പൊന്നാനി: 604 പേജിൽ 114 അധ്യായങ്ങൾ. രണ്ടടി നീളവും ഒന്നര അടി വീതിയും. 50 കിലോഗ്രാം ഭാരം. ഒരു വർഷത്തെ പ്രയത്നത്തിനൊടുവിലാണ് പൊന്നാനി സ്വദേശിയായ മുബാറക് മുസ്ലിയാർ ഇന്ത്യയിലെ തന്നെ ഏറ്റവും ഭാരമേറിയ ഖുർആൻ കൈയെഴുത്തു പ്രതി തയാറാക്കിയത്. കോവിഡ് കാലം പലരുടെയും സർഗവാസനകളെ പൊടി തട്ടിയെടുക്കാനുള്ള കാലമാക്കി മാറ്റിയെങ്കിൽ, മുബാറക് മുസ്ലിയാർ ചെലവഴിച്ചത് ഖുർആൻ പകർത്തിയെഴുതാനായിരുന്നു. സി.ഡി മാർക്കർ ഉപയോഗിച്ചാണ് മുഴുവനായും എഴുതി തീർത്തത്.
ആദ്യം നാല് പേജിൽ വരെ ഒരു ദിവസം എഴുതിയിരുന്നത് പിന്നീട് ഏഴ് പേജ് വരെയായി. ലോക്ഡൗൺ കഴിഞ്ഞതോടെ ദിനംപ്രതി ഒന്നോ രണ്ടോ പേജ് മാത്രമായി മാറി. ഒരു പേജ് എഴുതിത്തീർക്കാൻ ഒരു മണിക്കൂറാണ് വേണ്ടി വന്നത്. ഗിൽറ്റ് പേന ഉപയോഗിച്ച് കുട്ടികളും സഹായിച്ചതോടെ ഡിസൈനിങ്ങും പൂർത്തീകരിച്ചു. 2021 ജൂലൈ യിൽ ആരംഭിച്ച രചന ഈ വർഷം ജൂൺ 15നാണ് തീർന്നത്. ജീവിതത്തിലെ വലിയ സ്വപ്നമാണ് പൂർത്തിയായതെന്ന് മുബാറക് മുസ്ലിയാർ പറഞ്ഞു.
എടപ്പാൾ ദാറുൽ ഹിദായ അറബിക് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം മാറഞ്ചേരി താമലശ്ശേരി മദ്റസ അധ്യാപകനും എസ്.വൈ.എസ് കറുകത്തിരുത്തി പ്രസിഡന്റും എസ്.വൈ.എസ് പൊന്നാനി സർക്കിൾ വൈസ് പ്രസിഡൻറുമാണ്. ഖുർആൻ കൈയെഴുത്തു പ്രതിയുടെ പ്രകാശനം പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ തുറാബ് സഖാഫി തങ്ങൾക്ക് നൽകി നിർവഹിച്ചു. പൊന്നാനി മഖ്ദൂം എം.പി മുത്തുകോയ തങ്ങൾ, അബൂബക്കർ ഉസ്താദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.