ഈ ഭൂമിയിൽ ഒരോരുത്തരും അവനവന് ശരിയെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഒരോരുത്തരും അവന് കഴിവും പ്രാപ്തിയുമുള്ള കാര്യങ്ങളിലാണ് ഏർപ്പെട്ടു കൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു. തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ് (വിശുദ്ധ ഖുർആൻ 92:4).
മനുഷ്യരിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. സധർമികളും അധർമികളുമുണ്ട്. നല്ലവരും തെമ്മാടികളുമുണ്ട്. ഒരോരുത്തരുടേയും പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലനങ്ങളുമുണ്ടാവും. ചിലപ്പോൾ ധിക്കാരികൾ അധികാരം സ്ഥാപിച്ച് വിളയാടുന്നത് നിനക്ക് കാണാം. അത് കൊണ്ട് അസത്യം വിജയിച്ചു എന്നൊന്നും നീ വിചാരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു. നാടെങ്ങുമുള്ള സത്യനിഷേധികളുടെ വിളയാട്ടം നിന്നെ വഞ്ചിക്കാതിരിക്കട്ടെ. അത് വളരെ തുച്ഛമായ സുഖോത്സവം മാത്രം. പിന്നെ അവര്‍ ചെന്നെത്തുന്ന താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! (വിശുദ്ധ ഖുർആൻ 3:196,197).
സത്യനിഷേധികൾക്ക് തങ്ങളുടെ പ്രവർത്തനം വളരെ നല്ലതായി തോന്നും. പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു (വിശുദ്ധ ഖുർആൻ 27:4). പറയുക: തങ്ങളുടെ കര്‍മങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവരായി മാറിയവരാരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ? ഇഹലോകജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ പിഴച്ചു പോയവരാണവര്‍. അതോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരും (വിശുദ്ധ ഖുർആൻ 18:103,104).
അവരുടെ പ്രവർത്തനങ്ങളെ അല്ലാഹു ഉദാഹരിക്കുന്നത് കാണുക. സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്.
ദാഹിച്ചുവലഞ്ഞവന് അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്. (വിശുദ്ധ ഖുർആൻ 24:39)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.