സുബ്ഹ് ബാങ്ക് കൊടുത്തു, നോമ്പുതുറന്നു. നോമ്പോർമകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ചിലതൊക്കെ നമ്മെ ചിരിപ്പിക്കുന്നതുകൂടിയാണ്. ബഹ്റൈൻ കേരളീയ സമാജത്തിൽ സജീവമായുണ്ടായിരുന്ന ഒരു നോമ്പുകാലത്ത് നാട്ടിൽ പോകാൻ തീരുമാനിച്ച ദിവസം തന്നെയാണ് ഇഫ്താറിനായി തിരഞ്ഞെടുത്തതും.
സമാജം നടത്തുന്ന പരിപാടികൾ പോലെത്തന്നെ നിറഞ്ഞുകവിയുന്ന അതിഥികളാണ് ഇഫ്താറിനും എത്തുക, വിവിധ സബ് കമ്മിറ്റികൾ രൂപവത്കൃതമായി കൃത്യസമയത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഞങ്ങൾ സംഘാടകർ പഴുതടച്ച പരിശോധനകളും ഒരുക്കങ്ങളുമായി രാവിലെ മുതലേ തിരക്കിലായിരുന്നു. ഹാളിൽ ബാങ്ക് വിളി കേൾപ്പിക്കാൻ ഫോൺ സൗണ്ട് സിസ്റ്റവുമായി കണക്ട് ചെയ്ത് ഓപറേറ്ററുടെ കൈയിൽ ഏൽപിച്ചു. പതിയെ അതിഥികളുടെ വരവായി.
സ്വീകരണവും കുശലം പറച്ചിലുമായി ഞങ്ങൾ കൂടുതൽ തിരക്കുകളിലേക്ക് ഇറങ്ങി. റമദാൻ പ്രഭാഷണം ബാങ്ക് വിളിയുടെ തൊട്ടുമുമ്പ് അവസാനിക്കുന്ന രീതിയിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രഭാഷണം അവസാനിച്ചതോടുകൂടി ഫോണിൽ നിന്നും ബാങ്കൊലികൾ ഉയർന്നു.
അതിഥികൾ നോമ്പുതുറയുടെ തിരക്കിൽ. സുന്ദരമായ ബാങ്കുവിളി ഹാളാകെ മുഴങ്ങുന്നു, അസ്സലാത്തു ഖൈറും മിനന്നൗം എന്ന സുബ്ഹ് നമസ്കാരത്തെ സൂചിപ്പിക്കുന്ന വരികൾകൂടി കേട്ടപ്പോഴാണ് അമളി പറ്റിയത് മനസ്സിലായത്. നോമ്പ് തുറപ്പിച്ചു അതിഥികളുടെ മനസ്സ് നിറച്ചതിനൊപ്പം ചിരി പടർത്തുകകൂടി ചെയ്താണ് അന്നത്തെ തുറയവസാനിച്ചത്. ഞാനെന്റെ യാത്രക്കായി എയർപോർട്ടിലോട്ടും തിരിച്ചു. പിറ്റേന്നാൾ മാധ്യമത്തിലെ വാർത്ത ‘സുബ്ഹ് ബാങ്ക് കൊടുത്തു, നോമ്പ് തുറന്നു’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.