ഘാനയിൽ നിന്നുള്ള ഫുട്ബാൾ താരങ്ങൾ
മലബാറിലെ ഉത്സവങ്ങളാണ് സെവൻസ് ഫുട്ബാൾ ടൂർണമെന്റുകൾ. ആ ഉത്സവം കാണാനും കൂടാനുമെത്തുന്ന അതിഥികളുമേറെയുണ്ട്. അധികപേരും ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, സുഡാൻ, ഘാന, ലൈബീരിയ എന്നിവിടങ്ങളിൽനിന്നുള്ളവർ. തൊണ്ണൂറുകളുടെ മധ്യത്തിലാണ് ആഫ്രിക്കൻ താരങ്ങൾ പന്ത് തട്ടാൻവേണ്ടി മലയാളനാട്ടിലേക്ക് വണ്ടികയറി തുടങ്ങിയത്. പിന്നീടങ്ങോട്ട് കളിമൈതാനത്തിനുമപ്പുറം അവർ ഇവിടത്തെ നാട്ടുകാരായി. കല്യാണരാവുകളും ഉത്സവങ്ങളും പള്ളിപ്പെരുന്നാളും അവർ ഒന്നിച്ചാഘോഷിച്ചു.
നോമ്പുകാലം എത്താൻ ആയതോടെ പല ടൂർണമെന്റുകളും അവസാനിച്ചിട്ടുണ്ട്. ഇനി തുടങ്ങണമെങ്കിൽ റമദാൻ കഴിയണം. അതുവരെ ഇവർ ഇവിടെത്തന്നെയുണ്ടാവും. റമദാൻ ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ കേരളത്തിലെ നോമ്പനുഭവങ്ങളും പിറന്ന നാട്ടിലെ നോമ്പോർമകളും പങ്കുവെക്കുകയാണ് ഘാനയിൽനിന്ന് കളിക്കാനെത്തിയ ഈ നാല് താരങ്ങൾ. അരീക്കോട് ബസ് സ്റ്റാൻഡിൽനിന്ന് 50 മീറ്റർ മാറിയാണ് ഇവരുടെ വീടുള്ളത്.
കേട്ടറിഞ്ഞ് അവിടെയെത്തി വീടേതാണെന്ന് ശങ്കിച്ചുനിന്ന എന്നോട് ‘സുഡാനിയാളെ പെര അതാണ്’ എന്ന അയൽപക്കത്തെ താത്തയുടെ ശബ്ദമാണ് വരവേറ്റത്. ഹാളിൽതന്നെ നമസ്കരിക്കാനുള്ള മുസ്വല്ല വിരിച്ചിട്ടിരിക്കുന്നത് കണ്ടു. കണ്ടപാടെ സലാം പറഞ്ഞ് ഹസ്തദാനം നടത്തിയത് ഷംസുദ്ദീനാണ്. യൂസുഫ് അടുക്കളയിൽ പാചകത്തിലായിരുന്നു. അബൂബക്കർ വിശ്രമിക്കുകയും മുത്തലിബ് ഫോണിൽ ഭാര്യയോട് സംസാരിക്കുകയുമാണ്. കാര്യം പറഞ്ഞപ്പോൾ എല്ലാവരും അവരുടെ തിരക്കുകൾ മാറ്റിവെച്ച് സിറ്റൗട്ടിൽ വന്നിരുന്നു. നോമ്പിനെക്കുറിച്ചും മലയാളികളെറിച്ചും പറഞ്ഞുതുടങ്ങി.
‘നോമ്പിന് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാൻ അവസരം ലഭിക്കാറില്ല.എന്നും എവിടെയെങ്കിലും നോമ്പുതുറ ഉണ്ടാവും’- യൂസുഫ് ഇത് പറഞ്ഞാണ് തുടങ്ങിയത്. ആതിഥേയ പ്രിയരായ മലപ്പുറത്തെത്തിയിട്ട് ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ബസ്സുകളിലും റോഡ് സൈഡിലും വരെ നോമ്പുതുറക്കുള്ള സൗകര്യം വിപുലമായിരിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയാത്രക്കാർക്കും ആശുപത്രിയിലെ രോഗികൾക്കുമെല്ലാം ഇഫ്താറിനുള്ള സൗകര്യം ചെയ്തുകൊടുക്കും. ഇത് വേറിട്ട ഒരു അനുഭവമാണ്.
ഘാനയിൽ നോമ്പുകാലത്ത് പ്രധാനമായും പഴവർഗങ്ങളാണ് ഉപയോഗിക്കുക. തണ്ണിമത്തനും ആപ്പിളും പപ്പായയുമെല്ലാം ഉണ്ടാവും. കേരളത്തിൽ പഴവർഗങ്ങൾക്ക് പുറമേ മറ്റനേകം വിഭവങ്ങളും ഉണ്ടാകും. സമൂസ, കട്ട്ലെറ്റ് ഇവയെല്ലാം വ്യത്യസ്ത രുചിയുള്ളവയാണ്. പത്തിരിയും കോഴിക്കറിയുമാണ് ഞങ്ങൾക്കേറെ ഇഷ്ടമെന്ന് അവർ ഒരുമിച്ച് പറയുന്നു.
ഘാനയിൽ നമസ്കാരത്തിനും മറ്റും കുറഞ്ഞ സമയം മതിയാകും. ഇശാഅ് നമസ്കാരത്തിന് ശേഷമുള്ള തറാവീഹിന് കേരളത്തിൽ നീളം കൂടുതലാണ്. പള്ളികളിലും വീട്ടിലും നമസ്കരിക്കാറുണ്ട് വീട്ടിൽ നമസ്കരിക്കുമ്പോൾ ഷംസുദ്ദീനാണ് ഇമാം നിൽക്കാറെന്ന് മുത്തലിബ് പറഞ്ഞു.
കേരളത്തിലെ എല്ലാവർക്കും ഞങ്ങൾ സുഡാനികളാണ്. ഏത് രാജ്യക്കാരായാലും ഇവിടത്തുകാർ സുഡു എന്നാണ് വിദേശതാരങ്ങളെ വിളിക്കാറുള്ളത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയെക്കുറിച്ചും അവർ പറഞ്ഞു. കുറഞ്ഞനേരം കൊണ്ട് ഒരുപാട് സംസാരിച്ചാണ് പിരിഞ്ഞത്. കേരളം സ്നേഹമുള്ള നാടാണെന്നും ഇവിടത്തെ മനുഷ്യരെ ഏറെ ഇഷ്ടമാണെന്നും പറഞ്ഞ് പരസ്പരം ആലിംഗനം ചെയ്താണ് ഞങ്ങൾ പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.