ഇന്ന് റമദാൻ 17, ബദർ യുദ്ധ ഓർമകളുടെ ജ്വലിക്കുന്ന സ്മരണകൾ പുനർജനിക്കുന്ന ദിവസം. സമൂഹം ജീർണതയിലാണ്ട യുഗത്തിൽ ധാർമികതയുടെ ബദലുമായും മാനവികതയുടെ മഹിത സന്ദേശവുമായും പുറപ്പെട്ട പ്രവാചകരെയും അനുചരൻമാരെയും നിഷ്ഠുരമായ മർദനങ്ങൾക്ക് വിധേയരാക്കിക്കൊണ്ടിരുന്ന ആ ഇരുണ്ടയുഗത്തിൽ അധർമത്തിനെതിരെ പോരാടിയ ധർമപടയുടെ ചെറുത്തുനിൽപ്പായിരുന്നു ബദർ. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ഭക്ഷണം, കുടിവെള്ളം, സ്വത്തുക്കൾ കൊള്ളയടിച്ചും ധർമവും നീതിയും പിഴുതെറിയാൻ ശത്രുപക്ഷം തുനിഞ്ഞപ്പോൾ നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നിന്ന് നീതിയെ പുനഃസ്ഥാപിച്ചുകൊണ്ടുള്ള അനിവാര്യമായ ചെറുത്തുനിൽപ്.
കേവലം ഒരു യുദ്ധമെന്നുപറഞ്ഞ് അതിനെ വിലയിരുത്താൻ കഴിയില്ല. പ്രതിരോധമായിരുന്നു. ഒരു യുദ്ധത്തിനുള്ള വലിയ സജ്ജീകരണങ്ങളും സന്നാഹങ്ങളുമില്ലാതെയുള്ള ഒരു പുറപ്പെടൽ മാത്രമായിരുന്നു ബദറിന്റെ പോർക്കളത്തിലേക്ക്. റമദാനിൽ നോമ്പുകാരായിതന്നെ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ്വ) തങ്ങളോടൊപ്പം നിരായുധരായ ഒരു ചെറുസംഘമായിരുന്നു അധർമത്തിനെതിരെ പോരാടാൻ ബദർ ലക്ഷ്യമാക്കി പുറപ്പെട്ടത്. നിലനിൽപ്പിനുവേണ്ടി മാത്രം പൊരുതേണ്ടി വന്നതാണിതെന്ന് ബദ്റിന്റെ ചരിത്രം വായിക്കുന്നിടങ്ങളിലെല്ലാം കാണാനും കഴിയും.
തോറ്റു കൊടുക്കാൻ തയാറാകാത്ത ഒരു ചെറു സംഘത്തിന്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു ബദ്റിൽ നാം കണ്ടത്. ബദ്റിലെ പോരാളികളെ എത്ര പുകഴ്ത്തിയാലും മതിവരാത്ത നാമങ്ങളായി വിശ്വാസികൾ എന്നും അവരെ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ സഹായം ബദ്രീങ്ങളെ കൊണ്ടാണെന്ന് വിശുദ്ധ ഖുർആനിന്റെ സന്ദേശം എന്നും നമ്മെ ഊർജസ്വലമാക്കുന്നതാണ്. ഇന്ന് അധികാരത്തിനുവേണ്ടി സാമ്രാജ്യം കെട്ടിപ്പടുക്കാൻ ലോകശക്തികൾ കടലിലും കരയിലും നിലയുറപ്പിക്കുകയാണ്. നിരായുധരായ ഒരുജനതയെ വംശീയ ഉന്മൂലനം ചെയ്യാൻ ലോകയുദ്ധമര്യാദകൾ ഒന്നും പാലിക്കപ്പെടാതെ കൊന്നുതള്ളുന്നു.
ഗസ്സയിലും സിറിയയിലും മറ്റ് രാഷ്ട്രങ്ങളിലും ഈ അധിനിവേശ ശക്തികൾ ചെയ്തു കൂട്ടുന്ന അനീതിക്കെതിരെ ശബ്ദിക്കാൻ കഴിയാത്തവരായി മാറുകയാണ് അയൽ രാഷ്ട്രങ്ങൾ. ശത്രുപക്ഷത്തെ ദൈവികതയുടെ അചഞ്ചല വിശ്വാസത്തോടെ ചെറുത്തുനിന്നാൽ ഏത് വൻശക്തിക്കും അടിപതറുമെന്ന ചരിത്രമാണ് ബദർ നമ്മെ ഉണർത്തുന്നത്.
മാനവികതയുടെ ഒന്നാം പാഠം അകവും പുറവും തെളിഞ്ഞു കാണുന്ന വിശുദ്ധിയുടെ വെളിച്ചമാകേണ്ടതുണ്ട്. ലോകത്ത് വിളക്കണക്കാൻ ഒരുപാട് പേരുണ്ട്. എന്നാൽ വെളിച്ചം കൊളുത്താൻ അത്ര പേരിന്നില്ല. പ്രവാചകനും അനുചരന്മാരും കൊളുത്തിവെച്ച ആ പ്രഭ ലോകത്തിന് കൈമാറുക. ലോകജനതയാകെ സമാധാനവും സന്തോഷവുമുള്ള സൂര്യോദയം കണികണ്ടുണരട്ടെ. ഇതാണ് ബദർദിനം ലോകത്തിനുനൽകുന്ന സ്നേഹസന്ദേശങ്ങൾ.
പലവിധ പ്രകൃതിദുരന്തങ്ങളാൽ ലോക ജനതയാകെ കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭിക്കാൻ പുണ്യദിനത്തിൽ നമുക്ക് കൂട്ടമായി പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.