ഒമാനിലെ പ്രവാസ ജീവിതത്തിനിപ്പോൾ 38 വർഷങ്ങളുടെ പ്രായമായി. അത്രത്തോളം തന്നെ റമദാൻ നോമ്പുകളെയടുത്തറിയുവാനും, മനസ്സിലാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഏറെ പവിത്രതയോടെ നോമ്പെക്കുന്ന ഒരുപാടു സുഹൃത്തുക്കളെനിക്കുണ്ട്. നന്മയും, സ്നേഹവും കോർത്തിണക്കിയ ദിവ്യ സൂക്തങ്ങൾ സദാ ഉരുവിടുന്ന അവരെല്ലാവരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
ഞങ്ങൾ താമസിക്കുന്നതിന് അടുത്തായി അതിമനോഹരമായ ഒരു മസ്ജിദുണ്ട്. പരിശുദ്ധമായ റമദാൻ ദിവസങ്ങളിൽ അവിടെ നിന്ന് സ്വര മാധുര്യമുള്ള പുണ്യം പെയ്തിറങ്ങുന്ന ബാങ്കു വിളികൾ ശ്രദ്ധിക്കാറുണ്ട്. ജനൽപ്പാളികൾ തുറന്നിട്ടാൽ ഈ മസ്ജിദിന്റെ ചുറ്റും ചുവന്ന ലൈറ്റിന്റെ പ്രകാശത്തിൽ കുളിച്ച് അതി ഭംഗിയോടെ തെളിമയാർന്നു നിൽക്കുന്നത് കാണാം.
തെളിഞ്ഞ നിലാവിൽ അതു നോക്കി ആസ്വദിച്ചു നിൽക്കേ ബാങ്കുവിളി ഉയർന്നു കേട്ടു. ഏതാണ്ട് അരമണിക്കൂറോളം കഴിഞ്ഞപ്പോൾ വീട്ടിലെ കാളിങ് ബെൽ ചിലച്ചു. ഞാൻ പെട്ടെന്ന് കതകു തുറന്നു. ആശ്ചര്യം കൊണ്ടെന്റെ കണ്ണുകൾ മിഴിഞ്ഞു. അടുത്ത വീട്ടിലെ സജിതയും, മകളുമാണ്. വലിയ ട്രേയിലും പാത്രങ്ങളിലുമായി നിറയെ പലഹാരങ്ങളുമായി മനോഹരമായി പുഞ്ചിരിച്ചുനിൽക്കുകയാണ്. ‘കയറി ഇരിക്കു’ ഞാൻ ക്ഷണിച്ചു.
പലഹാരങ്ങൾ എല്ലാം മേശയിൽ നിരത്തി സജിതയും, മകൾ മാളുവും പോകാനൊരുങ്ങി. സജിത പറഞ്ഞു ‘കലാമിക്കാക്ക് കടയിൽ പോകണം, ഞാൻ പിന്നീട് വരാം. എല്ലാം കഴിക്കണേ. പത്തിരി തേങ്ങാപ്പാലിൽ മുക്കി കഴിക്കണം. ഇറച്ചി പൊരിച്ചതും, ഇടിയപ്പവുമാണ് ഇന്നത്തെ താരം. കിണ്ണത്തപ്പം തണുത്തിട്ടേ കഴിക്കാവൂ. ഉന്നക്കായ് നല്ല അസ്സൽ നെയ്യിൽ പൊരിച്ചതാ’- ധിറുതിയിൽ പറഞ്ഞിട്ട് സജിത തിടുക്കത്തിൽ നടന്നു. പാത്രങ്ങൾ തുറന്നു നോക്കിയ ഞാനും, മോളും മനം മയക്കുന്ന മണമുള്ള പലഹാരങ്ങൾ കണ്ട് അന്തംവിട്ടിരുന്നു.
അന്നു രാത്രി ഭർത്താവും, മകനും, മകന്റെ ഭാര്യയും കുട്ടികളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വിശേഷങ്ങൾ കൈമാറവേ അദ്ദേഹം പറഞ്ഞു. സ്കൂളിൽ മാസങ്ങളോളം ഫീസ് കൊടുക്കാത്ത ഒരു കുട്ടിയുണ്ട്. ആഹാരത്തിനും അവർക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ട്. നമുക്ക് നാളത്തെ നോമ്പുതുറ സമയത്ത് അവിടെ വരെ ഒന്നുപോകണം. നമുക്ക് സജിതയേയും കൂടെ കൂട്ടിയാലോ ? ഞാൻ ചോദിച്ചു. പിന്നെന്താ എല്ലാവരും അതു ശരിവച്ചു.
ഞാൻ അപ്പോൾത്തന്നെ സജിതയോട് വിവരങ്ങൾ കൈമാറി. അന്നത്തെ സായാഹ്നം കൂടുതൽ സുന്ദരിയായതു പോലെ. നേർത്തൊരു തണുപ്പും തോന്നിച്ചു. പ്രകൃതിയാകെ പൂത്തുലയും പോലെ ഒരു പ്രതീതി. നാലുമണി ആയപ്പോൾത്തന്നെ സജിത വന്നു. എടുത്താൽ പൊങ്ങാത്തത്രയും പലഹാരങ്ങൾ നിറച്ച കൂടുകൾ. എന്റെ കൈയിലുള്ള വലിയ ബാഗുകൾ കണ്ട് സജിത അത്ഭുതത്തോടെ ചോദിച്ചു.
