നോമ്പിന്റെ സമ്പൂർണ സ്വീകാര്യത കൈവരിക്കുന്നതിനായി ചെറിയ പെരുന്നാൾ ദിനത്തിൽ ദരിദ്രർക്ക് നൽകാൻ ഇസ്ലാം നിർദേശിച്ച നിർബന്ധ ദാനമാണ് ഫിത്ർ സകാത്. നമസ്കാരത്തിൽ സംഭവിച്ചേക്കാവുന്ന ചില പ്രത്യേക അപാകതകൾ പരിഹരിക്കുന്നതിനായി സലാം വീട്ടുന്നതിനു മുമ്പ് മറവിയുടെ രണ്ട് സുജൂദ് ചെയ്യുന്നതിനോടാണ് കർമശാസ്ത്ര പണ്ഡിതർ ഈ നിർബന്ധ ദാനത്തെ സാമ്യപ്പെടുത്തിയിട്ടുള്ളത്. ‘‘റമദാൻ നോമ്പ് ആകാശഭൂമിക്കിടയിൽ തടഞ്ഞിടപ്പെടും, ഫിത്ർ സകാത്തിലൂടെയല്ലാതെ അത് ഉയർത്തപ്പെടില്ല’’ എന്ന ഹദീസ് ശ്രദ്ധേയമാണ്.
സന്തോഷദിനമായ പെരുന്നാൾ സുദിനത്തിൽ ഒരാളും പട്ടിണിയാവരുത് എന്ന സാമൂഹിക ബോധമാണ് ഈ ബാധ്യതയിലൂടെ നിറവേറ്റപ്പെടുന്നത്. പെരുന്നാളിന്റെ സന്തോഷം ദരിദ്ര, സമ്പന്ന വേർതിരിവുകളില്ലാതെ അനുഭവിക്കാനാകണമെന്ന് കണിശതയോടെ ഇസ്ലാം അനുശാസിക്കുന്നു. ഇസ്ലാമിന്റെ സാഹോദര്യത്തിന്റെയും സമഭാവനയുടെയും മഹത്തായ പ്രകടനമാണ് അതിലൂടെ പ്രകാശിക്കപ്പെടുന്നത്.
ഹിജ്റ രണ്ടാം വർഷത്തിൽ നോമ്പ് നിർബന്ധമാക്കിയതോടെ ഫിത്ർ സകാതും നിർബന്ധമാക്കപ്പെട്ടു. കുടുംബനാഥനും അയാൾ ചെലവുനൽകൽ നിർബന്ധമുള്ളവർക്കും പെരുന്നാൾ രാവിലും പകലിലും ആവശ്യവും അനുയോജ്യവുമായ ഭക്ഷണം, വസ്ത്രം, ഭവനം, സേവകൻ, സ്വന്തം കടം എന്നിവ കഴിച്ച് എന്തെങ്കിലും ബാക്കിയുള്ള എല്ലാവരും ഫിത്ർ സകാത് നൽകിയിരിക്കണം. ഇത് വാങ്ങാൻ അർഹനായവൻ പോലും നൽകാൻ കടപ്പെട്ടവനായേക്കും. അത് നിർബന്ധമില്ലാത്തവർ നമുക്കിടയിൽ അപൂർവമായിരിക്കും.
കുടുംബനാഥൻ തന്റെ ഫിത്ർ സകാത് നൽകുന്നതോടൊപ്പം തന്റെ ചെലവിൽ കഴിയേണ്ട ഭാര്യ, സന്തതികൾ, മാതാപിതാക്കൾ എന്നിവരുടേതുകൂടി നൽകണം. ചെറിയ പെരുന്നാൾ രാവിൽ (റമദാൻ അവസാന ദിനം) സൂര്യൻ അസ്തമിക്കുന്നതോടെ ഇത് നൽകൽ നിർബന്ധമാകുന്നു. തൽസമയം തന്റെ സംരക്ഷണത്തിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി നൽകേണ്ടതാണ്. നാട്ടിൽ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് നൽകേണ്ടത്. ഓരോ വ്യക്തിക്കും നാല് മുദ്ദ് (3 ലിറ്റർ 200 മില്ലിലിറ്റർ) ഏകദേശം 2.5 കിലോ അരിയാണ് നമ്മുടെ നാട്ടിൽ നൽകേണ്ടത്. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരുടെ പേരിലും അത് നൽകൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.