വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലേക്ക് അയക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലുടെ പ്രസിദ്ധീകരിക്കും.
ഇത്രയേറെ മധുരിക്കുന്ന ഓർമകൾ സമ്മാനിക്കുന്ന വേറൊരു മാസം എന്റെ അനുഭവത്തിലില്ല. പുണ്യത്തിന് വേണ്ടി എല്ലാ മുസ്ലിം സഹോദരങ്ങളും അത്യുദാരമാകുന്ന മാസമാണ് റമദാൻ. ചെറുപ്പം മുതലേ എനിക്കതറിയാം. ചെങ്ങളായി ടൗണിൽ വളരെ കാലം മുമ്പുതന്നെ അച്ഛന് തുണിക്കച്ചവടം ഉണ്ടായിരുന്നു. ടൗണിൽ മുസ്ലിം സുഹൃത്തുക്കളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. റേഷൻ കടയിലെ അബ്ദുക്കയുടെ ചെറുമകൻ സി.പി. ബഷീർ നോമ്പ് സമയത്ത് എന്നും എല്ലാവർക്കുമായി നോമ്പുതുറ വിഭവങ്ങളുമായി എത്തുന്നത് ഇപ്പോഴും മനസ്സിലെ മധുരിക്കുന്ന കുട്ടിക്കാല ഓർമ തന്നെയാണ്.
നോമ്പും നോമ്പുതുറയും ജീവിത അനുഭവങ്ങളുടെ അറിവിലേക്കെത്തുന്നത് അങ്ങനെയാണ്. അവരെല്ലാം നോമ്പിനോട് പുലർത്തുന്ന കരുതലും സൂക്ഷമതയുമാണ് നോമ്പിന്റെ പ്രസക്തിയും ശ്രേഷ്ഠതയും മനസ്സിലാക്കാൻ ഉപകരിച്ചത്..
1994 മേയ് 29ന് ഒമാനിലെ ബിദിയയ്യിലായിരുന്നു എന്റെ പ്രവാസജീവിതം തുടങ്ങുന്നത്. സൂപ്പർ മാർക്കറ്റിലായതുകൊണ്ട് തന്നെ അവിടത്തെ സമീപത്തുള്ള ഒമാനി വീടുകളിൽനിന്നും മിക്കവാറും നോമ്പുതുറക്കുള്ള ഈത്തപ്പഴവും ഫ്രൂട്ട്സ്, മറ്റു വിഭവങ്ങളവർ കൊണ്ടുവരുമായിരുന്നു. അതുപോലെ നമ്മുടെ മലയാളി സുഹൃത്തുക്കളും നോമ്പ് തുറക്കാൻ ക്ഷണിക്കുമായിരുന്നു. 20 വർഷം മുമ്പ് മത്രയിലേക്ക് ചേക്കേറിയപ്പോൾ ഇവിടത്തെ സൗഹൃദ വലയങ്ങളിലും കൂടുതലും മുസ്ലിം സഹോദരങ്ങൾ തന്നെയാണുണ്ടായിരുന്നത്.
