ചെങ്ങന്നൂർ: ഗോപാലകൃഷ്ണൻ നായർ 26ാം വർഷവും പതിവ് മുടക്കാതെയാണ് മാന്നാർ ഇരമത്തൂർ ജുമാമസ്ജിദിൽ എത്തിയത്. നോമ്പുതുറക്കാനുള്ള വിഭവങ്ങളും ഒപ്പമുണ്ടായിരുന്നു. കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം വൈസ് പ്രസിഡന്ററും സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായ കുരട്ടിക്കാട് ഏഴാം വാർഡിൽ തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ്. ഗോപാലകൃഷ്ണൻ നായരാണ് റമദാനിലെ ഒരുദിവസം ഇഫ്താർ നടത്താൻ എത്തിയത്.
സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ കഠിനവ്രതത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞാണ് നോമ്പുതുറ വിഭവങ്ങളുമായി പള്ളിയിലെത്തുന്നത്. ആദ്യകാലത്ത് കപ്പ വേവിച്ചതും മീൻകറിയുമായിരുന്നെങ്കിൽ ഇക്കുറി പഴവർഗങ്ങളും ശീതള പാനീയങ്ങളും പലഹാരങ്ങളും നിറഞ്ഞ ഇഫ്താർവിരുന്നാണ് ഒരുക്കിയത്. എൽ.ഐ.സി ഏജന്റും ജില്ല സഹകരണബാങ്ക് ശാഖയിലെ ഡെയ്ലി ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റുമായിരുന്നു. ഒരുവർഷം മുമ്പ് വിരമിച്ചശേഷം സാമൂഹിക-സാമുദായിക പ്രവർത്തനങ്ങളിൽ സജീവമാണ്.
ഭാരവാഹികളായ മുഹമ്മദ് അജിത്, ഷിജാർ നസീർ, ഷാജി, ഷാജഹാൻ, ശിഹാബ്, നിസാമുദ്ദീൻ തുടങ്ങിയവർ ഗോപാലകൃഷ്ണൻ നായരെ സ്വീകരിച്ചു. മാന്നാറിന്റെ മതസാഹോദര്യവും പരസ്പരസ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനം പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഡോ.ടി.ജി. ഗോപകുമാർ (കാൺപുർ ഐ.ഐ.ടി പ്രഫസർ), ശ്യാം ജി. നായർ (ഫാഷൻ ഡിസൈനർ, ഡൽഹി), ഡോ. ധന്യ ജി. നായർ ( പോസ്റ്റ് ഡോക്ടറൽ ഗവേഷക, തെക്കേഅമേരിക്ക).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.