റമദാനിലെ വ്രതാനുഷ്ഠാനത്തിന് ഉപവാസം എന്നും പറയാറുണ്ട്. ഉപവാസം എന്നാല്‍ കൂടെത്താമസം എന്നാണര്‍ഥം. ഖുര്‍ആനിനെ വായിച്ചും പഠിച്ചും കേട്ടും, യഥാര്‍ഥത്തിൽതന്നെ ദൈവത്തിന്റെ കൂടെത്താമസമാണ് നോമ്പ്. ഏതെങ്കിലും ദേശത്തോ കാലത്തോ ഉള്ളവര്‍ക്കോ ഏതെങ്കിലും വര്‍ഗങ്ങള്‍ക്കോ മതവിഭാഗങ്ങള്‍ക്കോ മാത്രമായി അവതരിച്ചതല്ല, ഖുര്‍ആന്‍.
കാല ദേശ- വംശ ഭേദമന്യേ സകല മനുഷ്യര്‍ക്കും ഏതു സാഹചര്യത്തിലും തെളിഞ്ഞ വെളിച്ചം നല്കുന്നു എന്നതാണ് ഖുര്‍ആന്റെ ഏറ്റവും വലിയ മഹത്ത്വം. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതീര്ണമായതാണെങ്കിലും അത് വായിക്കേണ്ടത് നിങ്ങളുടെ ജീവിതാവസ്ഥകളിലും സാഹചര്യത്തിലും നിന്നുകൊണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കുമേല്‍ അത് വെളിച്ചം പൊഴിക്കൂ.
പരസ്പരമുള്ള വെറുപ്പും വംശീയ വിദ്വേഷവും ആളിക്കത്തുകയും കത്തിക്കുകയും ചെയ്യുന്നതാണല്ലോ ഇന്ന് ലോകവും രാജ്യവും നേരിടുന്ന ഭീകരമായ പ്രശ്നം. അവ മുന്നില്‍ വെച്ചുകൊണ്ട് ഖുര്‍ആനിലേക്ക് നോക്കൂ. നൂറ്റാണ്ടുകളെ മറികടന്ന പരസ്പര വൈര്യത്തിലും കബന്ധങ്ങളും ആര്‍ത്തനാദങ്ങളും സൃഷ്ടിച്ച കലഹങ്ങളിലും മുങ്ങിത്താഴ്ന്ന അറേബ്യയിലെ ഗോത്രങ്ങളെ സഹോദരതുല്യം സ്നേഹിക്കാന്‍ പഠിപ്പിച്ചതും ഐക്യപ്പെടുത്തിയതും ഖുര്‍ആനാണ്.
ആ ചരിത്ര വസ്തുതയെ ഖുര്‍ആന്‍ വിശദീകരിക്കുന്നു: 'ദൈവികപാശം മുറുകെപ്പിടിക്കുവിന്‍. ഭിന്നിക്കാതിരിക്കുവിന്. ദൈവം ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങളോര്ക്കുവിന്. ബദ്ധവൈരികളായിരുന്ന നിങ്ങളുടെ ഹൃദയങ്ങളെ അവന് കൂട്ടിയിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു.ഒരഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്ന നിങ്ങളെ അവന് രക്ഷിച്ചു'.
ലഹരിയും കുറ്റകൃത്യങ്ങളും ഉറക്കം കെടുത്തുന്ന സമൂഹമാണല്ലോ നമ്മുടേത്. നിയമങ്ങളുടെയും വ്യവസ്ഥകളുടെയും കുറവില്ല. എന്നിട്ടും, നടപ്പാക്കേണ്ടവര്‍ ഉദാസീനരാവുന്നതും കുറ്റവാളികള്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നതും നാം നിത്യവും കാണുന്നു. എന്നാല്‍, ലഹരിയിലും കുറ്റകൃത്യങ്ങളിലും പൂണ്ടിറങ്ങിയ ഒരു സമൂഹത്തെ അതില്‍നിന്ന് മോചിപ്പിച്ചതിന്റെ അനുഭവമാണ് ഖുര്‍ആന്‍ പങ്കുവെക്കുന്നത്.
ലഹരിയെ നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായതോടെ അറേബ്യയുടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മദ്യചഷകങ്ങൾ നദികള്‍ തീര്‍ത്തുവെന്ന് ചരിത്രം. അതീവരഹസ്യമായി ചെയ്ത കുറ്റകൃത്യങ്ങള്‍പോലും പശ്ചാത്താപത്താല്‍ ഏറ്റുപറഞ്ഞ് സ്വയം ശിക്ഷകള്‍ ഏറ്റുവാങ്ങിയ ചെറുപ്പക്കാരെയും ഖുര്‍ആന്‍ സൃഷ്ടിച്ചു. മനുഷ്യനെ ഇങ്ങനെ പരിവര്‍ത്തിപ്പിക്കാനുള്ള ഖുര്‍ആന്റെ ശേഷി ആരെയും വിസ്മയപ്പെടുത്തും.
വ്യക്തിയുടെ ധാര്‍മിക ഉന്നമനത്തിനും കുടുംബത്തിന്റെ ഭദ്രതക്കും സമൂഹത്തിന്റെ പുരോഗതിക്കും വെളിച്ചം നല്കുന്ന തത്ത്വങ്ങളും പ്രയോഗമാതൃകയുമാണ് ഖുര്‍ആനില്‍ ഉടനീളം ഉള്ളതെന്ന് കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.