ഇതെല്ലാം എന്താണ്? അരിയും, പച്ചക്കറികളും മറ്റുമാണ്. പിന്നെ കുറച്ചു വസ്ത്രങ്ങളും. ഞങ്ങൾ സ്കൂളിനടുത്തുള്ള ഫ്ലാറ്റിൽ എത്തി. അൽപം ശങ്കയോടെയാണ് ബെല്ലമർത്തിയത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞു. അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാത്തത്തിനാൽ വീണ്ടും കതകിൽ തട്ടി.
അപ്പോൾ കതകിന്റെ പാളി അൽപമൊന്നു തുറന്ന് ആകാംഷ കൊണ്ട് വിടർന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ വെളിയിലേക്കു തലമാത്രം നീട്ടി മണികിലുങ്ങും പോലെയുള്ള സ്വരത്തിൽ ആരോ പഠിപ്പിച്ചു വച്ചതു പോലെ പറഞ്ഞു. അച്ഛൻ ഇവിടെ ഇല്ല. ‘അമ്മയോ’ ഞാൻ ചോദിച്ചു
‘അമ്മേ, അമ്മേ...’ മണി നാദം അകത്തെക്കോടി. വീണ്ടും അൽപ നേരം കൂടി കഴിഞ്ഞു മണിനാദം, അമ്മയെ കൂട്ടിക്കൊണ്ടുവന്നു. അൽപം പരിഭ്രമത്തോടെ അവർ ചോദിച്ചു. ‘ആരാ... അകത്തേക്ക് ഇരിക്കാം"’ . ഞാനും, സജിതയും ബാഗുകൾ എല്ലാം അവരെ ഏൽപിച്ചു പറഞ്ഞു കുഞ്ഞിനുള്ള പലഹാരങ്ങളാണ്. ഒന്നും പറയാതെ അവർ ബാഗുകളിലേക്കും, ഞങ്ങളേയും മാറിമാറി നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞു. ഇടറിയ സ്വരത്തിലവർ പറഞ്ഞു. ‘നന്ദി ’ കുറച്ചു രൂപ അടങ്ങിയ ഒരു കവർ അവരെ ഏൽപിച്ച് ഭർത്താവ് പറഞ്ഞു.
എന്നാൽ ഞങ്ങളിറങ്ങട്ടെ.. അവർ മെല്ലെ തലയാട്ടി. മണി നാദം കൈ വീശി മൊഴിഞ്ഞു ‘ടാറ്റാ’ തിരികെയുള്ള യാത്രയിൽ എല്ലാവരും സന്തോഷഭരിതരായിരുന്നു. സജിത മാളുവിന്റെ കൈത്തലം നുകർന്നു കൊണ്ട് പറഞ്ഞു. ‘ലൈലത്തുൽ ഖദ്ർ അടുത്തു വന്നപ്പോൾ ഒരു പുണ്യം കൂടി ചെയ്യാൻ കഴിഞ്ഞല്ലോ എന്റെ റബ്ബേ’.. ‘ലൈലത്തുൽ ഖദ്ർ ’ മാളു ആത്മഗതം ചെയ്തു. സജിതയോടായി അവൾ ആരാഞ്ഞു. അതെന്താണുമ്മച്ചി?
‘അത് അനുഗ്രഹങ്ങളുടെ രാവാണ് മോളേ.... ’
"വിശദമായി പറയൂ. ഞാൻ ആവശ്യപ്പെട്ടു.
നോമ്പിന്റെ അവസാന പത്തു നാളുകളിലെ ഒരൊറ്റ രാവിലാണ് ഖുർആൻ അവതരിക്കപ്പെട്ടത്. ആ പുണ്യരാവിലെ നമസ്കാരമടക്കമുള്ള എല്ലാ പ്രാർഥനകൾക്കും ആയിരം മാസങ്ങളുടെ പ്രാർഥനകളേക്കാൾ ശ്രേഷ്ഠതയുണ്ട്. ‘ലൈലത്തുൽ ഖദ്ർ ഖൈറും മിൻ അൽഫി ശഹ്ർ’ എന്ന് ഖുർആനിൽ തന്നെയുണ്ട്.
അനുതാപത്തോടെ കണ്ണീരൊഴുക്കി പ്രാർഥനക്കുള്ള അവസരമാണ്. ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വിശ്വാസത്തോടെ പ്രതിഫലം തേടിയാരെങ്കിലും നമസ്കരിച്ചാലവരുടെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബിയും പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ മലക്കുകൾ ഭൂമിയിലെത്തി സത്യ വിശ്വാസികൾക്ക് അനുഗ്രഹമാരികൾ ചൊരിഞ്ഞു നൽകുന്ന ആ ദിവസം മഹത്വമേറിയ രാവാണ്. ആകാംക്ഷയോടെ ഞങ്ങൾ സജിതയുടെ സംസാരം ശ്രദ്ധിച്ചിരുന്നു.
"അതിവിശിഷ്ഠമായ റമദാൻ നോമ്പിൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും, ചിട്ടയോടെ നോമ്പെടുക്കുന്നവർക്ക് മാലാഖമാരുടെ പ്രഭയും, ആത്മീയകരുത്തും ലഭിക്കും. തിന്മയെ നന്മകൊണ്ട് അതിജീവിക്കാനുള്ള പ്രധാന ആയുധമാണ് നോമ്പ്." ഈ റമദാനിലും ത്യാഗം, ക്ഷമ, സ്നേഹം തുടങ്ങിയ എല്ലാ നന്മകളും നമ്മുടെ ഹൃദയങ്ങളിലേക്കും ഒഴുകിയെത്തട്ടെ. ഞാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.