delhi jama masjid

രാത്രികളുണരുന്ന ഡൽഹിയിലെ റമദാൻ കാലം

പകൽ അണഞ്ഞു പോകുന്നതും രാത്രികൾ ഏറെ തെളിവോടെ ഉണർന്നിരിക്കുന്നതുമാണ് ഡൽഹിയിലെ നോമ്പുകാലത്തെ പ്രത്യേകത. അതുവരെ പകൽ തിരക്കു കൊണ്ട് വീർപ്പുമുട്ടിയിരുന്ന ജമാമസ്ജിദ് പരിസരവും ചാന്ദ്നിചൗക്കും സാക്കിർ നഗറും ബട്‍ല ഹൗസും ജാമിഅ നഗറുമെല്ലാം ആളൊഴിഞ്ഞ ഇടങ്ങളാകും. നോമ്പുതുറന്നാൽ പിന്നെ കിസ പറഞ്ഞും കൂട്ടുകൂടി രുചിയിടങ്ങൾ തേടിയലഞ്ഞും പുലരുവോളും നീളുന്ന പാച്ചിലാണ്.

പടവുകളിൽ നിറയെ ചരിത്രത്തിന്റെ ഗന്ധം പേറിനിൽക്കുന്ന ജമാ മസ്ജിദിന്റെ ഒന്നാം നമ്പർ ഗേറ്റിന് ചേർന്നാണ് മാട്ടിയാ മഹൽ. ഇഫ്താർ സമയം അടുക്കുന്തോറും ഇവിടത്തെ കരീംസ് ഹോട്ടലിലെ ചിക്കൻ ജഹാംഗീരിയുടെയും അസ്‌ലം കാ ചിക്കനിലെ ബട്ടർ ചിക്കനും ഖുറൈഷി കബാബിന്റേയുമെല്ലാം രുചിയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറയും.

എണ്ണിയാൽ തീരാത്ത, അറ്റം കാണാത്ത ഊടുവഴികളിലൂടെ നടന്ന് നൂറായിരം രുചികൾ ആസ്വദിക്കാൻ നേരം പുലരുവോളം ജനസാഗരം ഒഴുകും. റമദാനിലെ രാത്രികളിൽ ഓൾഡ് ഡൽഹിയിലെ തെരുവോരങ്ങളിലൂടെയുള്ള നടത്തം വയർ മാത്രമല്ല മനസ്സും നിറക്കും. അതിന്റെ പൊരുൾ അറിയണമെങ്കിൽ ഒരു തവണയെങ്കിലും ഇവിടെ വരണം. ഇവിടത്തെ രുചി അനുഭവിക്കണം. 

അത്താഴത്തിനും ഇഫ്താറിനും പള്ളിയില്‍നിന്ന് സൈറണ്‍ മുഴങ്ങും. പിന്നീട് മാത്രമേ ബാങ്ക് കൊടുക്കൂ. ഇഫ്താറിന് ഓള്‍ഡ് ഡല്‍ഹിയുടെ പരിസരത്തുള്ള കുടുംബങ്ങള്‍ തങ്ങളുടെ നോമ്പുതുറ വിഭവങ്ങള്‍ പാത്രങ്ങളിലാക്കി ജമാ മസ്ജിദിലേക്ക് കൂട്ടമായി നീങ്ങും. പായ വിരിച്ചും പത്രം വിരിച്ചും സ്ത്രീകളും കുട്ടികളും അടക്കം ഓരോ കുടുംബങ്ങളും വട്ടത്തിലിരുന്ന് സൈറൺ മുഴങ്ങുന്നതും കാതോർത്തിരിക്കും.

മസ്ജിദിന്റെ വിശാലമായ മുറ്റത്ത് നേരത്തേ വന്ന് സ്ഥലം പിടിക്കുന്നവര്‍ക്ക് മാത്രമേ ഇരിക്കാനിടം കിട്ടുകയുള്ളൂ. വൈകിയെത്തുന്നവർക്ക് നീണ്ടുകിടക്കുന്ന പടികളിൽ ഇടം കണ്ടെത്തേണ്ടിവരും. ഡൽഹി കാണാനെത്തിയവരും ഡൽഹിയിൽ പഠിക്കാനെത്തുന്ന മലയാളി വിദ്യാർഥികളുമെല്ലാം ജാതിമത ഭേദമന്യേ ഒരിക്കലെങ്കിലും ജമാ മസ്ജിദിലെ നോമ്പുതുറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തും. ഒറ്റക്കെത്തുന്നവരെയും ഭക്ഷണം വാങ്ങാൻ കഴിയാത്തവരെയും മറ്റുള്ളവർ പരിഗണിക്കുന്നതിന്റെ മനോഹാര കാഴ്ച കണ്ണിനു കുളിരേകും.

ഓൾഡ് ഡൽഹിയിലും ജാമിഅ പരിസരങ്ങളിലുമെല്ലാം ഓരോ മൂലയിലും പള്ളി കാണാമെങ്കിലും റമദാനിൽ ഫ്ലാറ്റുകളിലെ പാർക്കിങ് ഏരിയകൾ നമസ്കാര കേന്ദ്രങ്ങളാകും. ഇവിടങ്ങളിൽ മൂന്ന് ദിവസം കൊണ്ടും പത്ത് ദിവസം കൊണ്ടും 15 ദിവസം കൊണ്ടുമെല്ലാം ഖുര്‍ആന്‍ മുഴുവനായി പാരായണം ചെയ്തു തീർക്കാനായിരിക്കും ഇമാമുമാർക്ക് കരാറുണ്ടാവുക.

ഖുർആൻ മുഴുവനായി പാരായണം ചെയ്യുന്നതോടെ റമദാനിലെ തറാവീഹും പൂർത്തിയാകും. വ്യാപാരികളും മറ്റു തിരക്കുള്ളവരും മൂന്നു ദിവസം കൊണ്ടും പത്തു ദിവസം കൊണ്ടുമെല്ലാം തീരുന്ന തറവീഹ് നമസ്കാര കേന്ദ്രങ്ങൾ തെരഞ്ഞെടുക്കും. തറാവീഹ് നമസ്‌കാരം കഴിയുന്നതോടെ അങ്ങാടികൾ കൂടുതൽ സജീവമാകും. രാത്രിയാണ് ഷോപ്പിങ്. രാത്രികളിൽ പള്ളികളും സജീവമാകും. അങ്ങനെ, അത്താഴവും കഴിച്ച്, സുബഹി നമസ്കാരവും കഴിഞ്ഞ് ഉറക്കത്തിലേക്ക് വഴുതിവീഴും.

Tags:    
News Summary - Ramadan Days in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.