സൗദിയിൽ സ്വന്തമായി ചെറിയ ബിസിനസ് ഒക്കെ നടത്തി നല്ലരീതിയിൽ മുന്നോട്ട് പോകുന്ന സമയത്താണ് നിതാഖാത്ത് ഒന്നാം ഘട്ടം നടപ്പിലാക്കുന്നത്. ആ സമയം ചെറുകിട കച്ചവടങ്ങൾക്കെല്ലാം പൂട്ട് വീണ് നാടുപിടിക്കേണ്ട അവസ്ഥയായിരുന്നു. അവരുടെ കൈയിൽ ഒന്നുമില്ലാത്ത ആ സാഹചര്യത്തിൽ നമുക്ക് കിട്ടാനുള്ള ബില്ലുകൾ എഴുതിത്തള്ളുകയല്ലാതെ നിവൃത്തിയുണ്ടായില്ല.
കൈയിൽ ഉണ്ടായിരുന്ന ഡെലിവറി വണ്ടിപോലും മറ്റൊരു അർബാബിന്റെ (കൂലി കഫീൽ) പേരിൽ ആയതിനാൽ ഉപേക്ഷിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായില്ല. അങ്ങനെ നിൽക്കുന്ന സമയത്താണ് പുതിയ ഒരു ബേക്കറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു ജോലി ശരിയാവുന്നത്. ഞാനും കസിനും കൂടെ അതിന്റെ കാര്യങ്ങളുമായി റിയാദിൽനിന്നും 1200 കി.മീ. ദൂരെയുള്ള ഖമീസ് മുശൈതിലേക്ക് വണ്ടി കേറുന്നത്. അവിടെയാണെങ്കിൽ ബേക്കറി പ്രവർത്തനങ്ങൾ ചില വിഷയങ്ങളിൽപെട്ട് നിർത്തിവെച്ചതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ പ്രയാസത്തിലായി.
അതിനിടയിലാണ് നോമ്പിന്റെ ആരംഭം. അവിടെ അടുത്തുള്ള പള്ളിയിൽ നോമ്പുതുറക്ക് നല്ല ഭക്ഷണവും എല്ലാം നൽകുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായെങ്കിലും മുമ്പ് അങ്ങനെ പോയി ശീലമില്ലാത്തതിനാൽ പോകാൻ മടിച്ചു. നോമ്പ് തുറക്ക് മിക്കവാറും മുട്ട ചിക്കിയതും കുബ്ബൂസും ആയിരുന്നു ഉണ്ടാകാറ്. ഒരാഴ്ച അങ്ങനെ മുന്നോട്ട് പോയി. ഒരുദിവസം അസർ നിസ്കരിക്കാൻ പള്ളിയിൽ പോയപ്പോ അവിടെ പള്ളിയുടെ നോട്ടക്കാരൻ ആയ ഒരു സുഡാനി പൗരൻ ഞങ്ങളോട് നോമ്പ് തുറക്ക് പള്ളിയിൽ വരാൻ പറഞ്ഞെങ്കിലും ഞങ്ങൾക്ക് എന്തോ മടി. പിറ്റേന്ന് സുഡാനിയോട് ഒപ്പം ഒരു അറബിയും കൂടെ ഉച്ചക്ക് ഞങ്ങളുടെ റൂമിൽ വന്നു ഞങ്ങളോട് എന്തായാലും പള്ളിയിൽ വരാൻ നിർബന്ധിച്ചു.
അന്ന് ആദ്യമായി പള്ളിയിലെ ഇഫ്താർ ടെന്റിൽ പോയപ്പോൾ സ്നേഹത്തോടെ അതിനുള്ളിലേക്ക് ക്ഷണിച്ചിരുത്തുന്ന സൗദികളെ കണ്ടപ്പോൾ അത്ഭുതമായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ മനസ്സിലാക്കിവെച്ച അറബികളുടെ സ്വഭാവത്തിന് വിപരീതമായിരുന്നു ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത്. അതുകൊണ്ട് ആ നോമ്പിന്റെ ബാക്കി ദിവസങ്ങൾ എല്ലാം ഞങ്ങൾ അവിടെ ഞങ്ങളെ കൊണ്ട് കഴിയുംവിധം സഹായിച്ചും സഹകരിച്ചും അവിടത്തെ സ്ഥിരം ആളുകളിൽ ഉൾപ്പെട്ടു.
അന്നത്തെ ആ ഭക്ഷണത്തിന് ഉണ്ടായിരുന്ന രുചി പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല എന്നതാണ് സാരം. അതിനുശേഷം ബഹ്റൈനിൽ എത്തി സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ പല ഇഫ്താർ വിരുന്നുകളിലും പങ്കെടുക്കുമ്പോഴും പണ്ട് പള്ളിയിൽ പോയി നോമ്പ് തുറന്നിരുന്ന അനുഭവം ഓർക്കാറുണ്ട് (ഇത് എഴുതുന്നത് വരെ ഈ ഒരു ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുണ്ടായിരുന്ന അവസ്ഥ എന്റെ സൗദിയിലെ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ വീട്ടിലുള്ളവർക്കോ അറിയുമായിരുന്നില്ല).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.