ഹിജ്റ രണ്ടാം വര്‍ഷം റമദാന് പതിനേഴിനാണ് ബദ്ര് യുദ്ധം നടക്കുന്നത്. അസത്യത്തിനുമേൽ സത്യവും അനീതിക്കുമേൽ നീതിയും ആധിപത്യം സ്ഥാപിച്ച ദിവസം! സർവസന്നാഹങ്ങളുമായെത്തിയ ആയിരത്തോളം അംഗബലമുള്ള വലിയ സംഘത്തിനെതിരെ 313 അംഗബലമുള്ള ചെറിയ സംഘം നേടിയ വിജയം. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കൈമുതലാക്കി പോരാട്ടത്തിനിറങ്ങിയ വിശ്വാസി സമൂഹത്തിന് തുല്യതയില്ലാത്ത വിജയമാണ് ബദ്റിൽ നേടാനായത്.
പ്രവാചകനും അനുയായികളും നടത്തിയ ഈ പ്രതിരോധ പോരാട്ടത്തിൽ വിശ്വാസി പക്ഷം വിജയിച്ചില്ലായിരുന്നുവെങ്കിൽ ഇസ്ലാമിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. അഹങ്കാരവും അതിയായ ആത്മവിശ്വാസവും പ്രകടിപ്പിച്ച് ബദ്റിൽ ഇറങ്ങിയ ശത്രുപക്ഷം അല്ലാഹുവിൽ ഭരമേൽപിച്ച്, ഐക്യവും ഒരുമയും കൈമുതലാക്കിയ മുസ്ലിം സൈന്യത്തിന്റെ മുന്നിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വിശ്വാസത്തിന്റെ ഉള്‍ക്കരുത്തുകൊണ്ട് ഏത് വന്‍ശക്തിയെയും അതിജയിക്കാനാകുമെന്ന് ബദ്ർ നമ്മെ പഠിപ്പിക്കുന്നു.
യുദ്ധം എന്നതിലുപരി പ്രതിരോധമാണ് ബദ്ർ. സത്യത്തിനു വേണ്ടി ഉറച്ചുനിന്നതിനാൽ സകലതും നഷ്ടപ്പെട്ട ഒരു സമൂഹം. കൊടിയ പീഡനങ്ങളും മർദനങ്ങളും സഹിക്കവയ്യാതെ അവർ നാടും വീടും ഉപേക്ഷിച്ചു. അക്രമങ്ങളും പീഡനങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ 13 വർഷത്തിന് ശേഷമാണ് പ്രതിരോധത്തിനുള്ള സമ്മതം അല്ലാഹുവിൽനിന്ന് ഇറങ്ങുന്നത്. ശഹാദത്ത് ആഗ്രഹിച്ച് പോരാട്ടത്തിനിറങ്ങിയ മുസ്ലിം സൈന്യത്തിന്റെ വിശ്വാസ ദൃഢതക്കുമുന്നിൽ ഖുറൈശി സംഘം തകർന്നടിഞ്ഞു.
സഹനത്തിന്റെയും പ്രതിരോധത്തിന്റെയും സന്ദേശമാണ് ബദ്ർ നൽകുന്നത്. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും വിശ്വാസിക്ക് തരണം ചെയ്യാമെന്ന വലിയ പാഠമാണ് ബദ്ർ നൽകുന്നത്. 13 വർഷക്കാലം നബിയും സ്വഹാബത്തും സഹിച്ച അക്രമങ്ങളും പീഡനങ്ങളും ഇസ്ലാം ഒരു നിലക്കും യുദ്ധം പ്രോത്സാഹിപ്പിക്കുന്നില്ലെന്നതിന്റെ തെളിവാണ്.
അംഗബലവും ഭൗതിക സാഹചര്യങ്ങളും ഖുറൈശികൾക്ക് ആത്മവിശ്വാസം പകർന്നപ്പോൾ അല്ലാഹുവിന്റെ സഹായത്തിലുള്ള പ്രതീക്ഷയും ഐക്യവുമാണ് നിരായുധരും നിസ്സഹായരുമായ മുസ്ലിം സൈന്യത്തിന് കരുത്തേകിയത്. ഭൗതിക സാഹചര്യങ്ങൾ എന്തുതന്നെയായാലും അല്ലാഹുവിന്റെ കാരുണ്യത്തിലും സഹായത്തിലുമാണ് വിശ്വാസി എപ്പോഴും അഭയം പ്രാപിക്കേണ്ടത് എന്ന സന്ദേശവും ബദ്ർ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.