പ്രാർഥനയുടെ പൊരുൾ

പറയുക: നിശ്ചയമായും എന്‍റെ നമസ്കാരവും ആരാധനാ കർമ്മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്- വി.ഖുർആൻ 6:162

ഈ ഖുർആനിക വചനം മനുഷ്യന്‍റെ സമ്പൂർണമായ സമർപ്പണം പ്രഖ്യാപിക്കലാണ്. പ്രാർഥനയുടെ മൂർത്തമായ രൂപമാണ് നമസ്കാരം. ജീവിതം തന്നെ നീണ്ട ഒരു പ്രാർഥനയാണ് എന്നത് സൂഫി ചിന്തകരുടെ ദർശനികമായ ഒരു കാഴ്ചപ്പാടാണ്. ജീവിതം മാത്രമല്ല മരണവും സാർഥകമാകുന്നത് പ്രാർത്ഥനയുടെ അഭൗമികമായ സ്വീകാര്യതയിലാണ്.

ഭൂമിയിൽ ഓരോ ദിവസവും ആയിരക്കണക്കിന് മനുഷ്യൻ പിറന്നു വീഴുന്നുണ്ട്; മനുഷ്യന്‍റെ ജീവിതാവശ്യങ്ങളുടെ പൂർത്തീകരണത്തിന് ധാരാളം ജീവജാലങ്ങളും പിറവിയെടുക്കുന്നുണ്ട്. പരസ്പരം ആശ്രയത്തിലും സഹകരണത്തിലും ജീവിക്കുക എന്ന തത്ത്വത്തിലാണ് ജീവജാലങ്ങളെയെല്ലാം സംവിധാനിച്ചിട്ടുള്ളത്.

മനുഷ്യന്‍റെ ജനനം മുതൽ മരണം വരെ നിരാശ്രയനായും ഒറ്റപ്പെട്ട അവസ്ഥയിലും ഭൂമിയിൽ ജീവിക്കുക അസാധ്യമാണ്. മനുഷ്യന് സഹജീവികളോടുള്ള ബന്ധം നിർണയിക്കുന്നത് ദൈവവും അവനും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ്. മനുഷ്യ ശരീരം എന്ന മഹാത്ഭുതം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും അപ്പുറത്തുള്ള ഒരു മഹാപ്രതിഭാസമാണ്.

മനുഷ്യൻ വിസ്മയിപ്പിക്കുന്ന ഘടനയോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ദൈവത്തിന് നന്ദിയുള്ള ദാസനായി ഭൂമിയിൽ ജീവിക്കാൻ പ്രേരകമാകേണ്ടതാണ്. പ്രാർഥന ആ നന്ദിയുടെ പ്രകാശനമാണ്. ദൈവസ്മരണയുടെ ശരിയായ വഴി പ്രകാശിതമാകുന്നത് പ്രാർഥനയിലൂടെയാണ്.

ഒരു മനുഷ്യന്‍റെ പ്രവർത്തനങ്ങൾ അഖിലവും ദൈവത്തിനു മുന്നിൽ ആരാധനയായി മാറുമ്പോഴാണ് അയാൾ ഒരു വിശ്വാസിയായി മാറുന്നത്. അഥവാ ഒരു വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളും ദൈവഹിതത്തിനെതിരെ ആവാതിരിക്കുക എന്നത് അവന്‍റെ പ്രാർഥനയാകണം. അപ്പോൾ ഓരോ നെടുവീർപ്പിലും ഈശ്വരാ, അല്ലാഹ് എന്ന് അന്തരംഗം പറയുന്നതുപോലും അവന്‍റെ പ്രാർത്ഥനയാകും. മനുഷ്യനിലെ മാനവികതയെ രൂപപ്പെടുത്തുന്നതിലും മനുഷ്യത്വത്തെ വിമലീകരിക്കുന്നതിലും പ്രാർഥനക്ക് വലിയ പങ്കുണ്ട്.

വിശ്വാസിയുടെ അന്തരികമായ ചൈതന്യം കുടികൊള്ളുന്നത് പ്രാർഥനയിലാണ് എന്ന് സാരം. മനുഷ്യൻ സകല ആവശ്യങ്ങൾക്കും പ്രപഞ്ചത്തെ ആശ്രയിക്കുന്നു. പ്രപഞ്ചം ദൈവത്തിന്റെ നിയന്ത്രണത്തിലാണുതാനും. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണി പ്രാർഥനയാണ് എന്നു വരുമ്പോൾ പ്രപഞ്ചത്തിന്‍റെ ഊർജ കേദാരം പോലും പ്രാർഥനയിലാണ് നിക്ഷിപ്തമായിട്ടുള്ളത് എന്ന് നമുക്ക് സമ്മതിക്കേണ്ടിവരും.

Tags:    
News Summary - The battle of prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.