റമദാനിലെ അവസാന ദിനങ്ങളിലാണ് നമ്മൾ. അറബ് നാടുകളിൽ 27ലേക്കും കേരളത്തിൽ 26ലേക്കും പ്രവേശിച്ചു. ഒരു വർഷത്തിൽ ഒരു മാസം മുസ്ലിംകൾക്ക് കിട്ടുന്ന ഈ പുണ്യദിനങ്ങൾ പ്രാർഥനകൾക്ക് പുറമേ ജാതി മത ഭേദമന്യേ കൂടിച്ചേരലിനും സൗഹാർദം പുതുക്കലിനും പ്രവാസികൾ മാറ്റിവെക്കാറുണ്ട്. മാനസികമായും ഭൗതികമായും നമുക്കിടയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന മാസം കൂടിയാണിത്. വേർ തിരിവുകൾക്കോ അനിഷ്ടങ്ങൾക്കോ സ്ഥാനമില്ലാത്ത ദിനങ്ങളെയാണ് റമദാൻ നിഷ്കർഷിക്കുന്നത്. അതേസമയം ഏറെ ദുഃഖകരമായ ചില പ്രവണതകളും റമദാൻ മാസത്തിൽ കണ്ടുവരുന്നു. ചില ഇഫ്താറുകൾ പ്രൗഢി കാണിക്കുവാനും ജനകീയത വർധിപ്പിക്കാനും കൂട്ടായ്മയെ തരംതിരിക്കുന്നത് കുറച്ചു കാലമായി നോമ്പുകാലത്ത് കണ്ടുവരുന്ന കാഴ്ചയാണ്. ഈ പ്രവണത എതിർക്കപ്പെടേണ്ടതും പടച്ചവൻ ഏറെ വെറുക്കപ്പെട്ടതാണന്ന് പലരും മറന്ന് പോവുന്നത് ഏറെ ഖേദകരമാണ്.
ഭൗതികസുഖങ്ങളിൽ ആപതിച്ച് ശരീരേച്ഛകളുടെ അടിമയായി മാറുന്ന മനുഷ്യൻ മൃഗത്തെക്കാൾ അധമനാകും. ഇച്ഛാസ്വാതന്ത്ര്യം നല്കപ്പെട്ട മനുഷ്യൻ യാതൊരു നിയന്ത്രണത്തിനും വിധേയനാകാതെ കൂടുതൽ സുഖങ്ങൾ അന്വേഷിക്കുകയും അത് സമൂഹദ്രോഹപരമാവുകയും ചെയ്യും. കൂടാതെ വ്യക്തിപരമായിത്തന്നെ ദോഷകരമായി ഭവിക്കും. ഇതിനെ കേവലം ശാസ്ത്രമോ യുക്തിയോ ഭൗതികമായ നിയമാവലികളോവെച്ച് ഇല്ലായ്മ ചെയ്യാൻ സാധ്യമല്ല.
ഇവിടെ പ്രതിഫലപ്രതീക്ഷയും സ്വയം നിയന്ത്രിച്ച് ആത്മീയതയുടെയും ദൈവഭയവും ലക്ഷ്യമാക്കി മാനവികതയുടെയും ഔന്നത്യങ്ങളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമമാണ് ഇസ്ലാമിലെ വ്രതം. വിശുദ്ധ ഖുർആൻ പറയുന്നു, "സത്യവിശ്വാസികളേ, മുമ്പുള്ളവരോട് നിങ്ങളുടെ കല്പിച്ചിരിക്കുന്നതുപോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയത്രെ അത്’’ (2:183).
ആത്മസംസ്കരണം, ഇച്ഛാനിയന്ത്രണം, മൂല്യവിചാരം, എന്നിവയെല്ലാം വ്രതം ലക്ഷ്യമാക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയൽ തുടങ്ങിയ അനുബന്ധഗുണങ്ങളും സിദ്ധിക്കുന്നു. ചുരുക്കത്തിൽ വ്രതം മൂലം മനുഷ്യനെ തിന്മയിൽ നിന്ന് തടുക്കാനും നന്മകളിലേക്ക് പ്രചോദിപ്പിക്കാനും നിഷേധിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയും ക്ഷമയും ആർദ്രതയുമെല്ലാം പരിശീലിപ്പിക്കാനും അവ വഴി ഈ ഭൂമിയിലെ അവന്റെ ആർത്തികൾ നിയന്ത്രിച്ച് സ്വന്തം ജീവിതത്തിൽ സമാധാനവും സംതൃപ്തിയും നേടാനും പരലോക മോക്ഷം കരസ്ഥമാക്കാനും ഉള്ള മാർഗമായിട്ടാണ് ഇസ്ലാം വ്രതാനുഷ്ഠാനം നിർബന്ധമാക്കിയത്.
നോമ്പുകാരന്റെ പ്രാർഥന ഉത്തരം ലഭിക്കുന്ന പ്രാർഥനയാണെന്നും നബി (സ്വ) അരുൾചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കർമങ്ങൾക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഐച്ഛികകർമത്തിന് നിർബന്ധകർമത്തിന്റെയും നിർബന്ധകർമത്തിന് എഴുപത് നിർബന്ധ കർമങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി (സ്വ) ഉണർത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തിൽ എഴുപത് വർഷം അകലത്തിലാക്കുമെന്നും ഹദീസിൽ കാണാവുന്നത് വളരെ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.