തൃശൂർ: തീക്കാറ്റിനെയും കടുത്ത വേനലിനെയും അതിജീവിച്ച വിശ്വാസദാർഢ്യത്തിന്റെ കരുത്ത് അവസാന ആഴ്ചയിലേക്ക്. ഇസ്ലാംമത വിശ്വാസികളുടെ പുണ്യറമദാൻ വിടപറയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. തൃശൂരിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്.
അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിലേക്കു പതിക്കുന്നതിന്റെ തോത് ദിനംപ്രതി ഗണ്യമായി വർധിക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമായി ചൂട്. നാമ്പുകളെല്ലാം കരിഞ്ഞുണങ്ങി, വൃക്ഷങ്ങളെല്ലാം ഇലപൊഴിച്ചു. അത്രമേൽ കഠിനമായ വേനൽക്കാലത്താണ് വിശ്വാസപരീക്ഷണമായി റമദാൻ എത്തിയത്.
ഹിജ്റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. പണ്ടുമുതലേ അത് കഠിനമായ ചൂടിന്റെ കാലമാണ്. പാപങ്ങൾ എല്ലാം കരിച്ചുകളയുന്ന മാസം എന്നാണ് റമദാന് അർഥം കൽപിക്കുന്നത്. ഇസ്ലാംമത വിശ്വാസികളുടെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന് മാസത്തിലെ വ്രതാനുഷ്ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. മനുഷ്യന്റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര്‍ശനങ്ങള്‍ക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല.
പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കലും സ്ത്രീ-പുരുഷ സംസര്‍ഗത്തില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യമുഖം. വ്രതാനുഷ്ഠാനംകൊണ്ട് അര്‍ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കല്‍ മാത്രമല്ല, കാഴ്ചയും കേള്‍വിയും സംസാരവും ചിന്തയും വികാരങ്ങളും വിചാരങ്ങളും എല്ലാം ദൈവഹിതത്തിനനുസരിച്ചായിരിക്കുക എന്നതാണ്. ക്രിസ്ത്യൻ മതവിഭാഗത്തിനും ഇത് വ്രതനാളുകളാണ്. മൊത്തത്തിൽ ആത്മീയാനുഭൂതിയുടെ ദിനരാത്രങ്ങളാണ് എല്ലാവർക്കും.
ദൈവം മനുഷ്യനോട് കാണിക്കുന്ന കാരുണ്യം ഇതര സൃഷ്ടികളോട് കാണിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാന്. അടിച്ചുവീശുന്ന കാറ്റിനെപ്പോലെ അത്യുദാരനായിരുന്നു റമദാനില്‍ മുഹമ്മദ് നബി. അശരണരും അഭയാര്‍ഥികളായി കഴിയുന്നവരും ഭീതിയോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.
യുദ്ധക്കെടുതിയാലും വംശീയവെറിയാലും ഇരയാക്കപ്പെട്ട പതിനായിരങ്ങൾ ഭൂമിയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഒരിടത്ത് നമ്മൾ സർവ സുഖാഡംബരങ്ങളിലും മുഴുകുമ്പോൾ മറ്റൊരിടത്ത് അവർ ഞെരുക്കങ്ങളിലും ഭയത്തിലും കഴിഞ്ഞുകൂടുകയാണ്. പട്ടിണിയിൽ തളർന്ന്, വയറൊട്ടി ഒരിറ്റ് ഭക്ഷണത്തിന് വരിനിൽക്കുന്ന കുഞ്ഞുങ്ങളെ വെടിവെച്ചും ബോംബെറിഞ്ഞും കൊല്ലുന്ന ക്രൂരതകൾക്ക് നടുവിലാണ് ഈ ആണ്ടും റമദാൻ.
പട്ടിണിയുടെ ആഴം ആ കുഞ്ഞുങ്ങൾക്കൊപ്പം വ്രതത്തിലൂടെ സ്വയം അനുഭവിച്ചറിയുമ്പോൾതന്നെ ഹിംസാത്മക ക്രൂരതകളോട് അരുതെന്ന് സാധ്യമായ എല്ലാ രീതിയിലും പറയാൻ വിശ്വാസിക്കാകണം. പൊതുസമൂഹംകൂടി അതിന്റെ പിന്തുണക്കെത്തണം. ഏതാനും ദിനങ്ങളാണ് ഇനി റമദാൻ ശേഷിക്കുന്നത്. മനുഷ്യ മനസ്സുകളിൽ നന്മയുടെ തെളിനീരുറവയും പരസ്പരാദരത്തിന്റെ പുതുനാമ്പുകളും മാത്രം മനുഷ്യ മനസ്സുകളിൽ തളിർക്കട്ടെ എന്ന് പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.