കഴിഞ്ഞ നാലു വർഷമായി മറുനാട്ടിൽ മലയാളി അസോസിയേഷൻ, ഇൻകാസ് ഒമാൻ, ഐ.എസ്.സി മലബാർ വിഭാഗം എന്നീ സംഘടനകളുടെ നോമ്പുതുറയിൽ സജീവമായി പങ്കെടുക്കാനും നേതൃത്വം വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മത്ര കെ.എം.സി.സി യുടെ സമൂഹ നോമ്പുതുറയിൽ ഒരു ദിവസം എന്റെ സഹധർമിണിയുമൊത്ത് പങ്കെടുക്കാനും കഴിഞ്ഞു. ഇഫ്താർ സംഘാടനത്തിന് വേണ്ടി സഹകരിക്കുന്നത് ഒരു പുണ്യപ്രവൃത്തിയായി മനസ്സിലാക്കുന്നതിനാൽ സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഞാൻ എത്തിപ്പെടാറുണ്ട്. കഴിഞ്ഞ വർഷം ഒരു തവണ ഞങ്ങൾ നോമ്പ് എടുത്തിരുന്നു. ഈ മധുരകാരക്ക കുറിക്കുന്ന ദിവസവും ഞങ്ങൾ കുടുംബസമേതം
നോമ്പുകാരാണ്. നോമ്പ് തുറന്നത് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ കേരള വിഭാഗം നടത്തുന്ന സമൂഹ നോമ്പുതുറയിലായിരുന്നു. ഇപ്പോൾ എല്ലാ കൂട്ടായ്മകളും, ഇസ്ലാം വിശ്വാസികളെല്ലാത്തവരും നോമ്പ് ഏറ്റെടുത്തു കഴിഞ്ഞു. നോമ്പ് എടുക്കാത്തവർ പോലും ഇഫ്താർ ഒരുക്കി വിശ്വാസികളോട് ഐക്യദാർഢ്യപ്പെടുന്നത് തന്നെ എത്ര ഹൃദയഹാരിയായ ചിത്രമാണ്. സമൂഹത്തിലെ എല്ലാ കൂട്ടായ്മകളും ആവേശത്തോടെ ഇഫ്താറുകൾ സംഘടിപ്പിക്കുന്നതിനാൽ ഇഫ്താർ സദസ്സുകൾ എല്ലാ വർഷവും കൂടിക്കൊണ്ടിരിക്കയാണ്. നന്മയിൽ മത്സരിക്കുന്ന ഈ കാഴ്ച കാണുമ്പോൾ പെരുന്നാൾ വന്നെത്തും മുന്നേ ഇഫ്താറുകളുടെ പെരുന്നാളായി മാറുകയാണ് റമദാൻ എന്ന് തോന്നിപ്പോകുന്നു.
മാനവിക സ്നേഹവും, സാഹോദര്യവും പങ്കിടുന്ന ഇഫ്താറുകൾ സൃഷ്ടാവിന് പ്രിയങ്കരമായ പ്രണാമം തന്നെയാണ്. കോവിഡ് മഹാമാരി ലോകം മുഴുവനും വിഴുങ്ങിയ സമയത്തുപോലും റമദാനിൽ നോമ്പുതുറപ്പിക്കാനായി മത്രയിൽ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നത് ഓർമയിലെത്തുന്നു.
അന്ന് ഓരോ റൂമിലും നോമ്പുതുറക്കാനുള്ള ഭക്ഷണം പാക്കറ്റ് ചെയ്ത് എത്തിച്ചത് ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ്. വർഷങ്ങളായി മാർക്കറ്റിങ് ഫീൽഡിൽ ആയതുകൊണ്ട് തന്നെ ഒമാന്റെ ഏതാണ്ട് എല്ലാ മുക്കിലും മൂലയിലും സഞ്ചരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വഴിയോരങ്ങളിൽ നോമ്പുതുറപ്പിക്കുന്നതിനായി സ്വദേശികളും സന്നദ്ധ സംഘടനകളും നോമ്പുതുറ കിറ്റ് നൽകുന്ന പുണ്യ പ്രവർത്തനമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
അത് സ്വദേശിയെന്നോ വിദേശിയെന്നോ മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്ന് നോക്കാതെ നോമ്പുതുറയുടെ ആഹാരം നൽകുന്ന മനസ്സ് നന്മയുടെ ഉദാരസന്ദേശം തന്നെയാണ്.
നാട്ടിൽ അയൽവാസിയായ അസ്സൈനാർക്കയുടെ കുടുംബം എന്റെ വീട്ടിൽ നോമ്പുതുറ വിഭവങ്ങളുമായി എത്താറുള്ളത് മധുരിക്കുന്ന ബാല്യകാല ഓർമകളായി മറക്കാതെ മനസ്സിലുണ്ട്. അതുപോലെ തന്നെ നോമ്പുതുറ കഞ്ഞിയും, ഈദ് ബിരിയാണിയും വർഷം തോറും മറക്കാതെ നൽകാറുള്ള മത്രയിലുള്ള അൽ തഷ്ക്കീൽ കുടുംബത്തേയും, റിമ സിദ്ദിഖിനേയുമെല്ലാം മറക്കാൻ കഴിയുന്നതെങ്ങനെയാണ്.. തീർച്ചയായും അന്നദാനം മഹാ സ്നേഹദാനം തന്നെയാണ്. മനസ്സുകൾ കീഴടക്കുന്ന ഇഷ്ടദാനം. നോമ്പിന്റെ ഉള്ളടക്കത്തിൽ അതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.