ശബരിമല : 18 മലകളാൽ ചുറ്റപ്പെട്ട് 18 പടികളോട് കൂടിയ ശബരിമലയിൽ 18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മാസ്റ്റർ പ്ലാൻ പദ്ധതി മല കയറാൻ ഒരുങ്ങുന്നു. ശബരിമലയുടെ സമഗ്ര വികസനവും തീർത്ഥാടകരുടെ സുരക്ഷയും സുഖദർശനവും ലക്ഷ്യമിട്ട് 2006 ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പദ്ധതിയ്ക്കാണ് പുതുജീവൻ വെയ്ക്കുന്നത്.
കാനന ക്ഷേത്രമായ ശബരിമലയുടെ പരിമിതികൾ ഉൾക്കൊണ്ടുള്ള സമഗ്ര വികസനം ലക്ഷ്യമാക്കി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്രസ്‌ട്രക്ച്ചർ ലീസ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനമാണ് 2050 വരെയുള്ള പദ്ധതി തയ്യാറാക്കിയത്. 2007ൽ സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചു. 2011-12 സാമ്പത്തിക വർഷം മുതൽ സർക്കാർ ബഡ്ജറ്റ് വിഹിതം വകയിരുത്തിത്തുടങ്ങി.
ഇതുവരെ 335 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 142.5 കോടി രൂപ ചെലവഴിച്ചു. ഈ വർഷവും ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു.
പമ്പ ഹിൽടോപ്പിൽ നിന്നും ഗണപതി കോവിലിലേക്ക് പാലം , ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരെ പമ്പയിലേക്ക് മടക്കി അയക്കാനായി മാളികപ്പുറത്തു നിന്നും ചന്ദ്രാനന്ദൻ റോഡിലേക്ക് ഫ്ലൈ ഓവർ , പ്രസാദ മണ്ഡപം, തന്ത്രി-മേൽശാന്തി മഠങ്ങൾ, തിരുമുറ്റ വികസനം, സന്നിധാനത്തെ അന്നദാന മണ്ഡപം , തീർത്ഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം ഒരുക്കൽ, നിലയ്ക്കൽ ബേസ് ക്യാമ്പിൽ സുരക്ഷാ ഇടനാഴി, പിൽഗ്രിം സെന്റർ നിർമ്മാണം തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉള്ളത്.
വനം - ദേവസ്വം ബോർഡ് വകുപ്പുകൾ തമ്മിൽ വർഷങ്ങളായി നീണ്ടുനിന്നിരുന്ന തർക്കങ്ങൾ മന്ത്രിസഭാ നിർദ്ദേശത്തെ തുടർന്ന് നടത്തിയ മന്ത്രിതല ചർച്ചയിൽ പരിഹരിച്ചിരുന്നു. തുടർന്ന് മാസ്റ്റർ പ്ലാൻ നടത്തിപ്പിനായി ഇരു വകുപ്പുകളും സംയുക്തമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ വെയ്ക്കുന്നത്. പമ്പ ഹിൽടോപ്പ് - ഗണപതി കോവിൽ പാല നിർമ്മാണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ആവശ്യമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ നേരിട്ട് കേന്ദ്ര മന്ത്രാലയത്തെ സമീപിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.