മരണത്തെ ഒരു ശാശ്വത സത്യമായിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ നിമിഷവും കൂടുതൽ വിലമതിക്കേണ്ടതാണെന്ന് ഇടക്കിടെ സ്വയം ഓർമപ്പെടുത്താറുണ്ട്. നമുക്ക് നൽകപ്പെട്ട സമയത്തെ എങ്ങനെ ഉപയോഗിക്കണമെന്നറിയുമ്പോഴേ സൂക്ഷ്മതയോടെ ജീവിതം മുന്നോട്ട് നയിക്കാൻ കഴിയുകയുള്ളൂ.
ജനിമൃതികൾക്കിടയിൽ നമുക്ക് കിട്ടുന്നൊരു നിസാര സമയം മാത്രമല്ലേ യഥാർഥത്തിൽ ഈ ജീവിതം. സമയം തികച്ചും ആപേക്ഷികമാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഈ ജീവിതയാത്ര കൊണ്ടുള്ള ഉദ്ദേശമെന്താണെന്ന് മറന്നുപോവുകയല്ലേ ചെയ്യുന്നത്. ജീവിതം ലളിതമാണെങ്കിലും നാമതിനെ അനാവശ്യമായി സങ്കീർണമാക്കികൊണ്ടിരിക്കുകയാണ്. പ്രഭാതം മുതൽ പ്രദോഷം വരെ സമയബോധത്തോടെ നിർവഹിക്കപ്പെടുന്ന ആരാധനയായ റമദാൻ നോമ്പ് വിശ്വാസികളെ ജീവിതത്തിലെ സമയബോധം നൽകി അവരെ കർമനിരതരാക്കുമെന്നാണ് തോന്നുന്നത്.
എല്ലാ വർഷവും കൃത്യമായൊരു സമയക്രമത്തിലാണ് ഇസ്ലാം വിശ്വാസികളുടെ പുണ്യമാസമായ റമദാൻ മാസം കടന്നുവരുന്നത്. റമദാൻ നോമ്പ് തുടങ്ങുന്നത് ഒരു ദിവസത്തിന്റെ തുടക്കമായ സൂര്യോദയത്തിൽ, പരിസമാപ്തി കുറിക്കുന്നതാകട്ടെ സൂര്യാസ്തമനത്തിലും. നമ്മുടെ ജീവിതത്തിനുമുണ്ടല്ലോ ഇങ്ങിനെ ഒരു ഉദയവും, അസ്തമയവും. ഇസ്ലാം വിശ്വാസികൾ ആത്മ പരിശോധനക്കും അവനവന്റെ മാനസിക പരിവർത്തനത്തിനും വിധേയമാക്കുന്ന മാസം. ഒരു സർവശക്തനാൽ സൃഷ്ടിക്കപ്പെട്ട്, നയിക്കപ്പെടുന്ന ഈ പ്രപഞ്ചത്തിൽ സർവ ചരാചരങ്ങൾക്കും കർമ മേഖലയിൽ അവരവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് തികഞ്ഞ വ്യക്തതയോടെ തന്നെ ഞാൻ വിശ്വസിക്കുന്നു.
മാനവികതയുടെ സ്നേഹം വിരിയുന്ന സൗഹാർദത്തിന്റെ നാളുകളായാണ് റമദാൻ മാസത്തിലൂടെ അനുഭവിക്കാൻ കഴിയുന്നത്. ദൈവചിന്തയും, ആത്മീയ ബോധവും സജീവമാക്കുന്ന ഉപവാസത്തിലൂടെ ഇസ്ലാം വിശ്വാസികൾ അതിന്റെ പ്രതിഫലനമെന്നോണം സ്നേഹവും കാരുണ്യവും, സൗഹാർദവും പങ്കുവെക്കുന്ന കാഴ്ച ഈ പുണ്യമാസത്തിൽ ലോകമെമ്പാടും കാണാൻ കഴിയുന്നതാണ്. അതിനാൽ എല്ലാ മനുഷ്യരുടേയും ക്ഷേമത്തിനും, നന്മക്കും വേണ്ടിയുള്ള പ്രാർഥനയാണ് റമദാനെന്ന് നിസ്സംശയം പറയാൻ കഴിയും.
