കുറച്ചു വർഷങ്ങൾക്കു മുമ്പ് അപ്രതീക്ഷിതമായാണ് ഈ ആഘോഷത്തെക്കുറിച്ച് അറിയുന്നത്. നോമ്പ് പതിനാലിനും പതിനഞ്ചിന്നും കുട്ടികളുടെ നോമ്പ് ആഘോഷിക്കുന്ന രാവ് എന്നായിരുന്നു അറിഞ്ഞത്. ആ സമയം മുഹറഖിൽ മാത്രമേ ഇതിന്റെ ആഘോഷം കണ്ടിരുന്നുള്ളൂ.
അവിടെ രാത്രി കാണാൻ പോവുമ്പോൾ അത്ഭുതപ്പെടുത്തുന്ന കാഴ്ച എന്നത് റോഡ് സൈഡിൽ ഞങ്ങളുടെ നാട്ടിൽ പൂഴി കൊണ്ടിറക്കുന്നതു പോലെ കൂനായി കിടക്കുന്ന മിഠായിയും കടലയും അടങ്ങുന്ന മിക്സ് ഐറ്റം ആയിരുന്നു. രാത്രി വളരെ വൈകി കുട്ടികളുടെ ഘോഷയാത്ര ഉണ്ടാവാറുണ്ടെന്നും കുട്ടികൾക്ക് സമ്മാനമായി ഇതാണ് നൽകുകയെന്നും അറിയാൻ സാധിച്ചു. പിന്നീട് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.
നോമ്പ് പകുതി എന്നത് കുട്ടികളുടെ നോമ്പ് എന്നരീതിയിൽ ആണ് അറബ് രാജ്യങ്ങൾ പലപേരുകളിലായി ആഘോഷിക്കുന്നത് എന്ന്. കുട്ടികൾ ബന്ധു വീടുകളിൽ പോവുമ്പോൾ അവർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകുക. അതിനായി പ്രത്യേകതരത്തിലുള്ള സഞ്ചികളുമായാണ് കുട്ടികൾ പോവുക.
തിരിച്ചുവരുമ്പോഴേക്കും ആ സഞ്ചി നിറയെ സമ്മാനങ്ങളും മിഠായികളും കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പൊതുവെ ഞങ്ങളുടെ നാട്ടിൽ പറയുമായിരുന്നു ആദ്യത്തെ 10 കുട്ടികളുടെ നോമ്പും രണ്ടാമത്തെ 10 ബാല്യക്കാരുടെ നോമ്പും അവസാനത്തെ 10 വയസ്സന്മാരുടെ നോമ്പ് എന്നും. ആദ്യത്തെ ആവേശം അവസാനം ആവുമ്പോഴേക്കും കാണില്ല എന്ന അർഥത്തിലാണ് ഇത് പറയുന്നത്. എങ്കിലും ഇവിടത്തെ ഖർഖാഊൻ കേൾക്കുമ്പോൾ മനസ്സിൽ അതാണ് ഓടിയെത്തുക.
ഇന്ന് എല്ലാം കച്ചവടം ആയി മാറിയതിനാൽ ഈ ആഘോഷവും അതിൽ ഒന്നായി മാറിക്കഴിഞ്ഞു. ഞങ്ങൾ കാണാൻ പോവുന്ന ആദ്യ സമയങ്ങളിൽ കുറേപേർക്ക് ഈ ആഘോഷത്തെക്കുറിച്ചു അറിയുക കൂടിയില്ലായിരുന്നു. ഇന്ന് സോഷ്യൽ മീഡിയ തരംഗത്തിലൂടെ എല്ലാവരും എവിടെയാണ് ആഘോഷം എന്ന് ചോദിച്ചാണ് പോവുന്നത്. ആഘോഷം കാണാൻ പോവുന്നവർക്കും അറിയില്ല ഇത് കുട്ടികളെ കൂടുതൽ നോമ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആഘോഷം ആണെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.