പെരുന്നാൾ  രാവ്

പെരുന്നാൾ രാവ്

ബ്രെയിൻ ട്യൂമർ ബാധിച്ച് രണ്ട് ശസ്ത്രക്രിയകളെ തുടർന്ന് ശരീരത്തിന്റെ ഇടതു ഭാഗം പൂർണമായി ചലനശേഷി നഷ്ടപ്പെട്ടു. ആത്മവിശ്വാസം കൊണ്ട് ജീവിതത്തലേക്കു തിരിച്ചു വന്ന ഡോ. ഹവ്വ ചികിത്സകാലത്തെ ഓരോദിവസവും ഡയറിക്കുറിപ്പുകളിലേക്ക്  പകർത്തിയെഴുതി. 'മനോഹരമായ കാവൽ' എന്ന പുസ്തകം ഒരത്ഭുത കഥയാണ്

വിരുന്നെത്തിയ ബ്രെയിൻ ട്യൂമർ പണികഴിഞ്ഞ് തിരികെ പോയെന്ന് ഉറപ്പിച്ച സമയം. ആദ്യ സർജറിയിൽ എടുത്തുമാറ്റാൻ ആകാത്ത 10 ശതമാനത്തെ റേഡിയേഷൻ എന്ന വധശിക്ഷയിലൂടെ പൂർണമായി ഇല്ലാതാക്കിയെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നിമിഷങ്ങൾ. എന്നാൽ, പെട്ടെന്നാണ് വല്ലാത്തൊരു തളർച്ച എന്ന ബാധിക്കാൻ തുടങ്ങിയത്. റബ്ബ് എനിക്ക് തിരിച്ചുനൽകിയ ഇടതു കൈയിലെ ചലനങ്ങളെല്ലാം വീണ്ടും നഷ്ടപ്പെട്ടുതുടങ്ങി. നോമ്പിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഭക്ഷണങ്ങളോട് എനിക്ക് വിരക്തി തോന്നിയിരുന്നു. രുചിയറിയാൻ സാധിക്കാതെയായി.

മരുന്നിന്റെ സൈഡ് ഇഫക്ട് ആണെന്ന് കരുതി ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. അന്ന് ഞാൻ കോയമ്പത്തൂർ കോവൈ ഹോസ്പിറ്റലിനു സമീപത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ക്ഷീണം വല്ലാതെ കൂടിത്തുടങ്ങിയിരുന്നെങ്കിലും പെരുന്നാളിന് നാട്ടിലേക്ക് പോകാനുള്ള സന്തോഷത്തിലായിരുന്നു ഞാൻ.

കണ്ണാടി നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ ഇടതു കവിളിൽ പുഞ്ചിരി വിടരാതിരുന്നത് സംശയത്തിനിടയാക്കി. ഉടനെ എം.ആർ.ഐ എടുത്തപ്പോഴാണ് കാര്യങ്ങളെല്ലാം തിരിഞ്ഞുമറിഞ്ഞത്. റേഡിയേഷന്റെ സൈഡ് ഇഫക്ട് ആയി അവിടെ ഒരു വെള്ളത്തിന്റെ കുമിള നിറഞ്ഞിരിക്കുന്നു. ആദ്യ സർജറിയുടെ ക്ഷീണം മാറുന്നതിനുമുമ്പേ മറ്റൊരു മേജർ സർജറി കൂടി വേണ്ടി വരും. ആ തിരിച്ചറിവ് ഞെട്ടലായി മാറിയ നിമിഷം. റമദാൻ അവസാന പത്തോടടുത്ത സമയമായിരുന്നു.

പെരുന്നാൾ മക്കളോടൊത്ത് ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ നിശ്ചയിച്ചിരുന്ന അതേ ദിവസം വിണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടിവന്നു. അപ്പോഴും എന്റെ മനസ്സു മുഴുവൻ നാട്ടിലെ പെരുന്നാളായിരുന്നു. അന്ന് ഞാൻ എന്റെ ഉപ്പയോടും കാക്കുവിനോടും എന്റെ ഫിസിയോതെറപ്പിസ്റ്റ് ആനന്ദിനോടും വീണ്ടും വീണ്ടും ചോദിച്ച ഒരു ചോദ്യമുണ്ട്. സർജറി കഴിഞ്ഞാലും പെരുന്നാളിന് എനിക്ക് നാട്ടിൽ പോകാൻ കഴിയുമോ എന്ന്.

ആ ചോദ്യത്തിനുനേരെ ഒരു ഉത്തരം നൽകാൻ അന്നവർക്കാർക്കും കഴിഞ്ഞില്ല. കാരണം ആ കുമിള അവിടെയുണ്ടെന്ന് തിരിച്ചറിയാൻ വല്ലാതെ വൈകിയിരുന്നു. വീണ്ടും കടന്നുവന്ന പ്രതിസന്ധിക്ക് മുന്നിൽ ഒരിക്കലും ഞാൻ പകച്ചുനിന്നില്ല. കാരണം ഇതിലൊക്കെ എന്തെങ്കിലും നന്മ റബ്ബ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. വീണ്ടും ഒരിക്കൽകൂടി ആരും തിരികെ കയറാൻ ആഗ്രഹിക്കാത്ത ആ ഓപറേഷൻ തിയറ്ററിലേക്ക്.

