നോമ്പ് വന്നാൽ പിന്നെ ചെറിയ പെരുന്നാൾ പള്ളി കഴിഞ്ഞ് വീട്ടിലെത്തി പെരുന്നാൾ ചോറ് തിന്ന് കഴിയുന്ന സമയം വരെ എല്ലാത്തിനും ഉമ്മയുടെ ചൂടും ചൂരുമാണ്. ഉമ്മ പോയിട്ട് 25 വർഷം കഴിഞ്ഞു. ചെറുപ്പത്തിൽ വിചാരിച്ചിരുന്നത് വലുതാവുമ്പോൾ ഈ സങ്കടവും കരച്ചിലും ഒക്കെ മാറും എന്നായിരുന്നു. വലിയ മനുഷ്യർ കരയാറില്ലല്ലോ എന്നൊക്കെയാണ് അന്നത്തെ ധാരണ. പക്ഷേ ഓരോ നോമ്പും പെരുന്നാളും എത്തുമ്പോഴും ഉമ്മയുടെ മണം വല്ലാതെ മനസ്സിനെയും ഹൃദയത്തെയും ശരീരത്തെയും വരിഞ്ഞുമുറുക്കും.
കൂടെ ജോലി ചെയ്യുന്നവരിൽ അധികവും മലയാളികൾ അല്ലാത്തതുകൊണ്ട് ബംഗാളി ഭക്ഷണമായ ചണയും മൂരിയും (കടല മസാലയും അരി വറുത്തതും) ആണ് അധിക ദിവസവും നോമ്പ് തുറക്കാനുണ്ടാവുക. ആദ്യമൊക്കെ ഇതെങ്ങനെയാണ് നോമ്പ് തുറക്കുമ്പോൾ തിന്നുക എന്ന ആശങ്കയായിരുന്നു. ഇപ്പോ ഇതെല്ലാം ശീലമായി. എന്നെ സംബന്ധിച്ച് ഏറെക്കുറെ ഇതൊരു അനുഗ്രഹം കൂടിയാണ്...
അല്ലെങ്കിൽ നോമ്പിന് പത്തിരിയും ഇറച്ചിക്കറിയും ഒക്കത്തിനും ഉമ്മയുടെ ഒരു മണം വരാനുണ്ട്. അറിയാതെ ആളുകൾക്കിടയിൽ വിങ്ങിപ്പൊട്ടേണ്ടി വരും... തരിക്കഞ്ഞി എത്ര ഇഷ്ടമില്ലെങ്കിലും രണ്ട് അണ്ടി പരിപ്പും കുറച്ചു മുന്തിരിയും ഉമ്മ എനിക്ക് ഏറെ ഇട്ട് തരും.. പിന്നെ ഉമ്മാന്റേതിൽനിന്ന് വേറെയും. ‘ഇതും കൂടി കുടിച്ചള ഇഞ്ചെ കുട്ടി.. ആ കൊയക്കൊക്കെ മാറിക്കോളും...’ ആ വാക്കിൽ തന്നെ നോമ്പിന്റെ കൂലി അപ്പോ തന്നെ പടച്ചോൻ നേരിട്ട് തന്ന ഫീലിങ് ആണ്.
പെലച്ചക്ക് വീട്ടിൽ ഏറ്റവും അവസാനം അത്താഴത്തിന് എണീക്കുന്ന ആൾ ഞാനായിരിക്കും. ഉമ്മ വിളിച്ച് വിളിച്ച് കൊയങ്ങി പിന്നെ ഉപ്പ പറയുന്നത് കേൾക്കാം ‘മാണെങ്കി വന്ന് തിന്ന് പൊയ്ക്കോട്ടേ. ഇജ്ജ് തിന്ന് നിസ്കരിച്ച് കടന്നൊറങ്ങിക്കോ...’ ബ്രഷ് എടുത്ത് പല്ല് തേക്കാനൊന്നും നേരം ഉണ്ടാവില്ല. ചൂണ്ടുവിരല് വായിലിട്ട് രണ്ട് വട്ടം അങ്ങോട്ടും ഇങ്ങോട്ടും. പല്ല് തേക്കൽ ഒക്കെ സെക്കൻഡ് കൊണ്ട് കഴിയും.
