25 വർഷം മുമ്പ് ഒരു നോമ്പ് കാലത്ത് മസ്ജിദുൽ നബവിയിൽ (മദീന പള്ളിയിൽ) സന്ധ്യനമസ്കാരത്തിനായി ഞാനും കൂടെ രണ്ടുമൂന്നു പേരുമുണ്ടായിരുന്നു നടന്നു പോകുമ്പോൾ പള്ളിയുടെ അര കിലോമീറ്റർ അകലെ വെച്ച് ഒരു സൗദി പൗരൻ സലാം ചൊല്ലി സുഖവിവരങ്ങളന്വേഷിച്ചു. കൂട്ടത്തിൽ അത്യാവശ്യം അറബിക് അറിയാവുന്നതിനാൽ ഞാൻ മറുപടി പറഞ്ഞു.
പിന്നെയുള്ള സൗമ്യമായ ചോദ്യം നീ എന്റെ സഹോദരനല്ലേയെന്നായി. സ്വാഭാവികമായി നമ്മൾ അതേയെന്നല്ലേ മറുപടി പറയൂ, ഇതു കേട്ടതും എന്റെ കൈ അദ്ദേഹത്തിന്റെ നോക്കിലൊതുക്കി, എനിക്ക് എന്തോഒരു പന്തികേട് തോന്നി. ഒന്നും ചെയ്യാൻ കഴിയാത്ത ഒരവസ്ഥ, പിന്നീടുള്ള അദ്ദേഹത്തിന്റെ ആവശ്യമാണ് ആശ്ചര്യപ്പെടുത്തിയത്.
സഹോദരാ നീ ഇന്ന് എന്റെ കൂടെ നോമ്പ് തുറക്കണം. എന്ത് ചെയ്യണമെന്നറിയാതെ ഒപ്പമുള്ളവരെ ഞാൻ തിരിഞ്ഞുനോക്കി അപ്പോഴേക്കും അവരുടെകൈകൾ മറ്റു സൗദികളുടെ കൈകളിലൊതുങ്ങിയിരുന്നു. പള്ളിമൈതാനത്ത് എത്തുന്നതു വരെ കുശലങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.
നോമ്പ് തുറക്കുന്ന സമയത്ത് പലതരം വിഭവങ്ങളും ജ്യൂസുകളും തന്ന് സൽക്കരിച്ച്, നമ്മൾ മതിയാക്കി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇരുത്തി നിർബന്ധിച്ച് കഴിപ്പിച്ച് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു. ചെറുപ്പത്തിൽ നോമ്പ് നോറ്റാൽ അരികിലിരുന്ന് കഴിപ്പിക്കുന്ന ഉമ്മാനെ ഓർമവന്നു അപ്പോൾ. അൻസാറുകളുടെ നിഷ്കളങ്കമായ സ്നേഹം തൊട്ടറിഞ്ഞു. ഇപ്പോഴും മദീനയിലെത്തുമ്പോൾ ആ സഹോദരങ്ങളെ കണ്ടെങ്കിലെന്ന് ആശിച്ച് പോകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.