ദൈവത്തിലുള്ള വിശ്വാസത്താൽ പ്രചോദിതമാകണം എന്തും. എന്നാൽ മാത്രമേ അവയൊക്കെ മൂല്യവത്തും സദ്ഗുണ സമ്പന്നവുമാവുകയുള്ളൂ. വിശ്വാസവും പ്രതിഫലേച്ഛയും ചേരുമ്പോഴല്ലേ നോമ്പാവുകയുള്ളൂ! സൽകർമങ്ങൾ അനുഷ്ഠിക്കുന്നതും ദുഷ്കർമങ്ങൾ ത്യജിക്കുന്നതും അങ്ങനെതന്നെയാകണം. ഇന്ന് സമൂഹത്തിൽ കാണുന്ന സർവ തിന്മകളുടെയും അരാജകത്വങ്ങളുടെയും അധാർമികതകളുടെയും പ്രധാന കാരണം ഈമാനിന്റെ ദൗർബല്യം തന്നെയാണ്. ഈമാനുള്ളവരുമായുള്ള ഏതു ഇടപാടുകളിലും ഇതരർക്ക് നിർഭയത്വവും സുരക്ഷിതബോധവും സമാധാനവും ലഭിക്കും.
ഈമാൻ എന്നാൽ നിർഭയത്വം, സുരക്ഷിതത്വം, വിശ്വസ്തത എന്നൊക്കെയാണ് അർഥം. ശുദ്ധപ്രകൃതിയിലുള്ള മനുഷ്യന് നിർഭയത്വവും സുരക്ഷിതത്വവും ലഭിക്കുമ്പോൾ അവൻ എല്ലാവരോടും വിശ്വസ്തതയോടെ വർത്തിക്കുന്നു. കുടുംബത്തിൽ സുരക്ഷിതത്വം അനുഭവിച്ച് വളരുകയും സമൂഹത്തിൽ നിർഭയമായി ജീവിക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്ന വ്യക്തി കുടുംബത്തോടും സമൂഹത്തോടും ഏറ്റവും നല്ല നിലയിൽ പെരുമാറും.
അവരിൽനിന്ന് സത്യസന്ധത, പരസ്പര സ്നേഹം, അലിവ്, സൗഹൃദം, പരോപകാര തൽപരത തുടങ്ങിയ നന്മയുടെയും സൽസ്വഭാവത്തിന്റെയും നീരുറവകൾ പൊട്ടിയൊഴുകും. കുടുംബത്തിലും സമൂഹത്തിലും അരാജകത്വം അനുഭവിക്കുന്നവരിൽനിന്ന് തിന്മകളുടെ കുലംകുത്തിയൊഴുക്കാണ് ഉണ്ടാവുക.
വിശ്വാസം ധ്യാനത്തിന്റെ അനർഘ നിമിഷങ്ങളിൽ മാത്രം കൈവരുന്നതോ ആരാധനാലയങ്ങളുടെ അകത്തളങ്ങളിലെ ഏകാന്തതയിൽ മാത്രം ഉയിരെടുക്കുന്ന ബോധോദയമോ അല്ല, മറിച്ച് സർവതല സ്പർശിയാണ്. നിൽക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും പണിയെടുക്കുമ്പോഴും ജീവിതത്തിന്റെ ഏതു വ്യവഹാരങ്ങളിലായിരുന്നാലും ചൂഴ്ന്നുനിൽക്കുന്നതാണ് വിശ്വാസം. ജീവിതചക്രവാളങ്ങളെയാകെ നന്മകൊണ്ടും സൽസ്വഭാവങ്ങൾകൊണ്ടും സദാചാരനിഷ്ഠ കൊണ്ടും പ്രശോഭിതമാക്കുന്നു.
‘അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നതെന്ന് നീ കണ്ടില്ലേ? അത് നല്ല ഒരു വൃക്ഷം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനിൽക്കുന്നതും അതിന്റെ ശാഖകൾ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാക്കാലത്തും അതിന്റെ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കാൻവേണ്ടി അല്ലാഹു ഉപമകൾ വിവരിച്ചുതരുന്നു. (വി.ഖു. 14:24, 25).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.