അവസാനം ചോറ് തിന്ന് കഴിഞ്ഞു കഴിഞ്ഞില്ലാന്നു ആവുമ്പോഴേക്കും ബാങ്ക് കൊടുക്കുന്നുണ്ടാവും. ഉടനെ സുബ്ഹി നിസ്കരിക്കാ... ഉറങ്ങുക... അതാണ് പതിവ്. തൊട്ടടുത്ത് പള്ളിയുണ്ടെങ്കിലും ഉപ്പ എത്ര ആട്ടി പായിച്ചാലും പള്ളിയിൽ പോവൂലാ. ജമാഅത്ത് ആവുമ്പോഴേക്കും ഉപ്പ പോവും. അപ്പോഴേ എനിക്ക് ഒരു സമാധാനം ആവുള്ളൂ... ആകെയുള്ള നിസ്കാരം അന്നൊക്കെ റമദാൻ അല്ലാത്ത കാലത്ത് സുബ്ഹിയും മഗ്രിബും മാത്രമായിരുന്നു. മഗ്രിബിന് വൈകുന്നേരം ആയാൽ നാട്ടുകല്ലിമ്മേ പോണ പതിവുള്ളത് കൊണ്ട് ബാങ്ക് കൊടുത്താൽ വേഗം പള്ളിയിൽ കയറും. എനിക്ക് വേണ്ടിയിട്ടല്ല. ഉപ്പാക്ക് വേണ്ടി. നിസ്കരിക്കാതെ പീടിയെ കൊലയ്മ്മേ ഇരുന്നാൽ എനിക്ക് മോശമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഖത്തീബിെൻറ മോനായത് കൊണ്ട് ഉപ്പാക്ക് മോശം വരുത്തേണ്ട എന്ന് വിചാരിച്ച് വേഗം പള്ളിയിൽ കയറും...
അന്നൊക്കെ എന്തായിരുന്നു ഭക്തി, ഇപ്പോ ആലോചിക്കുമ്പോ തന്നെ ചിരി വരും... ഉമ്മയെയും ഉപ്പയെയും നേരത്തെ കൊണ്ടുപോയി... ഉമ്മ വളരെ വളരെ നേരത്തേ. ഉമ്മ എന്തെന്ന് അനുഭവിക്കുന്നതിനും മനസ്സിലാക്കുന്നതിനും മുമ്പേ...
ഉപ്പ, ഒരു ബാധ്യതയും ഏൽപിക്കാതെയും. എല്ലാ മക്കൾക്കും ജീവിക്കാനുള്ള മാർഗങ്ങൾ ബാക്കിയാക്കി തന്നെയാണ് പോയത്. വലിയ സമ്പാദ്യങ്ങൾ ഒന്നുമില്ല. പക്ഷേ മക്കളുടെ കാര്യത്തിൽ ഏറ്റവും വലിയ സമ്പാദ്യമായ വിദ്യ നേടുന്നതിൽ ഒരുപാട് ഉത്സാഹിച്ചു. ഉള്ള അധ്വാനം മുഴുവൻ മൂന്ന് പെൺകുട്ടികളെ കെട്ടിക്കാനും ആൺകുട്ടികളെ പഠിപ്പിക്കാനും ചെലവഴിച്ചു. ഓരോ പെങ്ങൾമാരെ കല്യാണം കഴിപ്പിച്ച് വിടുമ്പോഴും തൊടിയിലെ ഓരോ തേക്ക് മരങ്ങൾ മറ്റാരുടെയെങ്കിലും വാതിലോ ജനലോ കട്ടിലോ ഊൺ മേശയോ ഒക്കെ ആയിട്ടുണ്ടാവും.
അതുപോലെ ഒരു പ്രാവശ്യം ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോ ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും ഇരുപത് സെന്റ് സ്ഥലം മറ്റാരുടെയോ ആയി മാറി. എങ്കിലും ഇത്രയും കാലം പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എഴുതിക്കൊണ്ടിരിക്കുമ്പോ അങ്ങനെ നീണ്ടു പോവും. ഒപ്പം കണ്ണുനീരും...ആദ്യ ശമ്പളം വാങ്ങി ഉമ്മയുടെ കയ്യിൽ ഏൽപിക്കാൻ സാധിച്ചില്ല എന്ന സങ്കടം ഇന്നും എന്നും ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.