നമുക്കായി പ്രത്യേകിച്ച് മനക്കലെ കുട്ടിക്ക് സസ്യാഹാരം തയാറാക്കി വെച്ചിട്ടുണ്ടാകും. ക്ഷണിക്കുമ്പോൾത്തന്നെ പറയും നിങ്ങക്കുള്ള ഫുഡ് വേറെ സെറ്റാക്കിയിട്ടുണ്ടെന്ന്. അത്തരം പരിപാടികൾക്ക് ക്ഷണിക്കുക, നമ്മളെ ഉൾപ്പെടുത്തുക, കൂടിച്ചേരുക എന്നതൊക്കെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. നോമ്പുതുറയിലെ ഭക്ഷണത്തേക്കാൾ ഏറ്റവും രുചികരമായിട്ടുള്ളത് അവരുടെ സ്നേഹമാണ്.
മലപ്പുറം ജില്ലയിലെ കട്ടുപ്പാറ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽ കണ്ടും കേട്ടും അറിഞ്ഞും ഉള്ളതാണ് ഓരോ നോമ്പുകാലവും. ജനിച്ചത് ഒരു ബ്രാഹ്മണ കുടുംബത്തിലാണെങ്കിലും മുസ്‍ലിം സമുദായത്തിനൊപ്പമായിരുന്നു വളർന്നത്. എങ്കിലും ഒരു തരത്തിലും ജാതിയും മതവും ഇല്ലാതെ വളരാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും മനോഹരമായി തോന്നുന്നത്. ജാതിയുടെ പേര് ചേർത്തുള്ള സുഹൃത്തുക്കൾ എന്നത് അന്നും ഇന്നും ചിന്തയിലില്ല. പേരുകളിലെ ജാതീയത നോക്കാതെയാണ് സുഹൃത്തുക്കളെ കണ്ടിരുന്നത്. സുഹൃത്തുക്കളും ഇതേപോലെയായിരുന്നു ചിന്തിച്ചിരുന്നത്. ഓരോ റമദാൻ കാലവും ഇവർക്കൊപ്പമായിരുന്നു. പെരുന്നാൾ ആഘോഷങ്ങളിലെ നിറം, സംഗീതം, ഭക്ഷണം എല്ലാം... എത്ര മനോഹരമാണത്.
മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും വലിയ ബന്ധം അന്തരിച്ച സംവിധായകർ ഷാനവാസ് നരണിപ്പുഴയോടാണ്. ഷാനുക്കയുടെ 'സൂഫിയും സുജാതയും' സിനിമയിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമക്കായി ഒരുപാട് യാത്രകൾ; പ്രത്യേകിച്ച് പള്ളികൾ, ഖബർസ്ഥാൻ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇതരമതസ്ഥനാണെങ്കിൽ പോലും വലിയ സ്വീകാര്യതയാണ് അവരിൽനിന്ന് ലഭിച്ചത് . ഒരുപാട് സിനിമകളിൽ ഷാനുക്കയുമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം വിട്ടുപിരിഞ്ഞെങ്കിലും കുടുംബവുമായി ഇന്നും വലിയ ആത്മബന്ധമാണുള്ളത്. ആ സിനിമയിൽ ‘അല്‍ഹംദുലില്ലാഹ്..തേടുന്നു പ്രാണൻ’ എന്നു തുടങ്ങുന്ന ബി.കെ. ഹരിനാരായൺ എഴുതിയ വരികൾക്ക് സംഗീതം നൽകാനും പാടാനും കഴിഞ്ഞു. അതിലെ ‘അല്‍ഹംദുലില്ലാ'യും 'നൂറുല്ലാ'യും മനയില്‍ ജനിച്ചുവളർന്ന എനിക്ക് സ്വാഭാവികമായിത്തന്നെ വഴങ്ങി. അവരോടൊപ്പം ജീവിച്ചുവളർന്ന സാഹചര്യമായിരിക്കാം മനോഹരമായ ഗാനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സുഹൃദ്‍വലയത്തിൽ ഉള്ള റഫീഖ് പെരുമുക്കുമായി ഇന്നും സൗഹൃദം നിലനിൽക്കുന്നു. മൂന്നു പേരിൽ ഒരു കണ്ണി വിട്ടുപോയെങ്കിലും എന്റെയും റഫീഖിന്റെയും ഓർമകളിൽ ഷാനുക്ക നിറഞ്ഞു നിലനിൽക്കുന്നു. സൗഹൃദങ്ങൾ നിലനിർത്താൻ കഴിയുന്നതു തന്നെ വലിയ ഭാഗ്യമാണ്.
