മരട്: കുഞ്ഞുപ്രായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി പത്തു വയസ്സുകാരന്. കളമശ്ശേരി എച്ച്.എം.ടി.കോളനി ചാലയ്ക്കപ്പറമ്പില് കുഞ്ഞുമോന്-റഹ്മത്തുന്നിസ ദമ്പതികളുടെ മകനായ നബ്ഹാന് കുഞ്ഞുമോനാണ് ഖുര്‍ആന്‍ 30 ജുസ്ഉം (114 അധ്യായങ്ങളും) മനഃപാഠമാക്കി വിസ്മയനേട്ടം കൈവരിച്ചത്. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള മാതാപിതാക്കളുടെ കഴിവ് കണ്ടറിഞ്ഞാണ് നബ്ഹാന് ഖുര്‍ആന്‍ വചനങ്ങളോടുള്ള അഭിനിവേശം കൈവന്നത്. ഏഴു വയസ്സുള്ളപ്പോള്‍ തന്നെ ഒരു ജുസുഅ് മനഃപാഠമാക്കി തന്റെ അഭിരുചി നബ്ഹാന് തെളിയിച്ചിരുന്നു. ഖുര്‍ആന്‍ നേരത്തേ തന്നെ മനഃപാഠമാക്കിയ സഹോദരന് യാസിറിന്റെ പഠന വൈഭവം ചുവടുവെച്ചാണ് നബ്ഹാന്റെ താല്പര്യപ്രകാരം തന്നെ ഖുര്‍ആന്‍ സ്വായത്തമാക്കിയത്.
കോവിഡ് മഹാമാരി കവര്‍ന്ന രണ്ടുവര്‍ഷങ്ങളിലെ ഇടവേളകള്‍ നഷ്ടമായില്ലായിരുന്നെങ്കില്‍ ഇതിലും നേരത്തേ ഈ നേട്ടം നേടിയെടുക്കാനാകുമായിരുന്നു. സഹോദരന് പത്താം ക്ലാസ് വിദ്യാർഥി യാസിര്‍ കുഞ്ഞുമോനും കഴിഞ്ഞ വര്‍ഷം തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. ഈ ചുവടുവെച്ചാണ് തൊട്ടുപിറകെ തന്നെ കഴിഞ്ഞ ദിവസം ഖുര്‍ആനിലെ 30 ജുസ്ഉം മനഃപാഠമാക്കിയ നേട്ടം നബ്ഹാനും കൈവരിച്ചത്. തോട്ടപ്പിള്ളി പീസ് ഇന്റര്‍നാഷനല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നബ്ഹാന്. ഏകദേശം രണ്ടു വര്‍ഷത്തെ കാലയളവാണ് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കാന്‍ വേണ്ടിവന്നത്.
എറണാകുളം ബ്രോഡ്വേ മസ്ജിദ് ഇമാം നിസാര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള നെട്ടൂര്‍ മസ്ജിദുന്നൂര്‍ മദ്റസ കലിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇരുവരും ഖുര്‍ആന്‍ പഠിച്ചത്. സഹോദരന് യാസിര്‍ പഠിക്കുന്നതിനോടൊപ്പം തന്നെ പഠിക്കണമെന്ന വാശിയാണ് നബ്ഹാനെയും നെട്ടൂരിലെ സ്ഥാപനത്തില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള തീരുമാനത്തില്‍ മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നത്.
ഭാവിയിലും ഭൗതിക മേഖലയില്‍ ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തന്നെ ആത്മീയ മേഖലയിലും മികച്ച നേട്ടം കൈവരിക്കുന്നതിനും അറബിഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം നേടിയെടുക്കാന്‍ ഇരുവരെയും പ്രാപ്തരാക്കുക എന്നതാണ് പിതാവെന്ന നിലയില്‍ തന്റെ ആഗ്രഹമെന്ന് കുഞ്ഞുമോന് പറഞ്ഞു. ഒരേ കുടുംബത്തില്‍നിന്നു തന്നെ രണ്ടുപേരും ഖുര്‍ആന്‍ മനഃപാഠമാക്കിയതില്‍ അഭിമാനമുണ്ടെന്ന് ഗുരുനാഥനായ നിസാര്‍ മൗലവി പറഞ്ഞു. റമദാന് ശേഷം എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സനദ് ദാന സമ്മേളനത്തില്‍ മികച്ച പഠനം പൂര്‍ത്തിയാക്കിയതിനുള്ള അനുമോദനം നല്‍കാനാണ് മദ്റസ അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.