Dubai Karama Street

റമദാനിലെ കറാമ വൈബ്​

കറാമ വൈബ്​, റമദാനിൽ അതൊന്നുവേറെ തന്നെയാണ്​. ദുബൈ എന്ന മഹാനഗരത്തിന്‍റെ ചരിത്രത്തോളം പഴക്കമുള്ള കറാമ ഉറക്കമൊഴിച്ച്​ അതിഥികളെ സ്വീകരിക്കുന്ന കാലമാണത്​. രാത്രികളിൽ ക്രീക്കിന്‍റെ പടിഞ്ഞാറേ കരയിലെ ഈ തെരുവ് വർണവെളിച്ചത്തിൽ കുളിച്ചുനിൽക്കും. ചുമരുകളിലെ കൂറ്റൻ ചിത്രങ്ങൾക്ക്​ ജീവൻവെച്ചുവെന്ന്​ ഒറ്റക്കാഴ്ചയിൽ തോന്നിപ്പോകും. എങ്ങും ഉത്സവപ്പറമ്പിന്‍റെ പ്രതീതി നിറഞ്ഞുനിൽക്കും.

ഉച്ചത്തിൽ പതിഞ്ഞൊഴുകുന്ന സംഗീതം കാതുകളിലൂടെ അലക്ഷ്യമായി സഞ്ചരിക്കുന്നുണ്ടാകും. റീലിടാനായി കാമറയും ഉയർത്തിപ്പിടിച്ച്​ വീഡിയോ പിടിക്കുന്ന കൗമാരം തെരുവിൽ കോലാഹലം കൂട്ടുന്നുണ്ടാകും. ആത്മീയതയാണോ ആഘോഷമാണോ ഇവിടെ നിറഞ്ഞുനിൽക്കുന്നതെന്ന്​ ഒരുവേള സന്ദർശകർക്ക്​ സന്ദേഹമുണ്ടായേക്കാം. പള്ളികളിൽനിന്ന്​ രാത്രി നമസ്കാരം പൂർത്തിയാകുന്നതോടെ ഒഴുകിയെത്തുന്ന ആൾക്കൂട്ടത്തിന്‍റെ സൗന്ദര്യത്തിൽ ആഘോഷത്തിന്​ അൽപം​ മേൽക്കൈ ഇവിടെയുണ്ട്​. ആൾക്കൂട്ടം എന്നാൽ അതിലെല്ലാവരുമുണ്ട്​.

പുരുഷനും സ്ത്രീയും വയോധികരും കുട്ടികളും നോമ്പുവിശ്വാസികളും അല്ലാത്തവരും എന്നുതുടങ്ങി എല്ലാവരും. ഓരോരുത്തരും അവിടെയെത്തുന്നത്​ മനസ്സൊന്ന്​ നിറക്കാനാണ്​. തീർത്തും സുരക്ഷിതമായ അന്തരീക്ഷത്തിൽ സ്ത്രീകളും കുട്ടികളുമെല്ലാം കളിചിരികളോടെ ചുറ്റിയടിക്കുന്നുണ്ടാകും​. ആരുടെയും കണ്ണുകളിൽ ഭയപ്പാടില്ല, ആഹ്ലാദം മാത്രം.

കറാമയുടെ വൈബ്​ തിരിച്ചറിഞ്ഞാണ്​ കഴിഞ്ഞ രണ്ടുവർഷമായി ദുബൈ മുനിസിപ്പാലിറ്റി ഇവിടെ ‘റമദാൻ സ്ട്രീറ്റ്​ ഫുഡ്​ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നത്​. അതൊരു വൻ വിജയമായിക്കഴിഞ്ഞിട്ടുണ്ട്​. ദുബൈയും യു.എ.ഇയിലെ മറ്റു എമിറേറ്റുകളും കടന്ന്​ അയൽ രാജ്യങ്ങളായ ഒമാനിൽനിന്നും സൗദിയിൽനിന്നും വരെ സന്ദർശകർ ഫെസ്റ്റിവൽ കാണാനെത്തുന്നുണ്ട്​. ഭക്ഷണമാണിവിടെ മുഖ്യം. നൂറുകണക്കിന്​ റസ്റ്റാറന്റുകളിൽ ആയിരക്കണക്കിന്​ വിഭവങ്ങൾ ഇവിടെ വിളമ്പുന്നു. തിന്നാലും തിന്നാലും തീരാത്ത രുചികളുടെ ഒരു ബഹ്​ർ.

ആ ബഹ്​റിൽ മുങ്ങിക്കുളിക്കാൻ എത്തുന്ന ഓരോരുത്തരും വയറിനൊപ്പം മനസ്സും നിറച്ചാണ്​ മടങ്ങുന്നത്​. ശൈഖ്​ ഹംദാൻ കോളനിയോട്​ ചേർന്ന്​ 50ലേറെ റെസ്റ്റാറൻറുകളാണ്​ സന്ദർശകരുടെ ഏറ്റവും പ്രധാന കേന്ദ്രം. കഴിഞ്ഞ വർഷങ്ങളിൽ മലയാളികളുടെ റമദാൻ ഒത്തുകൂടലിന്‍റെ ഏറ്റവും പ്രധാന വേദിയായി ഈ തെരുവ്​ മാറിയിട്ടുണ്ട്​. മലയാളികൾ തിങ്ങിപ്പാർക്കുന്നയിടം കൂടിയാണ്​ ഈ മേഖല. നഗരത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നും റമദാൻ രാത്രികളിൽ മലയാളിത്തം തേടി കേരളീയർ ഇവിടെയെത്തും. അവർക്ക്​ മലയാളിത്തം എന്നാൽ കഥകളിയും ഒപ്പനയും പരിചമുട്ടുമൊന്നുമല്ലെന്ന്​ മാത്രം.

