തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിത ദർശനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കുള്ള മുന്നൊരുക്കം നടത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും.
ബി.എം.ബി.സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കും. നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. എരുമേലിയിലെ 1100 വാഹനങ്ങളുടെ പാർക്കിങ് രണ്ടായിരമാക്കും.
ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കാൻ 4000 ലിറ്റർ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയർത്തും. കടകളിൽ വിൽക്കുന്ന കുടിവെള്ളം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടത്തും. വന്യമൃഗ ശല്യമില്ലാതെ ദർശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാൻ വനം വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.