ചെറുപ്പത്തിലെ നോമ്പുകാലം എന്നുപറയുന്നത് മാപ്പിള സ്കൂളിൽ പഠിച്ചതിനാൽ നേരത്തേ സ്കൂൾ വിടുന്നതും അവധിക്ക് പൂട്ടുന്നതുമെല്ലാമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കാലോ. പിന്നീടാണ് നോമ്പുകാലവും അതിന്റെ ആത്മീയതയും അനുഷ്ഠാനങ്ങളുമെല്ലാം പഠിക്കുന്നത്. അന്ന് നോമ്പുതുറയെന്നാണ് കേട്ടിട്ടുള്ളത്. ഈയടുത്ത കാലത്താണ് ഇഫ്താർ എന്ന പേര് കേട്ടു തുടങ്ങിയത്. എനിക്ക് തോന്നുന്നത് ഗൾഫ് മേഖലയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ്. ഇതിൽ ഏറ്റവും വലിയ രസം, ഞാൻ ചെറുപ്പത്തിലേ സസ്യഭുക്കാണ്. മാംസാഹാരം ശീലിച്ചിരുന്നില്ല. നോമ്പുതുറ, വിവാഹം, മറ്റാഘോഷങ്ങൾ എന്നിവക്കെല്ലാം ക്ഷണമുണ്ടാകും. അവിടെ നമുക്കായി പ്രത്യേകിച്ച് മനക്കലെ വീട്ടുകാർക്ക് സസ്യഹാരം തയാറാക്കി വെച്ചിട്ടുണ്ടാകും. ക്ഷണിക്കുമ്പോൾത്തന്നെ പറയും നിങ്ങക്കുള്ള ഫുഡ് വേറെ സെറ്റാക്കിയിട്ടുണ്ടെന്ന്. അത്തരം പരിപാടികൾക്ക് ക്ഷണിക്കുക, നമ്മളെ ഉൾപ്പെടുത്തുക, കൂടിച്ചേരുക എന്നതൊക്കെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. തിരിച്ചും നമ്മുടെ ആഘോഷങ്ങൾക്കും, ഓണസദ്യകളിലും പങ്കാളികളാകാൻ അവർക്കും വലിയ ആഹ്ലാദമാണ്. നേരത്തേ പറഞ്ഞതുപോലെ ഭക്ഷണം, സംഗീതം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ ഇതൊക്കെത്തന്നെയാണ് എല്ലാ സൗഹൃദങ്ങളുടെയും മൂലകങ്ങളെന്നാണ് തോന്നിയിട്ടുള്ളത്. നോമ്പുതുറയിലെ ഭക്ഷണത്തേക്കാൾ ഏറ്റവും രുചികരമായിട്ടുള്ളത് അവരുടെ സ്നേഹമാണ്. മധുര പാനീയങ്ങൾ, പഴവർഗങ്ങൾ മാത്രമാണ് ഞാൻ കഴിക്കാറ്. മറ്റു വിഭവങ്ങളുടെ രുചി വൈഭവങ്ങൾ കേട്ടറിവുകൾ മാത്രമാണ്. പക്ഷേ, നമ്മൾ അവിടെയെത്തുമ്പോൾ നമ്മളെ ചേർത്ത് പിടിച്ച് അവരിലൊരാളായി നമ്മളെ കാണുന്നുവെന്നതുതന്നെയാണ് ഏറ്റവും മനോഹരം.
തയാറാക്കിയത്: പ്രമേഷ് കൃഷ്ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.