മലപ്പുറം: രണ്ടര വർഷമായിട്ടും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ കേന്ദ്ര സർക്കാർ. 2019 മേയ് 24നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. ഇതിന് ശേഷം കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. എൽ.ജെ.പിയുടെ ലോക്സഭാംഗമായിരുന്ന ചൗധരി മെഹബൂബ് അലി കൈസറായിരുന്നു അവസാന ചെയർമാൻ. ഇതിനിടെ ഹജ്ജ് കമ്മിറ്റി മുൻ അംഗമായിരുന്ന ശൈഖ് ജിന നബിയെ ആക്ടിങ് ചെയർമാനായി ചുമതലപ്പെടുത്തിയിരുന്നു. 2020 ജൂൺ എട്ടിന് ഇദ്ദേഹവും സ്ഥാനമൊഴിഞ്ഞു.
1964ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപവത്കരിച്ചത് മുതൽ ഇത്രയും ദീർഘകാലം പുനഃസംഘടിപ്പിക്കാതിരുന്നിട്ടില്ല. പരമാവധി ആറ് മാസം വരെയാണ് ഇതിന് മുമ്പ് കമ്മിറ്റി അംഗങ്ങൾ ഇല്ലാതിരുന്നത്.
2020, 2021 വർഷങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ തീർഥാടകർക്ക് ഹജജിന് അവസരം ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷം ഇന്ത്യൻ തീർഥാടകർക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കമ്മിറ്റി നിലവിലില്ല.
ഹജ്ജ് ആക്ഷൻ പ്ലാൻ തയാറാക്കിയതും കമ്മിറ്റി ഇല്ലാതെയാണ്. 2022ൽ നിലവിലുള്ള ഹജ്ജ് നയത്തിെൻറ കാലാവധി അവസാനിക്കും. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയം രൂപവത്കരിക്കേണ്ടതുണ്ട്.
ഇതിനുള്ള പ്രവർത്തനങ്ങളും കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടക്കുക. നിലവിലെ സാഹചര്യത്തിൽ ഹജ്ജ് കമ്മിറ്റി പുനഃസംഘടന കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നതിനാൽ ഇൗ നടപടികളും നീളും.
കമ്മിറ്റിയുടെ കാലാവധി അവസാനിച്ചാൽ പുനഃസംഘടിപ്പിക്കുകയും 45 ദിവസത്തിനകം ചെയർമാൻ, ൈവസ് ചെയർമാൻ എന്നിവരെ തെരഞ്ഞെടുക്കുന്നതുമാണ് രീതി. മൂന്ന് പാർലമെൻറ് അംഗങ്ങൾ, കഴിഞ്ഞ മൂന്ന് വർഷം കൂടുതൽ തീർഥാടകരുള്ള സംസ്ഥാനങ്ങളുടെ മൂന്നു പ്രതിനിധികൾ, ആറ് മേഖലകളിൽനിന്നായി ഒാരോ അംഗങ്ങൾ, കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്ന ഏഴ് പേർ എന്നിവർ ഉൾപ്പെടുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. കേന്ദ്ര ഹജ്ജ് കാര്യ മന്ത്രാലയം, ആഭ്യന്തരം, ധനകാര്യം, വ്യോമയാനം എന്നീ വകുപ്പുകളുടെ ജോയൻറ് സെക്രട്ടറിമാരും അംഗങ്ങളാണ്. ഇതിൽ കേരളത്തിെൻറ പ്രതിനിധിയായി മുൻ അംഗം പി.കെ. അഹമ്മദിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നാമനിർദേശം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.