മറിച്ച്​ ഐസൊരതിയിൽ തുടങ്ങി തരിക്കഞ്ഞിയും തലശ്ശേരി ബിരിയാണിയും അടക്കം ഉൾക്കൊള്ളുന്ന വിഭവങ്ങളുടെ ​മാലപ്പടക്കമാണ്​. കോഴിക്കോട്​ ബീച്ചിലോ കൊച്ചി മറൈൻ ഡ്രൈവിലോ കറങ്ങിനടക്കുമ്പോൾ മലയാളി ആഗ്രഹിക്കുന്നത്​ ഇവിടെ കടകളിൽ നിരത്തിവെച്ചിട്ടുണ്ടാകും. അമ്മയോ ഉമ്മയോ അമ്മച്ചിയോ വീട്ടിലെത്തിയാൽ വിളമ്പിത്തരുന്ന വിഭവങ്ങളുടെ വട്ടമേശക്ക്​ മുമ്പിൽ ഒരു നിമിഷം ആരും കൊച്ചുകുഞ്ഞായി മാറും. സൃഹൃദ്​ സംഗമങ്ങളും കുടുംബ ഒത്തുചേരലുകളും മുതൽ പെണ്ണുകാണലും ആണുകാണലും വരെ അതിനിടയിൽ മലയാളി പൂർത്തിയാക്കും. പൊട്ടിച്ചിരികൾ ഓരോ കോണിലും നിലക്കാതെ ഒച്ചവെക്കുന്നുണ്ടാകും. അതിനിടയിൽ വീട്ടിലേക്ക്​ വിഡിയോ കോൾ ചെയ്ത്​ ദുബൈ വിശേഷം പങ്കുവെക്കുന്നുമുണ്ടാകും ചിലർ.

പൊതുവേതന്നെ സജീവമായ ഇടമാണ്​ കറാമ. അത്​ പൗർണമി കണക്കെ പ്രകാശിക്കുന്ന കാലമാണ്​ റമദാൻ. ദുബൈയിലെ ഒട്ടുമിക്ക മലയാളി കുടുംബങ്ങളും ഒരു റമദാൻ രാവെങ്കിലും വെളുപ്പിക്കുന്നത്​ ഈ തെരുവിലായിരിക്കും. സന്ദർശകർക്ക്​ ആസ്വാദനത്തിനായി സംഗീത പരിപാടികൾ മുനിസിപ്പാലിറ്റിതന്നെ ഒരുക്കാറുണ്ട്​. ഓരോ ദിവസവും ഓരോ നാടുകളെ പ്രതിനിധീകരിക്കുന്ന പരിപാടികളാണ്​ അരങ്ങേറാറുള്ളത്​. ഇന്ത്യക്കാർക്കും ഫിലിപ്പീനികൾക്കും അറബികൾക്കും യൂറോപ്യനും എല്ലാം ആസ്വദിക്കാവുന്നവ അതിലുണ്ടാകും. പാട്ട്​കേട്ട്​ കൂടിനിൽക്കുന്നത്​ അ​ത്ര വലിയ ആൾക്കൂട്ടമായിരിക്കില്ല. കാരണം ചടഞ്ഞിരിക്കാനല്ല കറാമയിൽ വരുന്നത്​.

പാട്ട്​ പാട്ടിന്‍റെ വഴിക്കും നമ്മൾ നമ്മുടെ വഴിക്കും അങ്ങനെ കറങ്ങി നടക്കണമെന്നാണ്​ ഇവിടത്തെ നിയമം. അതിനാൽ ​സ്​റ്റേജിലെ സംഗീതം മറ്റിടങ്ങളിൽനിന്ന്​ കേൾക്കാൻ സംവിധാനവും ഒരുക്കാറുണ്ട്​. സ്റ്റേജിലെ കലാപരിപാടികൾക്കു പുറമേ മരക്കാലിൽ നടന്നുനീങ്ങുന്ന കോമാളി വേഷക്കാരും പറക്കും പരവതാനിയിൽ നീങ്ങുന്ന മായാജാലക്കാരനും നർത്തകനും കറാമയുടെ ഓരോ വഴിയിലും ആവേശം നിറക്കാനായി ഉണ്ടാകും. അതിനാൽ തന്നെ വീണ്ടുമൊരു റമദാൻ ചന്ദ്രിക ചക്രവാളസീമയിൽ തെളിയുമ്പോൾ ‘ദുബൈക്കാരു’ടെ ഹൃദയം മുഴുവൻ കറാമയെക്കുറിച്ച സ്വപ്നങ്ങളാണ്, അവിടത്തെ ആഹ്ലാദമാണ്​.

Tags:    
News Summary - Ramadan Nights in Dubai Karama Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.