വീണ്ടും ഒരിക്കൽ കൂടി മരണത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെട്ടെങ്കിലും സർവശക്തനായ റബ്ബ് എന്നെ വീണ്ടും ജീവിതത്തിലേക്ക് മനോഹരമായി നടത്തിച്ചു. ഒട്ടും പ്രയാസപ്പെടുത്താതെ. ഞാൻ കരുതിയത് പോലെതന്നെ ഒരുപാട് നന്മകൾ അതിലുണ്ടായിരുന്നു. ആദ്യ സർജറിയിൽ നഷ്ടപ്പെട്ട പല ചലനങ്ങളും പിന്നീട് എനിക്ക് ലഭിച്ചു. അൽഹംദുലില്ലാഹ് റമദാന്റെ അവസാന നാളുകളിൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും എനിക്ക് പ്രാർഥന ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞാൻ ഡിസ്ചാർജ് ആകുന്നത് പെരുന്നാളിന്റെ തലേദിവസമായിരുന്നു. സാധാരണ പെരുന്നാളിന്റെ തലേദിവസം ആഘോഷം തന്നെയാണ്. എവിടെയായിരുന്നാലും പെരുന്നാൾ രാവിന് വല്ലാത്തൊരു കുളിരാണ്. അയൽപക്കത്തുള്ള കുട്ടികളെല്ലാം മൈലാഞ്ചിയിടാനായി എപ്പോഴും എനിക്ക് ചുറ്റുമുണ്ടാകും. മൈലാഞ്ചി ഇട്ടുകൊടുക്കുമ്പോൾ മധുരമായ തക്ബീർ ധ്വനികൾ ഉയർന്നുകൊണ്ടിരിക്കും.

​ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയെങ്കിലും അന്നെനിക്ക് നാട്ടിലേക്ക് പോകാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനും നല്ലപാതിയും ഫ്ലാറ്റിലേക്ക് മടങ്ങി. അന്ന് ഉപ്പ തിരിച്ചുപോവുകയും ചെയ്തു. ഞങ്ങളുടെ അടുത്തേക്ക് പെരുന്നാളിന് മക്കളെയും കൊണ്ട് ഭർത്താവിന്റെ ഉമ്മയും ഉപ്പയും വരാമെന്ന് പറഞ്ഞെങ്കിലും ഞാനവരോട് വരണ്ട എന്ന് പറഞ്ഞു. കാരണം അവരുടെ പെരുന്നാൾ ഒരിക്കലും യാത്രയിലാകേണ്ട എന്ന് കരുതി. അങ്ങനെ ആ പെരുന്നാൾ രാവ് എന്റെ മുന്നിൽ മൗനമായിരുന്നു. അന്നെന്റെ ചുറ്റിലും മൈലാഞ്ചിയിട്ടു കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. എവിടെ നിന്നും തക്ബീർ ധ്വനികൾ കേട്ടില്ല. എന്റെ മക്കളുടെ പുത്തനുടുപ്പുകൾ പള്ളിയിൽ പോകാനായി ഒരുക്കിവെക്കേണ്ട തിരക്കുകളുമില്ലായിരുന്നു.

ഞാൻ പതിയെ പേനയെടുത്തു. അന്ന് എന്താണെന്ന് അറിയില്ല മനസ്സിൽ നിറയെ കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകളായിരുന്നു. കുട്ടിക്കാലത്ത് എന്റെ വലിയുമ്മ അരച്ച് തന്നിരുന്ന മൈലാഞ്ചിയുടെ മണം എനിക്ക് ചുറ്റും പടർന്നു. എന്റെ കളിക്കൂട്ടുകാർക്കൊപ്പം ആവേശത്തോടെ ഈർക്കിൽ കൊണ്ട് മൈലാഞ്ചി ഇട്ടിരുന്നതും ഒപ്പം തക്ബീർ ധ്വനി മുഴക്കിയതും. ഉപ്പ വാങ്ങിത്തരുന്ന പുത്തനുടുപ്പിടാൻ ആകാംക്ഷയോടെ കൊതിച്ചിരുന്നതും, പെരുന്നാൾ ദിവസം ഉമ്മ ഒരുക്കിത്തരുമ്പോൾ ആവേശത്തോടെ പള്ളിയിലേക്ക് ഓടുന്നതും.

തിരികെയെത്തുമ്പോൾ വല്യുപ്പ നൽകുന്ന പെരുന്നാൾ പൈസയും. അങ്ങനെ അങ്ങനെ ഒരുപാട് മധുരമുള്ള ഓർമകൾ എന്റെ കണ്ണിനെ ഈറനണിയിച്ചു. അതെന്റെ പുസ്തകത്താളുകളിൽ മഷിപടർത്തി. സത്യത്തിൽ അതെഴുതിത്തീർത്തപ്പോഴേക്കും കുട്ടിക്കാലത്തേക്ക് നടന്ന് മനോഹരമായ ഒരു പെരുന്നാൾ രാവുകൂടി തിരികെയെത്തിയപോലെ. മനോഹരമായ അനുഭൂതി ഞാൻ അനുഭവിച്ചു. അതെനിക്കൊരു പുതിയ ഊർജം നൽകുകയായിരുന്നു.


Tags:    
News Summary - diary of a doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.