റിയാദ്: വാനിൽ ശവ്വാലമ്പിളി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി. പെൺകുട്ടികൾക്കും മുതിർന്നവർക്കും പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചി മൊഞ്ച് പകരാനായി മെഹന്ദി കലാകാരി ഷഹനാസ് ഷിറിൻ തയാർ. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ ഷഹനാസ് വർഷങ്ങളായി ഈ രംഗത്ത് റിയാദിൽ സുപരിചിതയാണ്.
ഇൻസ്റ്റയിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഉപഭോക്താക്കൾ ഇവരെ തേടിയെത്തുന്നത്. അധികവും സൗദികളും പാകിസ്താനികളും വടക്കെ ഇന്ത്യക്കാരുമാണ് ഷഹനാസിന്റെ മൈലാഞ്ചിയണിയാൻ എത്തുന്നത്.
റമദാൻ പെരുന്നാൾ ദിനങ്ങളിലാണ് കൂടുതൽ ആവശ്യക്കാർ. മറ്റ് വിശേഷ ദിവസങ്ങളിലും വിവിധ ദേശക്കാർ ഈ കലാകാരിയെ തേടിയെത്തുന്നു. ചെറുപ്പത്തിൽ ചിത്രം വരക്കാനുള്ള കഴിവിൽ നിന്നാണ് ഈ രംഗത്തേക്ക് എത്തിപ്പെട്ടത്. ആദ്യമൊക്കെ കടയിൽനിന്ന് വാങ്ങുന്ന മൈലാഞ്ചി ആയിരുന്നു ഉപയോഗിച്ചിരുന്നത്.
അഞ്ച് വർഷം മുമ്പാണ് രാസവസ്തുക്കൾ ഒന്നും ചേർക്കാത്ത ഒരു പാർശ്വഫലങ്ങളുമില്ലാത്ത പ്രകൃതിദത്തമായ മൈലാഞ്ചിയെക്കുറിച്ച് ആലോചിക്കുന്നതും തയാറാക്കുന്നതും. രാജസ്ഥാനിൽ നിന്നും കൊണ്ടുവരുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി ഉണ്ടാക്കുന്ന മൈലാഞ്ചിയാണ് ഇപ്പോ ൾ ഉപയോഗിക്കുന്നത്. ആവശ്യപ്പെടുന്ന രീതിയിൽ രൂപകൽപന ചെയ്യാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഷഹനാസ് ഷിറിൻ വിദഗ്ധയാണ്.
ഒപ്പം ഈ പ്രവൃത്തിയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. കുടുംബത്തിന്റെ പ്രോത്സാഹനവും ഈ കലാകാരിക്ക് കൂടെയുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അഫ്സലാണ് ഭർത്താവ്. മക്കൾ റീമാസ് അഫ്സൽ, താലിയ അഫ്സൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.