റമദാനിലെ രാവുകൾ ദുബൈയിൽ പുലരുവോളം ഉണർന്നിരിക്കും. ആത്മീയതയുടെയും ആഘോഷത്തിന്റെയും അംശങ്ങൾ സമന്വയിച്ച നിറമായിരിക്കുമിതിന്. ഇത്തവണ നഗരത്തിലെ ഏറ്റവും പ്രധാന വിനോദ ആകർഷണ കേന്ദ്രങ്ങളായ എക്സ്പോ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും റമദാൻ രാവുകൾ ചിലവഴിക്കാനായി എത്തുന്നവർക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. എക്സ്പോ സിറ്റി ജനങ്ങൾക്ക് മുമ്പിൽ തുറന്ന ശേഷം ആദ്യമായി എത്തുന്ന റമദാൻ എന്ന പ്രത്യേകതയുമുണ്ട്. ദുബൈയിലെ സഞ്ചാരികൾക്ക് റമദാനിന്റെ സാംസ്കാരികവും സാമൂഹികവുമായ നന്മകളെ പകർന്നുകൊടുക്കുന്ന രീതിയിലാണ് ഇരു സ്ഥലങ്ങളിലെയും ഒരുക്കങ്ങൾ.
വ്രതവിശുദ്ധിയുടെ റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ദുബൈ എക്സ്പോ സിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ ചടങുകൾ ‘ഹയ്യ് റമാദാൻ’ എന്നതലക്കെട്ടിൽ മാർച്ച് മൂന്ന് മുതൽ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 25വരെയാണ് ഇത് നടത്തപ്പെടുക. റമദാനിനെ അനുഭവവേദ്യമാകുന്ന ആകർഷകമായ അന്തരീക്ഷവും രുചികരമായ ഭക്ഷണങ്ങളും ആവേശകരമായ പ്രവർത്തനങ്ങളുമാണ് പരിപാടികളുടെ ഭാഗമായി ഒരുക്കുന്നത്. കാമ്പയിൻ കാലത്ത് എക്സ്പോ സിറ്റിയിൽ സൗജന്യ പ്രവേശനം അനുവദിക്കുകയും ചെയ്യും. എക്സ്പോ 2020ദുബൈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നത് പോലെ വിശുദ്ധ മാസത്തിൽ വ്യത്യസ്ത സമൂഹങ്ങളെ ഒരുമിപ്പിക്കുന്നതായിരിക്കും റമദാൻ പരിപാടികളെന്ന് എക്സ്പോ സിറ്റി എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൂൽ പറഞ്ഞു. സന്ദർശകർക്ക് ലോകത്തെ ഏറ്റവും പ്രശസ്തമായ ചില റമദാൻ പാരമ്പര്യങ്ങൾ ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് അനുഭവിക്കാൻ കഴിയുമെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കാമ്പയിൻ കാലയളവിൽ അൽ വസ്ൽ പ്ലാസയിലെ പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കും സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. പെർഫ്യൂമുകളും സമ്മാനങ്ങളും തുന്നിയ വസ്ത്രങ്ങളും ലഭിക്കുന്ന നൈറ്റ് മാർക്കറ്റും പ്രവർത്തിക്കും. 50ദിവസത്തിലേറെ കാലം നടക്കുന്ന പരിപാടിയുടെ സമയത്ത് തന്നെയാണ് ചെറിയ പെരുന്നാളും കടന്നുവരിക.
നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഗ്ലോബൽ വില്ലേജിൽ റമദാനിലെ പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാണ് പ്രവർത്തിക്കുക. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലു മണിമുതലാണ് ഗ്ലോബൽ വില്ലേജ് തുറക്കുന്നത്. റമദാനിൽ നോമ്പു തുറന്നതിന് ശേഷം കൂടുതലായി സന്ദർശകർക്ക് എത്താനുള്ള സൗകര്യം പരിഗണിച്ചാണ് സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. നോമ്പുകാലത്തിന് യോജിച്ച വിവിധ പരിപാടികളും ഓഫറുകളും ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്ലിസും ഇത്തവണ തയ്യാറാക്കുന്നുണ്ട്. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് മജ്ലിസിൽ വെച്ച് കഴിക്കാനും സൗകര്യമുണ്ടാകും. റമദാൻ പ്രമേയത്തിലുള്ള വിവിധ പരിപാടികളും മജ്ലിസിൽ ഒരുക്കുകയും ചെയ്യും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും യൂനോ, ചെസ്, ജാകരൂ തുടങ്ങിയ കാർഡ് ഗെയിമുകൾ വാടകക്ക് ലഭ്യമാക്കുന്നുമുണ്ട്. ഗ്ലോബൽ വില്ലേജിലെ 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളിൽ പ്രത്യേക റമദാൻ വിഭവങ്ങളും അലങ്കാരങ്ങളും എത്തിയിട്ടുണ്ട്. ഈജിപ്ത്, തുർക്കിയ, അൽ സൻആ പവലിയനുകളിൽ ഹോം ആക്സസറികളുടെ ശേഖരവുമാണുള്ളത്. രുചികരമായ ഈത്തപ്പഴങ്ങളും മധുരപലഹാരങ്ങളും സൗദി, സിറിയ, ഒമാൻ പവലിയനുകളിൽ ലഭിക്കും. യു.എ.ഇ, യമൻ, പാകിസ്താൻ, കുവൈത്ത്, ബഹ്റൈൻ പവലിയനുകളിൽ പലവ്യഞ്ജനങ്ങളും ഇന്ത്യൻ പവലിയനിൽ പ്രത്യേക കളിമൺ പാത്രങ്ങളുമുണ്ട്. ഇത്തവണ ഈദുൽ ഫിത്വറും പിന്നിട്ട് 2023 ഏപ്രിൽ 29 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.