ഉപവസിക്കുന്നതിലൂടെ മനുഷ്യന്റെ ആഗ്രഹങ്ങളെയും, ചിന്തകളെയും നിയന്ത്രിക്കുന്ന മഹത്തായ ഒരു അനുഷ്ഠാനം പ്രധാനംചെയ്ത ഇസ്ലാം ദർശനം ഉദാത്തമാണ്. ഇത് വഴി വ്യക്തികളുടെ ആത്മ നിയന്ത്രണം കൂടുതൽ മെച്ചപ്പെടുകയും, സ്വാർഥ താൽപര്യങ്ങളും, ശാരീരിക പ്രലോഭനങ്ങൾക്കും അതീതമായി വ്യക്തിത്വം സംസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതം ദൈവ ഭക്തിയുടേയും, സമർപ്പണത്തിന്റെയും ഉന്നതമായ ആസ്വാധന തലമൊരുക്കുകയാണ് റമദാൻ ചെയ്യുന്നത്. ഉപവാസം വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല. മറിച്ചു ആത്മശുദ്ധീകരണത്തിന്റെ ഒരു പ്രയോഗികരൂപമാണ്. ജീവിതത്തിൽ താഴെ തട്ടിലുള്ളവരുടെ പ്രയാസങ്ങളോടുള്ള സഹതാപം മനസിൽ നട്ടു വളർത്തുന്നു. വലിയവനെന്നോ, ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നു.
റമദാൻ നോമ്പിലൂടെ വ്യക്തിതലത്തിലും, കുടുംബ ബന്ധങ്ങളിലും, സുഹൃദ് ബന്ധങ്ങളിലും ഈ മാറ്റം വളരെ പ്രകടമാണ്. സാമൂഹിക പങ്കാളിത്തമുള്ള പ്രവർത്തനങ്ങൾ...പരസ്പരം സഹായിക്കുന്ന മനഃസ്ഥിതി ഇതൊക്കെ ഈ കാലയളവിൽ കൂടുതൽ ദൃശ്യമാവുന്നു. സ്നേഹ ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന ഇഫ്താർ സ്നേഹസംഗമങ്ങൾ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഒമാനിലെത്തിയതിന് ശേഷമാണ് റമദാനിനെപറ്റി കൂടുതൽ അറിയാനും, അവബോധമുണ്ടാക്കുവാനും കഴിഞ്ഞത്. സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി റമദാൻ മാസത്തിലെ ഇഫ്താർ സൗഹൃദ സദസ്സുകളിൽ സ്ഥിരമായി ഞാൻ പങ്കെടുക്കാറുണ്ട്. കൂട്ടായ പ്രാർഥനപോലെ തന്നെ കൂട്ടായ പ്രവർത്തനവും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ കാലമാണ് റമദാൻ.
സമഗ്രമായി പറഞ്ഞാൽ റമദാൻ ഒരാളുടെ ദൈവസാന്നിധ്യം തേടിയുള്ള ആത്മാന്വേഷണയാത്രയുടെ കാലമെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. നമ്മുടെ ജീവിതലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത് ഈ ജീവിതം നൽകിയ ഈശ്വരനെ സ്നേഹിക്കുകയും, കൂടുതൽ നന്ദിയുള്ളവരാവുകയും, മനുഷ്യർ പരസ്പരം സ്നേഹം പങ്കുവെക്കുന്നതുമാകട്ടെ..ബേപ്പൂർ സുൽത്താൻ പറഞ്ഞത് പോലെ സുന്ദരമായ ഈ ഭൂഗോളത്തില്‍ നമുക്ക് അനുവദിച്ചു തന്ന സമയം അവസാനിച്ചുകൊണ്ടിരിക്കയാണ്. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും അവസാനിക്കാത്ത സമയം.... അനന്തമായ സമയം. റമദാൻ കരീം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.