അൽ ബഖറ അധ്യായത്തിൽ നോമ്പുമായി ബന്ധപ്പെട്ട സൂക്തങ്ങൾക്കിടയിലാണ് പ്രാർഥനയെ ഖുർആൻ പരാമർശിക്കുന്നത്. (വി.ഖു 2. 185-187 നോക്കുക) മുൻകാല പ്രവാചകന്മാരുടെ സമുദായങ്ങളിൽനിന്ന് ഭിന്നമായി സ്രഷ്ടാവായ അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കാൻ അനുമതി നൽകപ്പെട്ടു എന്നത് മുഹമ്മദ് നബി(സ്വ)യുടെ നിയോഗിത സമൂഹത്തിന്റെ സവിശേഷതയാണ്. പ്രവാചകന്മാർ മുഖേനയുള്ള മധ്യസ്ഥ പ്രാർഥന മാത്രമായിരുന്നു മുൻകാല സമുദായങ്ങൾക്ക് അനുവദിക്കപ്പെട്ടിരുന്നത്.
വിശ്വാസിയെ സംബന്ധിച്ച് പ്രാർഥന വലിയ ഊർജമാണ്. പ്രതിസന്ധിവേളകളിൽ എല്ലാം നാഥനു മുന്നിൽ സമർപ്പിച്ചുകൊണ്ട് അവനോടർഥിക്കുമ്പോൾ അതിലൂടെ മനസ്സിന്റെ ഭാരങ്ങൾ ഇറക്കിവെക്കാൻ സാധിക്കുന്നു. ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞുള്ള പശ്ചാത്താപ പ്രാർഥനകൾ പാപഭാരത്തിന്റെ തപിക്കുന്ന മനസ്സിനെ തണുപ്പിക്കുന്നു.
പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിൽ ദുരിതങ്ങളനുഭവിക്കുന്ന മർദിത-പീഡിത ജനവിഭാഗങ്ങൾക്കായുള്ള ഐക്യദാര്‍ഢ്യ പ്രാർഥനകൾ വിശ്വാസികൾക്കിടയിലെ സാഹോദര്യം വിളിച്ചോതുന്നു. വിശുദ്ധസമയങ്ങളിൽ നിർദേശിക്കപ്പെട്ട പുണ്യ പ്രാർഥനകളിലൂടെ വിശ്വാസിക്ക് വലിയ പ്രതിഫലങ്ങൾ കൈവരിക്കാനാകുന്നു.
പ്രാർഥന ഒരു കാരണവശാലും നിഷ്ഫലമാകില്ലെന്നാണ് ഇസ്ലാമികാധ്യാപനം. പ്രാർഥനയിലൂടെ തേടിയ കാര്യം ലഭ്യമാകാതെവരുന്ന വേളകളിൽ അതിനെക്കാൾ ഉത്തമമായതോ വലിയ ആപത്തുകളിൽനിന്നുള്ള രക്ഷയോ ലഭിക്കുമെന്നാണ്. ഇനി ഒന്നുമില്ലെങ്കിൽ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യകർമമായി പ്രാർഥന രേഖപ്പെടുത്തപ്പെടും.
ഉത്തരം ലഭിക്കുന്ന പ്രാർഥനക്ക് നിരവധി ഘടകങ്ങൾ ഒരുമിച്ചു കൂടേണ്ടതുണ്ട്. അനുവദനീയമായ ഭക്ഷണം മാത്രം കഴിക്കുക എന്നതിന് പ്രാർഥനയുടെ സ്വീകാര്യതയിൽ വലിയ പങ്കുണ്ട്.
ഉത്തരം പ്രതീക്ഷിച്ചുള്ള പ്രാർഥനകളിലെ പ്രതീക്ഷകൾ അസ്ഥാനത്താവില്ല. ഹസ്രത്ത് യൂനുസ് നബിയെപ്പോലെ പ്രാർഥിക്കാനാണ് തിരുനബി (സ്വ) പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ മത്സ്യ വയറ്റിലകപ്പെട്ട സന്ദർഭത്തിൽപോലും പ്രതീക്ഷയോടെയുള്ള പ്രാർഥനയാണ് ശേഷം യൂനുസ് പ്രവാചകന് പരീക്ഷണങ്ങളിൽനിന്ന് മുക്തിനൽകുന്നത്.
അശുദ്ധികളിൽനിന്ന് മുക്തമായും ഹൃദയശുദ്ധിയോടെയും ഉത്തമമായ സമയവും സ്ഥലവും പരിഗണിച്ചും സദ്കർമങ്ങൾക്കു പിറകെയായും ചെയ്യുന്ന പ്രാർഥനകൾ ഉത്തരം പ്രതീക്ഷിക്കപ്പെടാവുന്ന പ്രാർഥനകളാണ്. കിട്ടിയേ മതിയാകൂ എന്ന രീതിയിൽ ആവർത്തിച്ചാവർത്തിച്ചുള്ള പ്രാർഥനക്ക് മറുപടി കിട്ടിയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.