൻ പ്രതിമാവന്ദനവും കഴിഞ്ഞാണ് മലയിറക്കം.
മലയ്ക്ക് താഴെയുള്ള രായിരനെല്ലൂർ ക്ഷേത്രത്തിലും ഭ്രാന്തൻ തപസ്സ് ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തി എന്നു വിശ്വസിക്കപ്പെടുന്ന കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് വിശേഷാൽ പൂജയുണ്ട്.
മൂന്ന് ദിവസം മുമ്പ് തുടങ്ങിയ ലക്ഷാർച്ചന ചൊവ്വാഴ്ച രാവിലെ സമാപിക്കും. ആമയൂർ മന മധു ഭട്ടതിരിപ്പാട്, രാമൻ ഭട്ടതിരിപ്പാട് എന്നിവർ നേതൃത്വം നൽകുന്ന ദ്വാദശാക്ഷരീ ട്രസ്റ്റാണ് പൂജകൾക്കും മറ്റു ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത്.
പട്ടാമ്പി: മലകയറ്റം സുഗമമാക്കാൻ ക്രമീകരണങ്ങളുമായി പൊലീസ്. ഷൊർണൂർ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് നടുവട്ടത്തെത്തി. കൊപ്പം-വളാഞ്ചേരി റോഡിൽ ഗതാഗത തടസ്സമില്ലാതിരിക്കാൻ പാർക്കിങ്, കച്ചവടകാര്യങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നടുവട്ടം ഗവ. ജനത ഹൈസ്കൂൾ മുതൽ ഒന്നാന്തിപ്പടിവരെ റോഡരികിൽ പാർക്കിങ് അനുവദനീയമല്ല. മലയിലേക്ക് വരുന്ന സ്വകാര്യവാഹനങ്ങൾ ആളെ ഇറക്കി നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ പാർക്ക് ചെയ്യണം. ഇരുചക്രവാഹനങ്ങൾക്ക് സ്വകാര്യവ്യക്തികൾ വാടകക്കെടുത്ത സ്ഥലങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
മലയുടെ തെക്ക് ഒന്നാന്തിപ്പടിയിൽനിന്ന് മലഞ്ചരിവിലൂടെയുള്ള കയറ്റം ആയാസകരമാണ്. പടിഞ്ഞാറ് നടുവട്ടത്തുനിന്ന് പടികൾ കയറുന്നതാണ് പ്രായമേറിയവർക്കും സ്ത്രീകൾക്കും എളുപ്പം. മലമുകളിൽ കുടിവെള്ളമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ച ആരംഭിക്കുന്ന മലകയറ്റം ഉച്ചയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.